സ്വരാജ്യഭക്തി
വാസ്തവമായ രാജഭക്തിയെക്കുറിച്ചോ രാജ്യഭക്തിയെക്കുറിച്ചോ പ്രസ്താവിക്കുമ്പോൾ ചില പഴകാത്ത കാളകളുടെ മുമ്പിൽ ചുവന്ന കൊടിക്കൂറ കാണിക്കുന്നതുപോലെയുള്ള ക്ഷോഭങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. രാജഭക്തി കൂടാതെ രാജ്യഭക്തിയുണ്ടാകുന്നതല്ലെന്നും ഞങ്ങൾ മുമ്പേ പ്രസ്താവിച്ചുവല്ലോ. (ഒരു രാജ്യത്തിന്റെ ഏകയോഗക്ഷേമത്തിനെ ഉത്പാദിപ്പിക്കുന്നതിന്, ആ രാജ്യത്തിൽ നിവസിക്കുന്ന എല്ലാ ജനങ്ങളും ഏകോപിച്ചു പ്രവർത്തിക്കേണ്ടതാകുന്നു. എല്ലാ പരിഷ്കൃതരാജ്യങ്ങൾക്കും ഇപ്പോൾ മാതൃകയായി നില്ക്കുന്നത് ഇംഗ്ലീഷ് സാമ്രാജ്യമാകുന്നു.) അത്ര ശക്തിയോടുകൂടിയ ഒരു സാമ്രാജ്യം ഇതേവരെ ഉണ്ടായിട്ടില്ലെന്നുതന്നെ പറയണം. ആ സാമ്രാജ്യത്തിന്റെ ഭരണാധികാരം, പ്രജകളിൽ സ്ഥിതിചെയ്യുന്നു. ഇംഗ്ലീഷ് മന്ത്രിമാർ പ്രജകളുടെ പ്രതിനിധികളാകുന്നു. ഭരണകാര്യങ്ങളിൽ പ്രവേശിക്കുമ്പോൾ, ഇംഗ്ലീഷുകാർ പല കക്ഷികളായി പിരിഞ്ഞു മത്സരിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ ഏകയോഗക്ഷേമത്തിൽ അവർ മത്സരംവിട്ട് ഏകോപിച്ചു പ്രവർത്തിക്കുന്നവരാണ്. ഇംഗ്ലീഷ് സാമ്രാജ്യം നിലനില്ക്കുന്നതിന്റെ രഹസ്യവും ഇതിൽ അറിയാവുന്നതാണ്. രാജ്യാധികാരത്തെയും രാജാവിന്റെ വരവു ചെലവുകളെത്തന്നെയും നിർണ്ണയിക്കുന്നത് ഈ പ്രജാസഭയാകുന്നു. തിരുവിതാംകൂർ അങ്ങനെയുള്ള രാജ്യമല്ല. ഇവിടെ ദ്വിജന്മാർ, നായന്മാർ, ക്രിസ്ത്യാനികൾ, ഈഴവർ, പറയർ എന്നിങ്ങനെ പല ശാഖകളായി പ്രജകൾ പിരിഞ്ഞിരിക്കുന്നു. മറ്റ് രാജ്യഭരണകാര്യങ്ങളിൽ ഗവണ്മെന്റ് പക്ഷേ, ഈ ജാതിവ്യത്യാസത്തെ ഗണിക്കാറില്ലെങ്കിലും, ഓരോ ജാതിക്കാരും സമുദായങ്ങളെ വിട്ടു പ്രവർത്തിക്കുമ്പോൾ എങ്കിലും, മറ്റു ജാതിക്കാരോടു യോജിക്കുവാൻ തയ്യാറുള്ളവരല്ലാ. ഇവർ പ്രത്യേകം പ്രത്യേകമായി പിരിഞ്ഞ്, സമുദായപരിഷ്കരണത്തെ മാത്രം ഉദ്ദേശിക്കുന്ന ഭാവത്തിൽ ഭരണകാര്യങ്ങളിൽ പ്രബലത സിദ്ധിക്കുവാൻ പരിശ്രമിക്കുന്നു. മന്ത്രിമാർ സാധാരണ ദ്വിജന്മാരാണ്; അവർ ദ്വിജന്മാരോടുചേർന്ന് അവരെ പ്രോത്സാഹിപ്പിക്കുമ്പോൾ, ഇതരജാതിക്കാർ സ്പർദ്ധിച്ച് ക്ഷോഭിക്കയും, നായന്മാരോടുചേർന്ന് അവരെ അനുകൂലിക്കുമ്പോൾ ഇതരന്മാർ സ്പർദ്ധിച്ചു വശമാ