താൾ:Ente naadu kadathal.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിതാംകൂർ സംസ്ഥാനം സ്ഥിതിസ്ഥാപകനായ ഒരു ഹിന്ദു രാജകുടുംബത്താൽ ഭരിക്കപ്പെടുന്നതാണല്ലോ. പൗരസ്ത്യ രാജ്യങ്ങളിൽ പാശ്ചാത്യരാജ്യതന്ത്ര പരിഷ്കാരത്തിന്റെ ബോധം എത്രതന്നെ ബലവത്തായി ബാധിച്ചാലും രാജഭരണ പരിഷ്ക്കാരം ദുസ്സാധമാണെന്നുള്ള വാദം തെറ്റാണെന്ന്, തുർക്കിരാജ്യത്തിലെ ഇപ്പോഴത്തെ രാജതന്ത്ര പരിഷ്കാരത്താൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതായി, `മറാട്ടാ' എന്ന സഹജീവിയുടെ ഇക്കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്, തിരുവിതാംകൂറിലും പരമാർത്ഥം തന്നെയാകുന്നു. രാജാവ് ഈശ്വരന്റെ അംശമാണെന്നും, രാജാവിന്റെ പേരിനെ കൂട്ടുപിടിച്ചും കൊണ്ട് ആര് എന്തുതന്നെ ചെയ്താലും പ്രജകൾ സഹിച്ചുകൊള്ളുകയാണ് പ്രജാധർമ്മമെന്നും ഉള്ള പഴയ വിശ്വാസങ്ങൾ പാശ്ചാത്യ വിദ്യാഭ്യാസത്താൽ ഉലയ്ക്കപ്പെട്ടുപോയിട്ടുണ്ട്. അതിനാൽ തന്നെയാണ് രാജസേവകന്മാരുടെ വിക്രിയകൾ ജനങ്ങൾക്കു രുചിക്കാത്തത്. അക്രമങ്ങളേയും അഴിമതികളേയും അനുവദിക്കുന്ന അവസ്ഥതന്നെ ജനങ്ങൾക്ക് പാശ്ചാത്യരിൽനിന്ന് സിദ്ധിച്ചിട്ടുള്ള ഉത്തമങ്ങളായ പ്രമാണങ്ങൾക്കു വിരുദ്ധമായിട്ടുള്ളതാകുന്നു. രാജസേവകന്മാരുടെ അക്രമങ്ങളെ സഹിക്കാഞ്ഞ്, അവയെ അമർത്തുവാൻ ഈ നാട്ടിലെ ജനങ്ങൾ പഴയകാലത്തും ഉദ്യമിച്ചിട്ടില്ലെന്നില്ല. അക്കാലത്തെ ജനങ്ങൾ, രാജ്യതന്ത്രകാര്യത്തിൽ പരിഷ്കൃതത്ത്വബോധം കൊണ്ടായിരിക്കയില്ല അങ്ങിനെ അസഹ്യത കാണിച്ചത്. ഒരു നൂറ്റാണ്ടിന്നുമുമ്പ് ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ ധിക്കാരങ്ങളെ അടക്കുവാൻ ജനങ്ങൾ തുനിഞ്ഞത്, രാജാധികാരത്തെ അനർഹനായും അയോഗ്യനായുള്ള ഒരു ധൃഷ്ടൻ അപഹരിച്ചു പ്രയോഗിച്ചതിങ്കൽ അവർക്കുണ്ടായ അഭിമാനഭംഗ വിചാരത്താലായിരുന്നു. അവർ രാജാവിനെ രാജാവെന്ന ഭക്തിയോടെ ആദരിച്ചിരുന്നതിനാൽ, രാജാധികാരത്തെ ആക്രമിക്കുന്നവരോടു കാണിച്ചിരുന്ന വെറുപ്പ് ഏകദേശം മതവിശ്വാസാക്രമികളോടുള്ളതിനോടൊപ്പമായിരുന്നു എന്നു പറയാം. എന്നാൽ ഇപ്പോഴത്തെകാലത്തെ വിചാരം അതാണെന്നു പറഞ്ഞുകൂട. "രാജാവിനെ ചുഴലുന്ന ദൈവത്വം, അതിശീഘ്രം നിഷ്പ്രഭമായിത്തീരുന്നു; രാജാക്കന്മാരുടെ സ്വേച്ഛാധികാര ദിനങ്ങൾ കേവലം അതീതകാലത്തിൽപ്പെട്ടുപോയിരിക്കുന്നു" എന്നുള്ള ബോധം പാശ്ചാത്യ രാജ്യതന്ത്രതത്ത്വങ്ങൾ ജനങ്ങളുടെ ഉള്ളിൽ ഉറപ്പിച്ചുവരുത്തുന്ന അവസ്ഥക്ക്, ഇക്കാലത്തെ ജനങ്ങൾ രാജസേവകന്മാരുടെ അധികാര പ്രകടനങ്ങളെ മതവിശ്വാസമായിട്ടല്ല വിചാരിക്കുന്നത്; രാജ്യധർമ്മഭ്രംശമായി ഗണിക്കുന്നു. സ്ഥാനം പോയി, കരാർ പ്രമാണമായിരിക്കുന്ന ഇക്കാലത്ത്, കർത്തവ്യത്തിന്നുവേണ്ടി എന്ന നിഷ്ഠ ജനങ്ങൾക്കു വർദ്ധിച്ചുവരുന്നതിനാൽ, രാജ്യഭരണ നടപടികളിൽ ഗവണ്മെന്റുദ്യോഗസ്ഥൻമാരുടേയും രാജസേവകന്മാരുടേയും അനർഹവും അനാവശ്യവുമായ പ്രവേശത്തെ ജനങ്ങൾ ദ്വേഷിക്കുന്നത് സ്വാഭാവികം തന്നെയാണ്. ഈ പ്രവേശത്തെ വിരോധിക്കുന്നതായാലല്ലാതെ, അവ നിമിത്തമുണ്ടാകുന്ന ജനസങ്കടം പരിഹരിക്കപ്പെടുന്നതെങ്ങനെയെന്ന് ഞങ്ങൾ അറിയുന്നില്ല. തിരുവിതാംകൂറിലെ വർത്തമാനപത്രങ്ങൾ ഇക്കാലത്ത് ഗവണ്മെന്റിനെ യാതൊരു കാരണത്താലും ദ്വേഷിക്കുന്നില്ല. ദ്വേഷിക്കുവാൻ ആവശ്യവുമില്ല. അവ എങ്ങിനെയെങ്കിലും ആരെയെങ്കിലും ദ്വേഷിക്കുന്നുണ്ടെങ്കിൽ അത്, ഗവണ്മെന്റ് ഭാരവാഹികളുടെ ഭരണദൂഷണങ്ങളേയും ഈ ദോഷങ്ങളുടെ കർത്താക്കളായ ഉദ്യോഗസ്ഥന്മാരേയും, അവയ്ക്കും അവർക്കും പ്രേരകന്മാരായി നിന്ന് രാജ്യത്തിന്റെ സൽകീർത്തിയെ ധ്വംസിക്കുന്ന രാജസേവകന്മാരേയും ആകുന്നു. നാട്ടിന്റെ ഈ ദൂഷ്യഭാഗം മാത്രമാണ് പ്രമാർജ്ജനം ചെയ്യപ്പെടേണ്ടത്. ഈ ദൂഷ്യങ്ങളെ സഹിക്കാഞ്ഞ് ജനങ്ങൾക്കുള്ള സങ്കടങ്ങളെ ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ പ്രകടീകരിക്കുന്ന പത്രപ്രവർത്തകന്മാരുടെ നാവടക്കുന്ന നിഗ്രഹനയം അനപേക്ഷിതവും, ഭാവിക്കുന്ന രോഗത്തേക്കാൾ ദോഷജനമായ ഔഷധവും ആയിരിക്കുന്നതാകുന്നു.⚫

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/14&oldid=158980" എന്ന താളിൽനിന്ന് ശേഖരിച്ചത്