താൾ:Ente naadu kadathal.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു(9) മുൻ ഏഴാം വകുപ്പിൽ പറയും പ്രകാരം ഉള്ള രാജദ്രോഹകരമോ, പ്രക്ഷോഭജനകമോ, ഭീഷണമോ, മറ്റോ വ്യഥാജനകമോ ആയ വാക്കുകളടങ്ങിയ വർത്തമാന പത്രമോ പുസ്തകമോ, അഞ്ചലിലയക്കാൻ കൊണ്ടുപോയി പെട്ടിക്കുള്ളിലിടുകയോ, വായിക്കുകയോ ചെയ്യുന്ന യാതൊരുവന്നും, അതു കണ്ടുപിടിച്ചാൽ, കൊരടാവുകൊണ്ട് അടിമുതൽ മുടിവരെ നൂറു പ്രഹരമോ, കൈകാലുകളിൽ ഇരുമ്പുകോൽ പഴുപ്പിച്ച് അമ്പതുചൂടോ, രണ്ടു കൂടെയോ, ശിക്ഷ വിധിക്കുന്നതാകുന്നു.

(10) യാതൊരു അച്ചടി ശാലയേയും വർത്തമാനപത്രത്തേയും ഈ റെഗുലേഷന്റെ നിബന്ധനകളിൽ നിന്ന് ഒഴിവാക്കുവാൻ നമ്മുടെ ദിവാൻജിക്കു അധികാരമുള്ളതാകുന്നു.

നാലാം വകുപ്പിൽ കൂട്ടിച്ചേർപ്പാൻ

(ഡി) ദിവാൻജി- എന്നാൽ, നമ്മുടെ അധീനതയിലിരിക്കുന്ന സംസ്ഥാനത്തെ ഭരിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്മാരിൽ എക്സിക്യൂട്ടീവ് (കർമ്മാധികാര)മേലാവാകുന്നു.

ജ്ഞാപകം- എക്സിക്യൂട്ടീവ് മേലാവായിട്ട് സ്ഥിരലാവണത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥനൊഴികെ, ദിവാൻ കാര്യവിചാരത്തിനായി തൽക്കാലത്തേക്കു നിയോഗിക്കുന്ന അഫീഷ്യേറ്റിംഗ് ദിവാൻ ദിവാൻജിയായി ഗണിക്കപ്പെട്ടുകൂടാ.

ഉദാ:- സ്ഥിരം ദിവാനായ ഏ-യ്ക്കു പകരം തൽക്കാലം കാര്യവിചാരം ചെയ്യുന്ന അഫീഷ്യേറ്റിംങ് ദിവാനായ സീനിയർ ദിവാൻ പേഷ്ക്കാർ ദിവാൻജിയല്ല.

(ഇ) 'കൊട്ടാരം സേവൻ'- എന്നാൽ മഹാരാജാവു തിരുമനസ്സിലെ അരമനയെ സേവിക്കുന്നവനും, തിരുമനസ്സറിയാതെ അരമനയിലെ മുതലിനെ ചൂഷണം ചെയ്യുന്നവനും, രാജ്യകാര്യങ്ങളിൽ സ്വപ്രഭാവത്തെ പ്രയോഗിക്കുന്നവനും ആയ ജീവനക്കാരൻ ആകുന്നു.

ജ്ഞാപകം- 'അവൻ' എന്നതിന്ന് ഉപലക്ഷണയാണ് 'അവൾ' എന്നും അർത്ഥമാകുന്നു.

(എഫ്) 'മാതൃകാ ഉദ്യോഗസ്ഥൻ'- എന്നാൽ ദിവാൻജിയാൽ കാമിതങ്ങളായുള്ളവയെല്ലാം ശരിയായി സാധിച്ചുകൊടുക്കുന്ന സർക്കാർ ജീവനക്കാരൻ എന്നർത്ഥമാകുന്നു. പൊതുജനഹിതത്തെ മാത്രം ദീക്ഷിക്കുന്ന സർക്കാർ ജീവനക്കാരൻ അല്ല. ⚫

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/26&oldid=158992" എന്ന താളിൽനിന്ന് ശേഖരിച്ചത്