താൾ:Ente naadu kadathal.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


താണ്. 'സ്വദേശാഭിമാനി' പത്രാധിപരെ നാടുകടത്തുന്നതിനോ, മറ്റോ, തക്കവണ്ണം ഞങ്ങൾ യാതൊന്നും എഴുതീട്ടും പ്രവർത്തിച്ചിട്ടും ഇല്ലെന്ന് ഞങ്ങൾക്ക് നല്ല ബോധമുണ്ട്. രാജാധികാരത്തെ ആദരിക്കുന്ന വിഷയത്തിൽ, 'സ്വദേശാഭിമാനി' ഈശ്വരഭക്തിപ്രതിഷ്ഠിതവും മതവിശ്വാസോപക്ഷുബ്ധവും ആയ പ്രമാണത്തെ അനുവർത്തിക്കുന്നുണ്ടെന്നും ആ പരിശുദ്ധ പ്രമാണത്തിൽ നിന്ന് ഞങ്ങൾ വ്യതിചലിക്കുന്നതല്ലെന്നും ഞങ്ങളെപ്പറ്റി നല്ലവണ്ണം അറിയാവുന്നവർക്ക് ബോധമുണ്ടായിരിക്കാനിടയുണ്ട്. എന്നാൽ, ഞങ്ങളുടെ പ്രമാണം.. അതിന്റെ അക്ഷരങ്ങളെ മാത്രം സ്പർശിക്കുന്ന ബഹിർമാത്ര പ്രധാനമായ ഒരു പ്രകടനമല്ല; അതിന്റെ ആന്തരമായ ചൈതന്യത്തെയാണ് ഞങ്ങൾ ആദരിക്കുന്നത്. ഇതുനിമിത്തം തന്നെയാണ് ഞങ്ങൾ തിരുവിതാംകൂറിലെ രാജസേവകന്മാരുടേയും ഉദ്യോഗസ്ഥന്മാരുടേയും അഴിമതികളേയും അക്രമങ്ങളേയും പറ്റി തുടരെത്തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ അധർമ്മങ്ങളെ അധർമ്മങ്ങളെന്ന് അറിയുവാനും, ഇവയുടെ മൂലത്തെ ഛേദിപ്പാനും ഞങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത് ഞങ്ങൾ പ്രമാണമായി ധരിച്ചിട്ടുള്ള ധർമ്മത്തിന്റെ ചൈതന്യം തന്നെയാണ്. ഈ ചൈതന്യം ഞങ്ങളോടു കൂടി ജനിച്ചതല്ല, അത് ഈശ്വരചൈതന്യത്തിന്റെ അംശമെന്നോ, ഈശ്വരചൈതന്യംതന്നെയെന്നോ പറയുമ്പോൾ, അതിന്റെ ആദിയും അന്തവും എന്തെന്ന് വായനക്കാർക്ക് ഊഹിക്കാവുന്നതാണ്. ഈ ചൈതന്യം യാതൊരുവൻ മുഖേന അതാതു കാലങ്ങളിൽ പ്രകടിപ്പിക്കുന്നുവോ, അവനെ എന്തുതന്നെ പീഡിപ്പിച്ചാലും അവനെ നശിപ്പിച്ചാലും, ഇതിന്റെ ഉല്പത്തിയേയോ വ്യാപാരത്തേയോ നശിപ്പിക്കുവാൻ കഴിയുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. രാജസേവകന്മാരുടേയും സർക്കാർ ഉദ്യോഗൻസ്ഥന്മാരുടേയും അഴിമതി അക്രമങ്ങൾ ജനങ്ങളുടെമേൽ ഇനിയെങ്കിലും പതിക്കാതെയിരിക്കണമന്നുള്ള അഭിവാഞ്ഛയോടുകൂടി, ആ അധർമ്മങ്ങളെപ്പറ്റി, ഏറെക്കുറെ പരുഷമായിട്ടെങ്കിലും പ്രസ്താവിക്കുന്നത് രാജദ്രോഹമാണെന്നുള്ള വർത്തമാനം ഞങ്ങൾ ഇദംപ്രഥമായിട്ടാണ് കേൾക്കുന്നത്. ഞങ്ങൾ ബഹുമാനഭക്തിപൂർവ്വം ആദരിക്കുന്ന മഹാരാജാവിനെ മറന്നിട്ടാണ് ഈ അഴിമതിക്കാർ അധർമ്മങ്ങൾ പ്രവർത്തിച്ചുപോരുന്നതെന്ന് ഞങ്ങൾക്കു ബോധമുള്ളതിനാൽ, ഈ അധർമ്മികളെ നിന്ദിക്കുന്നത് രാജാധികാരത്തിന്റെ പവിത്രതയെ പരിപാലിക്കാനായുള്ള ഞങ്ങളുടെ അഭിലാഷത്തിന്റെ പ്രകടനമാണെന്ന് ഞങ്ങൾക്കു നിശ്ചയമുണ്ട്. ഇത് ഗവണ്മെന്റിന്റെ അധികാരത്തെ ധ്വംസിക്കയോ പ്രജകളുടെ ഉള്ളിൽ ഗവണ്മെന്റിനോട് ദ്വേഷം ജനിപ്പിക്കയോ ചെയ്യുന്ന കൃത്യമല്ലായ്കയാൽ, ഞങ്ങൾക്ക് ധർമ്മം ജയിക്കും എന്നുള്ള വിശ്വാസം നശിച്ചു പോയിട്ടില്ല. ഞങ്ങളുടെ പ്രവൃത്തി ഗവണ്മെന്റിനെ അപകടപ്പെടുത്തുന്നതല്ലെന്ന് ഗവണ്മെന്റിനു തന്നെ നല്ല ബോധമുള്ള സ്ഥിതിക്ക് ഞങ്ങളുടെ സഹജീവികൾ നിരുത്തരവാദികളായി അവാസ്തവങ്ങളും അസംബന്ധങ്ങളും പ്രലപിച്ച് തന്നത്താൻ കൊലമാല ധരിക്കുന്നതിന്റെ ഔചിത്യവും ആവശ്യവും എന്തെന്ന് ഞങ്ങൾ അറിയുന്നില്ല. ഇപ്പോഴത്തെ കാലസ്ഥിതിയെപ്പറ്റി ഞങ്ങൾ അറിയായ്കയില്ല; ഈ വിഷയത്തിൽ ഞങ്ങളുടെ സഹജീവികൾ ഉപരിജ്ഞാനമുള്ളവരെന്ന് അഭിനയിച്ച് ഞങ്ങളെ ഉപദേശിക്കേണ്ടതും ഇല്ലായിരുന്നു. രാജദ്രോഹകരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുവാൻ ശ്രദ്ധവയ്ക്കേണ്ടത് പത്രപ്രവർത്തകരുടെ കടമതന്നെയാണ്. അതേ കടമയോടുകൂടിത്തന്നെ, പബ്ലിക് കാര്യ പ്രവർത്തകരുടെ പബ്ലിക് കൃത്യങ്ങളെപ്പറ്റി അവധാനത്തോടെ വിചിന്തനം ചെയ്യുകയും അങ്ങിനെ ചെയ്യുന്നവരെ രാജദ്രോഹികളെന്നോ മറ്റോ ധാർഷ്ട്യപൂർവ്വം അപകീർത്തിപ്പെടുത്താതിരിക്കുകയും ചെയ്യുന്നതിനുള്ള കടമയും ഉണ്ടെന്ന് ഓർക്കേണ്ടതാണ്. രാജദ്രോഹകരങ്ങളായ ലേഖനങ്ങൾ ഗവണ്മെന്റിനേയും പ്രജകളേയും തമ്മിൽ ഛിദ്രിപ്പിക്കുന്നവയാണെങ്കിൽ, രണ്ടാമതു പറഞ്ഞ കടമയെ ലംഘിച്ചു ചെയ്യുന്ന അപകീർത്തികരങ്ങളായ ലേഖനങ്ങൾ ഗവണ്മെന്റിനേയും ജനങ്ങളേയും നേർവഴി തെറ്റിക്കയും നിർദ്ദോഷനായ ഒരു പ്രജയെക്കുറിച്ച് ഗവണ്മെന്റിന്നും ജനങ്ങൾക്കും ദുരഭിപ്രായങ്ങൾ ജനിപ്പിക്കയും ചെയ്യുന്നവയാണെന്നും ഓർത്തിരിക്കേണ്ടതാണ്. ഈ വകതിരിവില്ലാത്തവരായി പത്രപ്രവർത്തകർ ആർ പ്രവർത്തിക്കുന്നുവോ അവരുടെ ബുദ്ധിയേയും നിലയ്ക്കു നിർത്തുന്നതിന് ഗവണ്മെന്റിനു തന്നെ നിയമങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇവർക്ക് ഓർമ്മയുണ്ടാകുമോ ഇല്ലയോ എന്ന് വഴിയേ അറിഞ്ഞുകൊള്ളാം.⚫

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/16&oldid=158982" എന്ന താളിൽനിന്ന് ശേഖരിച്ചത്