താൾ:Ente naadu kadathal.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വിരുദ്ധമായ മറ്റു അകൃത്യങ്ങൾ പ്രവർത്തിച്ചും പാപക്കുണ്ടിൽ പതിച്ചിരിക്കുന്നവരാണ്. അവർക്കാണ് കാരാഗൃഹവാസം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അവർ രമ്യഹർമ്മ്യങ്ങളിലോ രാജസദനങ്ങളിലോ മറ്റോ പാർക്കുന്നതായി ഇതരന്മാർക്കു തോന്നുന്നുണ്ടായിരിക്കുമെങ്കിലും അവ അവരുടെ കാരാഗൃഹങ്ങളാകുന്നു. ധർമ്മം, സത്യം മുതലായ സൽപ്രമാണങ്ങളെ ജീവിത മാതൃകകളായി ഗ്രഹിച്ച് അധർമ്മം, അസത്യം മുതലായവയെ വർജ്ജിക്കുന്നവർക്ക്, ഏതു കാരാഗൃഹവും കാരാഗൃഹമാകയില്ല. പാപം ചെയ്ത മനസ്സിനേ ചുറ്റുമുള്ള ചുമരുകളുടെ മദ്ധ്യേ കാരാഗൃഹത്തെ ശങ്കിക്കുവാൻ സംഗതിയുള്ളൂ. അത്രയുമല്ല, ഈ ഭൂലോകത്തെ ഏതു ഗവണ്മെന്റിനും ഒരുവന്റെ ശരീരത്തെയല്ലാതെ, മനസ്സിനെ തടവിലിടുവാൻ അധികാരമില്ല, ശക്തിയുമില്ല. ഈശ്വരനെ കല്ലും മരവുമല്ലാതെ ധർമ്മം, സത്യം മുതലായവയുടെ സങ്കേതമായ പരബ്രഹ്മമായി ധ്യാനിക്കുന്നവർക്കു ശരീരം നിസ്സാരവും, ആത്മാവിനെ അധർമ്മങ്ങളുടെ കേളീരംഗമായ ഭൂമിയിൽനിന്ന് നാടുകടത്തുന്നത് എത്രയോ ആനന്ദപ്രദവും ആകുന്നു. അതിനാൽ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ കീർത്തിയെ ഹനിച്ചിരിക്കുന്ന രാജസേവന്മാരുടെ അഴിമതികളുടെ നേർക്കുള്ള പ്രതിരോധത്തിൽ, അവരുടെ ആശ്രിതന്മാരായ ഉദ്യോഗസ്ഥന്മാരിൽ നിന്നോ മറ്റോ നേരിടാവുന്ന വിപത്തുകൾ എനിക്കു ഭീഷണങ്ങളല്ലാ. ഞാൻ ഇതേവരെ ഒരു രാജദ്രോഹവും പ്രവർത്തിച്ചിട്ടില്ല, പ്രസംഗിച്ചിട്ടുമില്ല. വിചാരിച്ചിട്ടുമില്ല. അഴിമതിക്കാർക്കു വിരോധമായി വർത്തിക്കുന്നതു രാജദ്രോഹവുമല്ല. എന്നെ രാജദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണമെന്ന് ദുർഭാഷണം ചെയ്തു നടക്കുന്നവരുടെ പ്രകൃതിവിരുദ്ധങ്ങളായ കർമ്മങ്ങൾ മനോരമ്യങ്ങളായിരിക്കട്ടെ: അവ എന്നെ ബാധിക്കുകയില്ല. അവ അവർക്കുതന്നെ കണ്ഠപാശമായി തീരുകയേ ഉള്ളൂ. ⚫

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/22&oldid=158988" എന്ന താളിൽനിന്ന് ശേഖരിച്ചത്