Jump to content

താൾ:Ente naadu kadathal.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ആശ്ചര്യപ്പെടുകയും, വ്യസനിക്കുകയും ചെയ്തിരിക്കാനിടയുണ്ട്. ഈ 'ചങ്ങാതിമാരും' അവരുടെ ചങ്ങാതിമാരും ഇത്ര വളരെ കുതൂഹല കോലാഹലം കൂട്ടിയപ്പോൾ, അങ്ങിനെയൊരു സംഗതി സംഭവിച്ചിട്ടുണ്ടോ എന്ന് വിചിന്തനം ചെയ്യാതെ, എരിതീയിൽ ചാടിയ ശലഭങ്ങളുടെ പദത്തെ പ്രാപിക്കുവാൻ, ഇടയായത് സ്പൃഹണീയം തന്നെയാണ്. തിരുവിതാംകൂർ ഗവണ്മെന്റ് എന്നെ നാടുകടത്താൻ തീരുമാനിച്ചിട്ടില്ല എന്ന് മാത്രമല്ല, അ‌ങ്ങിനെ ഒരു കല്പനയ്ക്ക് ഹേതുവായി ഞാൻ ഒന്നും പ്രവർത്തിച്ചിട്ടുമില്ല! ഈ പരമാർത്ഥം ആദ്യമേ മനസ്സിലാക്കുവാൻ കഴിയാതിരുന്ന ഈ ചങ്ങാതികൾക്ക് നല്ല പ്രജ്ഞയുണ്ടായപ്പോൾ തങ്ങളുടെ ഉന്മത്ത പ്രലപനങ്ങളെ തിരിയെ രക്ഷിക്കേണ്ടിവന്നതിൽ അവരുടെ ദയനീയാവസ്ഥയെപ്പറ്റി ഞാൻ നിർവ്യാജം സഹതപിക്കുന്നു.

എന്നെ നാടുകടത്താൻ തക്കവണ്ണം ഞാൻ എന്താണ് പ്രവർത്തിച്ചിട്ടുള്ളത്? ഈ 'ചങ്ങാതികൾ' പറയുന്നത് എൻറെ പത്രത്തിലെ ചില ലേഖനങ്ങൾ ഈയിടെ രാജഭക്തിയെ ഇല്ലായ്മ ചെയ്യുന്നവയായിരിക്കുന്നുവെന്നാണ്. ഏതു ലേഖനമാണ്, ഏതു വാചകമാണ് ഈ കുറ്റത്തെ ദ്യോതിപ്പിക്കുന്നതെന്ന് ഇവരാരും നിർമ്മൽസരമായും വ്യക്തമായും ചൂണ്ടിക്കാണിക്കുന്നില്ല. 'തിരുവിതാംകൂർ നവീകരണം' എന്ന തലവാചകത്തിൻ കീഴിൽ, ഈ പത്രത്തിൽ ഒരു ഉപന്യാസ പരമ്പര ഞാൻ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ മഹാരാജാവിൻറെയോ ഗവണ്മെൻറിൻറെയോ പേരിൽ ജനങ്ങൾക്ക് അപ്രീതി ജനിപ്പിക്കുയോ വളർക്കുകയോ ചെയ്യുന്നതായി യാതൊരു സംഗതിയും നിർമ്മൽസരന്മാർക്കു കാണുവാൻ ഉണ്ടാകയില്ലെന്ന് എനിക്ക് നല്ല ബോധമുണ്ട്. മഹാരാജാവു തിരുമനസ്സിലെ കൊട്ടാരത്തിൽ പാർത്തുകൊണ്ട്, സർക്കാരുദ്യോഗങ്ങൾ വിലയ്ക്കുവിറ്റും കൊട്ടാരത്തിലെ മുതലുകൾ കവർന്നും അന്യായമായി ധനാർജനം ചെയ്തും ഈ ധർമ്മരാജ്യത്ത് അധർമ്മത്തിന്റെ വിജയപതാകയെ നാട്ടുവാൻ ഉദ്യമിച്ചിരിക്കുന്ന രണ്ടു സേവകന്മാരെയും അവരുടെ ആശ്രിതന്മാരായ ഉദ്യോഗസ്ഥന്മാരെയും, ഇവരുടെ അഴിമതികൾ നിമിത്തം നാട്ടുകാർക്ക് ഉണ്ടായിട്ടുള്ളതും ഉണ്ടാകുന്നതും ഉണ്ടാകാവുന്നതും ആയ കഷ്ടനഷ്ടങ്ങളെയും മേൽപ്പടി ലേഖന പരമ്പരയിൽ പ്രതിപാദിച്ചിട്ടുള്ളത് രാജദ്രോഹമാണെങ്കിൽ, ആ രാജദ്രോഹം ഈ സംസ്ഥാനത്തിലെ എന്നല്ല, ഇന്ത്യാമഹാരാജ്യത്തിലെയും ശിക്ഷാനിയമത്താൽ പരികൽപിക്കപ്പെട്ടിട്ടില്ലെന്ന് ഞാൻ നല്ലവണ്ണം അറിയുന്നുണ്ട്. ഇവരുടെ അക്രമങ്ങളെപ്പറ്റി പറയുന്നത് രാജദ്രോഹമാണെങ്കിൽ, ഇവർ രാജഭരണകീർത്തിയെ മലിനപ്പെടുത്തുമാറു ചെയ്യുന്ന ജനദ്രോഹ കർമ്മങ്ങൾ മേൽപ്പറഞ്ഞ ചങ്ങാതിമാരുടെ ദൃഷ്ട്യാ, രാജഭക്തിയുടെ പ്രകടനങ്ങളായിരിക്കണം. അത്തരത്തിലുള്ള രാജഭക്തിയിൽ ഞാൻ ലുബ്ധൻ തന്നെ എന്നു സമ്മതിക്കുന്നു. അഴിമതിക്കാരായ രാജസേവകന്മാരുടെ അക്രമങ്ങൾ കൊണ്ടു ജനതയ്ക്കുള്ള സങ്കടങ്ങളെ പറയുന്നത് രാജദ്രോഹമാണെങ്കിൽ അത്തരത്തിലുള്ള രാജദ്രോഹത്തിന്നു ഞാൻ ദണ്ഡനാർഹൻ തന്നെ. എന്നാൽ ഈ സംസ്ഥാനത്തെ അധിപതിയായ മഹാരാജാവു തിരുമനസ്സിലെ പേരിലുള്ള ഭക്തിയിൽ ഞാൻ അന്യൂനനാണെന്നും മഹാരാജാവിൻറെ പേരിൽ ദ്രോഹബുദ്ധി എൻറെ പത്രത്തിലുള്ള യാതൊരു ലേഖനത്തിലും സ്ഫുരിക്കുന്നതിന്നു സംഗതിയില്ലെന്നും ഞാൻ ഉറപ്പുപറയുന്നു. എൻറെ ദൈവം കല്ലും മരവുമല്ലാ; എൻറെ രാജാവ് അഴിമതിക്കാരായ രാജസേവകന്മാരുമല്ലാ. എന്നെ നാടുകടത്തുന്നത് രാജ സേവന്മാരുടെ പേരിൽ ഭക്തിയില്ലെന്ന കുറ്റത്തിനാണെങ്കിൽ ആ ശിക്ഷാനിയമം ആ സേവന്മാരുടെ മനോരാജ്യത്തിൽ നടപ്പാക്കപ്പെട്ടിട്ടുള്ള വകയായിരിക്കാം, തിരുവിതാംകൂർ രാജ്യത്തിലെ ശിക്ഷാനിയമപ്രകാരമായിരിക്കയില്ല. അല്ലെങ്കിൽ തന്നെ, നാടുകടത്തൽ, കാരാഗൃഹം മുതലായ ശിക്ഷകളെ ഭയപ്പെടേണ്ട ആവശ്യം എനിക്കില്ല. ഞാൻ എൻറെ രാജ്യത്തിലെ നിയമത്തെ ലംഘിക്കുന്നില്ല. ആ ശിക്ഷകളെ ഭയപ്പെടേണ്ടവർ, കൊട്ടാരങ്ങളിൽ കൊലപാതകം ചെയ്തും, സാധുജനങ്ങളുടെ ധനാപഹരണം ചെയ്തും, യജമാനന്മാരെ ദ്രോഹിച്ചും ഈശ്വര സങ്കൽപ്പത്തിന്നു

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/21&oldid=152490" എന്ന താളിൽനിന്ന് ശേഖരിച്ചത്