പുതിയ വെളിച്ചത്തിൽ പ്രകാശിച്ചു കാണിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത്, രാജസേവകന്മാരുടേയും സ്വാധികാരപ്രമത്തന്മാരായ ഉദ്യോഗസ്ഥന്മാരുടേയും ദുരാചാരങ്ങളെ നിന്ദിക്കുന്നത് അദ്ഭുതജനകമല്ല. തിരുവിതാംകൂറിൽ ഇപ്പോൾ ആവശ്യമുള്ളത് പത്രസ്വാതന്ത്ര്യത്തെ നിരോധിക്കുന്നതിനുള്ള നിയമമല്ലാ, അഴിമതിക്കാരെ അമർത്തുകയും ഗവണ്മെന്റിന്റെ ഘടകങ്ങൾ എല്ലാം സത്യം, നീതി മുതലായവ ഉള്ളവരായിരിക്കുകയും ചെയ്യുന്നതിനുള്ള ഭരണ സമ്പ്രദായമാകുന്നു. തിരുവിതാംകൂറിലെ മേൽപറഞ്ഞ രാജസേവകന്മാരുടേയും ഉദ്യോഗസ്ഥന്മാരുടേയും അക്രമങ്ങളേയും അഴിമതികളേയും ഏതുകാലത്ത് തീരെ ഇല്ലാതെയാക്കുന്നുവോ, അക്കാലത്ത്, പത്രങ്ങളിൽ ഇപ്പോൾ കാണുന്ന തരത്തിലുള്ള സ്വരകാഠിന്യം താനേ ശമിക്കുമെന്ന് നിശ്ചയം തന്നെ; ഏതൊരു കാലം വരെ പൊതുജനങ്ങളുടെ ഈ ആകാംക്ഷയെ പൂരിപ്പിക്കാതെയിരിക്കുന്നുവോ, അക്കാലംവരെ, അഴിമതികൾ നിമിത്തമുള്ള ബഹുജനസങ്കടങ്ങളുടെ പ്രകടനം ഏതെങ്കിലും രൂപത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും; ജനങ്ങൾക്ക് ഈശ്വരനാൽ ദത്തമായ ഈ സ്വഭാവം-അഴിമതിയിൽ വെറുപ്പ്-യാതൊരു നിരോധന നടപടികൊണ്ടും ഉൻമൂലനം ചെയ്യാൻ കഴികയില്ലെന്നും നിശ്ചയം തന്നെ.
(1908 ആഗസ്റ്റ് 22-ാം തീയതിയിലെ 'സ്വദേശാഭിമാനി'യിൽ മുഖപ്രസംഗത്തിന്റെ രണ്ടാം ഭാഗം)
"തിരുവിതാംകൂറിൽ ഇപ്പോൾ ആവശ്യമായിട്ടുള്ളത് പത്രസ്വാതന്ത്ര്യത്തെ നിരോധിക്കുന്നതിനുള്ള നിയമമല്ല, അഴിമതിക്കാരെ അമർത്തുകയും ഗവണ്മെന്റിന്റെ ഘടകങ്ങൾ എല്ലാം സത്യം, നീതി മുതലായ ഗുണങ്ങൾ ഉള്ളവരായിരിക്കയും ചെയ്യുന്നതിനുള്ള ഭരണ സമ്പ്രദായമാകുന്നു" - എന്ന് ഞങ്ങൾ കഴിഞ്ഞ തവണ പ്രസ്താവിച്ചിരുന്നുവല്ലൊ. രാജ്യഭരണകർമ്മത്തിൽ, നിരോധനയം എന്നു ശാന്തമായി വിളിക്കപ്പെട്ട നിഗ്രഹ നയത്തിന്റെ പ്രവേശം ഇക്കാലത്ത് അസ്ഥാനത്തിലാണെന്നും. ഈ നയത്തിന്റെ ആവശ്യം ഭാവിയായ ഫലം ജനങ്ങളുടെ സങ്കടപ്രകടനങ്ങളെ അമർത്തുകയല്ലാ വളർത്തുകയാണെന്നും, ഞങ്ങൾ മറ്റൊരു സന്ദർഭത്തിലും പ്രസ്താവിച്ചിരുന്നു. ഈ നയത്തിന്റെ ഫലങ്ങളെ തെറ്റായോ ശരിയായോ പലേ ജനങ്ങളാൽ വിചാരിക്കപ്പെട്ടുവരുന്ന, അന്യദേശങ്ങളിലെ ചില സംഭവങ്ങൾ ദിനേ ദിനേ നമ്മുടെ അറിവിൽപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, രാജ്യഭരണത്തിൽ നിഗ്രഹനയത്തെ കൈക്കൊള്ളുവാൻ ഉപദേശിക്കയോ വിചാരിക്കയോ ചെയ്യുന്നത് ബുദ്ധിപൂർവ്വമായ രാജതന്ത്രമല്ല. തിരുവിതാംകൂർ ഒരു സ്വദേശ്യ രാജാവിനാൽ ഭരിക്കപ്പെടുന്ന രാജ്യമായിരിക്കയാൽ, വിദേശ ഗവണ്മെന്റിനാൽ ഭരിക്കപ്പെടുന്ന മറുനാടുകളിലെ ജനങ്ങൾക്കുതോന്നാവുന്ന താപമോ വൈമനസ്യമോ ഇവിടുത്തെ പ്രജകൾക്ക് ഉണ്ടാകേണ്ട ആവശ്യമില്ലെന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ 'നാഷണലിസ്റ്റ്' എന്ന സ്വരാജവാദ കക്ഷിക്കാരെപ്പോലെ, മേൽക്കോയ്മയെപ്പറ്റി സകാരണമായോ നിഷ്കാരണമായോ വല്ലതും പറയുന്നതിനുള്ള ആവശ്യം ഇവിടെ ഇല്ല. അവിടെയാകട്ടെ, രാജ്യഭരണം നടത്തേണ്ട അവകാശം സ്വദേശീയർക്കുതന്നെ കിട്ടണമെന്നും വിദേശ ഗവണ്മെന്റ് ആവശ്യമില്ലെന്നുമാണ് സ്വരാജവാദത്തിൽ അതിക്രമ കക്ഷികൾ വഴക്കുകൂട്ടുന്നത്. ഈ സംസ്ഥാനത്തിൽ ഗവണ്മെന്റിനെപ്പറ്റി ആർക്കും വഴക്കില്ല. ഗവണ്മെന്റിന്റെ തലവനായ മഹാരാജാവു തിരുമനസ്സുകൊണ്ട് സ്വദേശ്യരാജാവാകയാലും, തിരുമനസ്സിനെ പ്രജാ സമുദായത്തിന്റെ കുടുംബപിതാവായി ഗണിച്ചിരിക്കുന്നതിനാലും, രാജഭക്തി എന്നത് ജനങ്ങളുടെ സ്വാഭാവിക ധർമ്മമായിരിക്കുന്നു. എന്നാൽ, ഗവണ്മെന്റിനെപ്പറ്റി വഴക്കില്ലെന്നിരിക്കിൽ, തിരുവിതാംകൂറിലെ ജനങ്ങൾക്കുള്ള അസ്വസ്ഥത ഏതു നിമിത്തം ആയിരിക്കാം? ഗവണ്മെന്റിന്റെ സ്വരൂപം നിമിത്തമല്ലാ; ഗവണ്മെന്റ് പ്രജകളുടെ പേരിൽ കരുണയില്ലാതിരിക്കുന്നു എന്ന കുറ്റവും പറവാനില്ലാ; എന്നാൽ ഗവണ്മെന്റിന്റെ ഘടകങ്ങളായ ഉദ്യോഗസ്ഥന്മാരുടെ ഇടയിൽ സത്യം നീതി, ന്യായം, ആർജ്ജവം മുതലായ ധർമ്മങ്ങൾ കുറഞ്ഞും കൈക്കൂലി, പ്രജോപദ്രവം മുതലായ അധർമ്മങ്ങൾ വളർന്നും ജനങ്ങളുടെ മേൽ വലിയ സങ്കടഭാരം പതിച്ചിരിക്കയാലാണ് ജനങ്ങളുടെ അസ്വസ്ഥത. തിരു