ഗർഹ്യമായ നടത്ത
ദിവാൻ മി. പി. രാജഗോപാലാചാരി തിരുവിതാംകൂർ സംസ്ഥാനത്തിൽ മന്ത്രിസ്ഥാനം കൈയേറ്റതിന്റെ ശേഷമായി, ഈ നാട്ടിലെ സദാചാരബോധത്തിന്, മുമ്പ് യാതൊരു ദിവാൻജിയുടെയും കാലത്ത് ഉണ്ടായിട്ടില്ലാത്തവിധത്തിൽ വൈകല്യം തട്ടീട്ടുണ്ടെന്നു ഞങ്ങൾ ഒന്നിലധികം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പറയേണ്ടിവന്ന സന്ദർഭങ്ങളൊക്കെയും, മി. ആചാരിയുടെ നടത്തയെക്കുറിച്ച് ബഹുജനങ്ങൾക്ക് രോഷമുണ്ടാകത്തക്കവണ്ണം അദ്ദേഹം സദാചാരത്തിൽനിന്ന് വ്യതിയാനം ചെയ്തതുനിമിത്തം ജനങ്ങൾ ക്രുദ്ധിച്ചു വശമായ സന്ദർഭങ്ങളായിരുന്നു എന്ന് വായനക്കാർ പലരും അറിഞ്ഞിരിക്കയില്ലാ. ഒരു നാട്ടിലെ മന്ത്രി സാധാരണ സർക്കാരുദ്യോഗസ്ഥന്മാരേക്കാൾ തുലോം ഉയർന്ന മാതൃകാസ്ഥാനത്തോടുകൂടിയവനാണെന്നും, മന്ത്രിമാർ ജനങ്ങൾക്ക് കണ്ടുപഠിക്കേണ്ട ഉത്തമഗുണങ്ങളോടുകൂടിയവരായിരിക്കേണ്ടതാണെന്നും, ഈ ഗുണങ്ങളിൽ മുഖ്യമായത് മന്ത്രിമാരുടെ നടത്തയാണെന്നും ഗ്ലാഡ്സ്റ്റൻ മുതലായ മഹാന്മാരുടെ ജീവിതവൃത്തിയെയും ഇംഗ്ലീഷ്ജനതയുടെ അഭിപ്രായഗതികളെയും ഉദാഹരിച്ചുകൊണ്ട് ഞങ്ങൾ ഇതിനുമുമ്പ് പ്രസംഗിച്ചിട്ടുണ്ട്. അക്കാലങ്ങളിൽ, മി. ആചാരിയുടെ നടത്തയെ സാധൂകരിക്കുന്നതിന് പത്രധർമ്മച്ചെപ്പടിവിദ്യകാൾ നിപുണന്മാരായ ചില സഹജീവികൾ മുന്നോട്ടു ചാടിവന്ന് മി. ആചാരിയുടെ ന്യൂനതകൾ അദ്ദേഹം ഒരു മനുഷ്യനായിട്ടുമാത്രം വന്നിട്ടുള്ള ന്യൂനതകളാണെന്നും മറ്റും വ്യപദേശം ചെയ്തിരുന്നു. ഇത്തരം ഒരു വ്യപദേഷ്ടാവായിരുന്ന കോട്ടയത്തെ 'മലയാളമനോരമ'യുടെ ഈ 'മനുഷ്യ'നെ മറ്റു മനുഷ്യരുടെ കൂട്ടത്തിൽ നിറുത്താതെ, മന്ത്രിസ്ഥാനത്തു പിടിച്ചിരുത്തിയത്, സാധാരണമനുഷ്യരെക്കാൾ ഉയർന്ന നിലയിൽ നടക്കേണ്ടതിന് ചുമതലപ്പെട്ട ഒരു ജോലിയെ നിർവ്വഹിക്കുവാൻ പരീക്ഷാബിരുദയോഗ്യതകൊണ്ടും മറ്റും മി. ആചാരിക്ക് അർഹതയുണ്ടായിരിക്കുമെന്നു കരുതീട്ടായിരിക്കണമെന്ന്, സമ്മതിക്കാതെ കഴികയില്ലാ. എന്നാൽ 'മലയാളമനോരമ'യുടെ ഈ 'മനുഷ്യൻ' മനുഷ്യർക്ക് ഈശ്വരനാൽ ദത്തമായിട്ടുള്ള ആത്മനിയന്ത്രണശക്തിയെയും ആത്മജ്ഞത്വത്തെയും ആത്മാഭിമാനത്തെയും വെടിഞ്ഞ് കേവലം മൃഗങ്ങൾക്ക് ഉചിതങ്ങളായ ആവേശങ്ങൾക്കു വശപ്പെട്ട് അസന്മാർഗചേഷ്ടകളെ കാണിക്കുന്നു എന്നു വന്നാൽ, അങ്ങനെയുള്ള ഒരു മനുഷ്യന്റെ ന്യൂനതയെ വ്യപദേശിക്കുന്നതിന് 'മലയാളമനോരമ'യ്ക്ക് ലജ്ജയില്ലായ്മയുണ്ടായിരിക്കാമെങ്കിലും, സദസദ്വിവേചന ശക്തിയുള്ള അന്യന്മാർ അതിനെ സഹിക്കയില്ലെന്നതു നിസ്സംശയംതന്നെയാണ്. മി. ആചാരി തന്റെ നിലയെയും, തന്റെ വിദ്യാഭ്യാസഗുണത്തെയും, താൻ ഒരു ധർമ്മരാജ്യ