Jump to content

താൾ:Ente naadu kadathal.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്രധർമ്മമോ?

ത്രപ്രവർത്തന വിഷയത്തിൽ, 'സ്വദേശാഭിമാനി'യെക്കാൾ പഴമപരിചയം കൂടുതലുള്ളവയെന്ന് പ്രസിദ്ധപ്പെട്ടിട്ടുള്ള ചില സഹജീവികൾ കൂടെ, ഈയിടെ, അവരുടെ പരിചയത്താൽ സിദ്ധമാകേണ്ടിയിരുന്ന വിവേകത്തെ വെടിഞ്ഞ്, നിരുത്തരവാദിത്വ ലക്ഷ്യങ്ങളായ പ്രസ്താവങ്ങൾ ചെയ്തുവരുന്നതായി കാണുന്നതിൽ ഞങ്ങൾ വ്യസനിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്യുന്നു. വ്യസനം, അവരുടെ അനുചിത കർമ്മാരംഭത്തെക്കണ്ടിട്ടും, ആശ്ചര്യം, അവരുടെ ബുദ്ധിചാപല്യത്തെ ഓർത്തിട്ടും ഉണ്ടാകുന്നതാണ്. 'സ്വദേശാഭിമാനി' പത്രാധിപരായ മിസ്റ്റർ കെ.രാമകൃഷ്ണപിള്ള ബി.ഏ.യെ തിരുവിതാംകൂർ സംസ്ഥാനത്തുനിന്ന് വഹിഷ്കരിക്കുവാൻ ഗവണ്മെന്റ് കല്പിച്ചിരിക്കുന്നുവെന്നും; 'സ്വദേശാഭിമാനി'യിൽ ഈയിടെയായി അതിർകവിഞ്ഞും രാജ്യദ്രോഹകരമായും ഉള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഗവണ്മെന്റിന്റെ ഈ നടപടിയെപ്പറ്റി അദ്ഭുതപ്പെടുവാനോ, രോഷപ്പെടുവാനോ, അവകാശമില്ലെന്നും, ഈ നാട്ടിലെ ജനസമുദായമധ്യത്തിൽ സമാധാന പരിപാലനത്തിന്നു ഗവണ്മെന്റിന്റെ ഈ പ്രവർത്തി യുക്തംതന്നെയെന്നും മറ്റുമാണ് ഈ ചില സഹജീവികൾ ജല്പിച്ചിരിക്കുന്നത്. ഈ അപവാദങ്ങൾ വളരെ ഗൗരവപ്പെട്ടവയും വാസ്തവ സംഗതികളാൽ ആധരിക്കപ്പെടാത്തവയാണെങ്കിൽ തൽകർത്താക്കന്മാർക്ക് അവരുടെ കുറ്റങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ മാർഗ്ഗം നിൽകാത്തവയും ആകുന്നുവെന്ന്. അവർ തങ്ങളുടെ പത്രപ്രവർത്തന പരിചയത്താൽ ഓർമ്മിക്കാത്തത് അവർക്ക് പ്രശംസാവഹമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. ഡിസംബർ 9-ാം തിയതിയിലെ 'മലബാർ ഡെയ്‌ലി ന്യൂസ്' (Malabar Daily News) പത്രവും, ഡിസംബർ 11-ാം തിയതിയിലെ 'കൊച്ചിൻ ആർഗസ്' (Cochin Argus) പത്രവും മേൽവിവരിച്ച പ്രകാരം ചില 'കബന്ധങ്ങൾ' പ്രസിദ്ധീകരിച്ചിരുന്നതിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞിട്ടുണ്ടെല്ലൊ. 'സ്വദേശാഭിമാനി'യോട് സ്പർദ്ധ വച്ചുകൊണ്ടും, ഞങ്ങളെപ്പറ്റി എന്തും ആഭാസമായും അപകീർത്തികരമായും അവാസ്തവമായും ലേഖനങ്ങൾ പ്രസിദ്ധീകരിച്ച്, ബഹുജനങ്ങളുടെ ഉള്ളിൽ ദുരഭിപ്രായങ്ങൾ മുളപ്പിക്കുന്നതിന്നു തക്കവിധം ദുർഭാഷണം ചെയ്യുവാൻ ഒരുങ്ങിയിരിക്കുന്ന ചില കുചരിതന്മാരുടെ ഗണത്തിലായിരിക്കുന്നു ഈ സഹജീവികളെങ്കിൽ, ഞങ്ങൾ ഇത്രയും പ്രസ്താവിക്കേണ്ടിവരികയില്ലായിരുന്നു. എന്നാൽ, പ്രവൃത്തികളുടെ ഫലഗതി ഇന്നതെന്ന് ഊഹിപ്പാൻ തക്ക ലോകപരിചയം സിദ്ധിച്ചിട്ടുള്ളവർ, സാഹസികസ്വഭാവം പ്രദർശിപ്പിക്കുമ്പോൾ, അവരുടെ ബുദ്ധിക്ക് നല്ല പ്രജ്ഞയുണ്ടാകേണ്ടിയിരുന്നു എന്ന് വ്യസനിക്കുവാൻ ആർക്കും തോന്നുന്ന

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/15&oldid=158981" എന്ന താളിൽനിന്ന് ശേഖരിച്ചത്