അവർക്കു കോഴ നല്കി ഉദ്യോഗം വിലയ്ക്കു വാങ്ങുന്നതും, സേവകഭക്തിയായിരിക്കാം; ഒരിക്കലും രാജഭക്തിയായിരിക്കയില്ലാ. രാജധർമ്മത്തെ അനുഷ്ഠിക്കുവാൻ സമ്മതിക്കാത്ത ഈ സേവകന്മാർ, രാജദ്രോഹികൾ ആണെന്ന് ഏവരും സമ്മതിക്കുമല്ലോ. അവരെ സഹായിക്കുന്നവരും, ധൈര്യപ്പെടുത്തുന്നവരും രാജദ്രോഹികൾ അല്ലെന്ന് എങ്ങനെ വരുമെന്ന് അവർതന്നെ പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു.
സർക്കാരുദ്യോഗങ്ങളെ വിലയ്ക്കു വില്ക്കുന്നതും, വാങ്ങുന്നതും രാജദ്രോഹമല്ലെങ്കിൽ അങ്ങനെയുള്ള പ്രവൃത്തികളെ പരസ്യമായി പറയുന്നത് എങ്ങനെ രാജ്യദ്രോഹമായി പര്യവസാനിക്കുമെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ലാ. സ്വവർഗ്ഗോന്നതിക്കായി സമാജങ്ങളെ ഏർപ്പെടുത്തി രാജ്യത്തിന്റെ ഏകയോഗക്ഷേമത്തെ ദുഷിപ്പിക്കുന്നതു രാജ്യഭക്തിയോ രാജഭക്തിയോ ആയിരിക്കുമോ? പഠിപ്പുള്ളവർ സത്യത്തെയും, ന്യായത്തെയും, ധർമ്മത്തെയും കൈവെടിഞ്ഞു രാജസേവകപാദങ്ങളിൽ കാണിക്കയിടുന്നതും, ആ സേവകസേവയെ പ്രമാണമാക്കി ഉദ്യോഗധർമ്മത്തെ വ്യഭിചരിക്കുന്നതും, രാജ്യദ്രോഹമല്ലെങ്കിൽ മറ്റെന്താണ്? എന്നാൽ ഇവർ സ്വാർത്ഥങ്ങളെ നേടുന്നവരായിട്ട് ദുര്യെശസ്സിനെ സമ്പാദിക്കുന്നതിൽ ഞങ്ങൾക്കു മനഃസ്താപമില്ലാതില്ലാ. ഇവരെ കണ്ടു പഠിക്കേണ്ട രാജ്യസന്താനങ്ങൾ ദുഷിച്ചു പോകുന്നതിൽ അതിയായ ഖേദം എല്ലാ രാജ്യഭക്തന്മാർക്കും ഉണ്ടാകുന്നതാണ്. രാജ്യഭക്തി, സ്വവർഗ്ഗപ്രതിപത്തിയെ പ്രമാണമാക്കി സമാജങ്ങളെ ഏർപ്പെടുത്തി സ്വൈര്യമായ രാജ്യത്തിന്റെ ഏകയോഗക്ഷേമത്തെ ധ്വംസനം ചെയ്യുന്നതല്ലാ. ആ രാജ്യഭക്തി, ദുർമ്മോഹികളും ദുരഹങ്കാരികളുമായ രാജസേവകന്മാരെ സർവ്വ ചപലതകളെയും ഗോപനം ചെയ്യുന്നതിലും, വാഴ്ത്തുന്നതിലും അറിയുന്നത് ഏറ്റവും കഷ്ടതയല്ലയോ? ⚫