Jump to content

താൾ:Ente naadu kadathal.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കയും ചെയ്യുന്നതു നമ്മുടെ അനുഭവത്തിൽപ്പെട്ടതും പെടുന്നതും ആയ സംഗതികൾ ആകുന്നു. ഇങ്ങനെയുള്ള ഏതെങ്കിലും പ്രതിപത്തി കൂടാതെയുള്ള ദിവാൻജിമാർ, തിരുവിതാംകൂറിനു ലഭിക്കുന്നില്ലാ എന്നുള്ളതു തിരുവിതാംകൂറിന്റെ ദുർഭാഗ്യം തന്നെ. ദിവാൻജിമാർതന്നെ, അങ്ങനെയുള്ള പക്ഷപാതത്തിനു വശപ്പെടുമ്പോൾ മറ്റുദ്യോഗസ്ഥന്മാരുടെ നയം എന്തായിരിക്കുമെന്നു ഞങ്ങൾ പറയാതെതന്നെ വായനക്കാർ അറിയുമായിരിക്കും. ഈ നയം, ഇങ്ങനെ ഉദ്യോഗസ്ഥന്മാരുടെ പ്രതിരത്തീ-വിപ്രതിപത്തികളാൽ പോഷിപ്പിക്കപ്പെടുന്നതായി വരുമ്പോൾ, ന്യായത്തിനും, ധർമ്മത്തിനും വിഗതി അല്ലാതെ മറ്റെന്തുണ്ടായിരിക്കും? തിരുവിതാംകൂറിന്റെ യശസ്സിനെ മലിനപ്പെടുത്തുന്ന സംഗതികൾക്ക് ആധാരമായിട്ടു നില്ക്കുന്നത് ഈ ജാതിമത്സരമാകുന്നു. സർക്കാർ ഉദ്യോഗങ്ങളെ ഒരു വർഗ്ഗക്കാർക്കായി സ്വാധീനപ്പെടുത്തുവാനുള്ള യത്നങ്ങളിൽ അവർ കൈക്കൂലി വാങ്ങുവാനും കൈക്കൂലി കൊടുക്കുവാനും തയ്യാറാകുന്നതിൽ എന്താണു വിസ്മയം? ഇവരുടെ ജാതിസ്പർദ്ധയാണ് തിരുവിതാംകൂറിൽ രാജസേവകപ്രതാപം നിലനില്ക്കുന്നതിനു പ്രധാന ഹേതുവായി നില്ക്കുന്നത്. രാജസേവകന്മാരോ ആ തരത്തെ നോക്കിയുംകൊണ്ട് തങ്ങൾക്ക് കോഴകൊടുക്കുവാൻ തയ്യാറുള്ളവരെ, സഹായിക്കുവാൻവേണ്ടി എന്തും പ്രവർത്തിക്കുവാൻ ഒരുങ്ങിയിരിക്കുന്നവരാണ്. അവർ പറയത്തക്ക വിശ്വാസമോ, ലോകപരിചയമോ, സൽസംസർഗ്ഗമോ ഇല്ലാതെ രാജസന്നിധിയിൽ സദാ സേവിക്കുന്നവരായി പല ഛിദ്രങ്ങളെ നാട്ടിൽ ഉത്പാദിപ്പിക്കയും, മന്ത്രിമാർക്കു ക്ലിഷ്ടതകളെ ഉണ്ടാക്കുകയും ചെയതിട്ട്, മദോന്മത്തരായിരിക്കുന്നു. അവർ അവർക്ക് അനർഹങ്ങളായ മാസപ്പടികളെ ലഭിക്കുന്നതുകൊണ്ടും തൃപ്തിപ്പെടുന്നില്ലാ. അവർ രാജമന്ദിരവാസവും രാജൈശ്വര്യാനുഭവങ്ങളും അപഹരിക്കുന്നവരായിട്ടും തൃപ്തിപ്പെടുന്നില്ലാ. അവരുടെ കുടുംബങ്ങൾക്കും രാജൈശ്വര്യങ്ങളെ നല്കി വരുന്നതുകൊണ്ടും തൃപ്തിപ്പെടുന്നില്ലാ. അവരുടെ ചാർച്ചക്കാർക്കു രാജ്യദ്രവ്യത്തെ അപഹരിക്കാനുള്ള സന്ദർഭങ്ങളെ നൽകുന്ന ജോലികളെ കൊട്ടാരങ്ങളിലും പുറമേയും, കൊടുക്കുന്നതുകൊണ്ടും, ആ സേവകന്മാർ തൃപ്തിപ്പെടുന്നില്ലാ. ഉദ്യോഗങ്ങളെ വിറ്റ് അങ്ങനെയും, ദ്രവ്യശേഖരം ചെയ്യുന്നതുകൊണ്ടും അവരുടെ ദ്രവ്യദുർമ്മോഹം തൃപ്തിപ്പെടുന്നില്ലാ. രാജസേവകന്മാർക്കു കോഴ കൊടുക്കാതെയോ, മറ്റുവിധത്തിൽ ആശ്രയിക്കുന്നതിനു മനസ്സില്ലാതെയോ ഉദ്യോഗകൃത്യത്തെ ശരിയായി നിർവഹിക്കുന്നവരെ പലവിധത്തിൽ മർദ്ദിച്ചിട്ടും ആ സേവകന്മാരുടെ ദുഷ്പ്രതാപം തൃപ്തിപ്പെടുന്നില്ലാ. ആ രാജസേവകന്മാരുടെ സർവ്വസുകൃതികളെയും വാഴ്ത്തുന്നതിനും, അവയെ അനുസരിക്കുന്നതിനും, അങ്ങനെ ചെയ്യുന്നതാണു രാജഭക്തി എന്നു നിലവിളി കൂട്ടിയുംകൊണ്ടു ചില വർത്തമാനപത്രങ്ങളെയും സ്വാധീനപ്പെടുത്തി, സേവകകൊടിക്കൂറയെ നാട്ടിൽ പറത്തുന്നതിനും കച്ചകെട്ടി പുറപ്പെട്ടിരിക്കുന്ന ഒരുവക വകതിരിവില്ലാത്ത കൂട്ടം സ്വാർത്ഥലാഭത്തിനായി അങ്ങനെ ചെയ്യാത്തവരെ ഉച്ചത്തിൽ ഭർത്സിക്കുന്നതിനു നിർല്ലജ്ജകരമായി പുറപ്പെട്ടിരിക്കുന്നതാണു ഞങ്ങൾക്ക് അനല്പമായ കൗതുകത്തെ നൽകുന്നത്. ആ കൂട്ടം ജനസാമാന്യത്തിന്റെ അനാദരണീയമായ ഭാഗം അല്ലാ. അവർ പാശ്ചാത്യവിദ്യാഭ്യാസം സ്വീകരിച്ചും വിരുതുകൾ നേടിയും നാട്ടിൽ പ്രബലന്മാരായിരിക്കുന്നവരാ​ണ്. അവർ അറിവില്ലാത്തവരല്ല. സത്യമെന്തെന്നും, ന്യായമെന്തെന്നും, ധർമ്മമെന്തെന്നും, രാജഭക്തി എന്തെന്നും അറിയാത്തവരല്ലാ. രാജസേവകന്മാരുടെ നീചകൃത്യങ്ങളെ പുച്ഛിക്കുവാൻ, ആദ്യമായി നാട്ടുകാരെ പഠിപ്പിച്ചത് ഈ ആളുകൾ ആണ്. അങ്ങനെ ചെയ്തതുകൊണ്ട് അവർക്കു രാജപ്രസാദമോ, സേവകപ്രസാദമോ ലഭിക്കുന്നില്ലെന്നുകണ്ട് അവരുടെ സ്വാർതഥപൂർത്തിക്കായി സേവകഭാഗത്തോടു ചാഞ്ഞുനില്ക്കുകയും ആ ഭാഗത്തെ സഹായിക്കുന്നതിനും, ധൈര്യപ്പെടുത്തുന്നതിനും ഒരുമ്പെട്ടിരിക്കയും ചെയ്യുന്നു എന്നതാണ് ഞങ്ങൾക്കു സഹതാപത്തെ നല്കുന്നത്. അതും പോകട്ടെ; സേകന്മാരുടെ കുസൃതികളെ തുറന്നുപറയുന്നതു രാജദ്രോഹമാണെന്നു ഘോഷിക്കുവാൻ ഇവർക്കു മടിയില്ലാത്തത് ആശ്ചര്യംതന്നെ. രാജസേവകന്മാരുടെ ചപലതകളെ താങ്ങുന്നതും

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/18&oldid=158984" എന്ന താളിൽനിന്ന് ശേഖരിച്ചത്