Jump to content

താൾ:Ente naadu kadathal.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളുടെ സ്വരം താഴ്ത്തണമെന്നും മഹാരാജാവു തിരുമനസ്സിലെ ആക്ഷേപിച്ചു ഒന്നു രണ്ടു പത്രങ്ങൾ ചിലതുപ്രസ്താവിച്ചതായി ആ സഹജീവി കണ്ടിട്ടുണ്ടെന്നും; പത്രങ്ങളുടെ സ്വാതന്ത്ര്യത്തെ മുടക്കുന്നതിന്ന് ഒരു നിയമം ഉണ്ടാക്കുവാൻ നാട്ടുഭാഷാപത്രങ്ങൾ ഇടകൊടുക്കരുതെന്നും മറ്റുമാണ് സഹജീവിയുടെ ഉപദേശത്തിൽ അടങ്ങീട്ടുള്ളത്. ഇങ്ങനെയൊരുപദേശം ഈ സഹജീവിയുടെ മുഖത്തുനിന്ന് പുറപ്പെടേണ്ട ആവശ്യം തോന്നത്തക്കവിധത്തിൽ, ഈ നാട്ടിലെ പത്രങ്ങൾ അതിക്രമസ്വരത്തിൽ വല്ലതും എഴുതുന്നുണ്ടെന്ന് ഞങ്ങൾ അറിയുന്നില്ല. സഹജീവി പ്രത്യേകം ഒരു പത്രത്തേയും ചൂണ്ടിക്കാണിക്കുന്നുമില്ല. തിരുവിതാംകൂറിലെ പത്രങ്ങൾ മാത്രമല്ല, ജനങ്ങൾ ആകപ്പാടെ, മഹാരാജാവിന്റെ പേരിൽ എത്രയോ ഭക്തിയുള്ളവരാണെന്ന് അവരുടെ വാക്കുകളും പ്രവർത്തികളും തെളിയിക്കുന്നുണ്ട്. എന്നാൽ, രാജഭക്തി എന്നത്, രാജസേവകൻമാരുടെ ആക്രമങ്ങളെയും അഴിമതികളേയും ഇവ നിമിത്തമുണ്ടാകുന്ന പൊതുജന സങ്കടത്തെയും അറിഞ്ഞില്ലാ എന്ന ഭാവത്തിൽ സഹിച്ചുകൊണ്ടിരിക്കുകയാകുന്നു എന്നിരിക്കിൽ, ആ സംഗതിയിൽ കുറ്റക്കാരായി പലരേയും കാണാനിടയാകും എന്നു പറയാതെ കഴികയില്ല. തിരുവിതാംകൂറിലെ ഇക്കാലത്തെ ശാപങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് രാജസേവകപ്രഭാവവും സ്വേച്ഛാചാരികളായ ഉദ്യോഗസ്ഥന്മാരുടെ ധാർഷ്‌ട്യവും കൊണ്ടുള്ള കഷ്ടസ്ഥിതിയാകുന്നു. ഇതിനെ പരിഹരിക്കുകയും ജനങ്ങളെ ഈ അക്രമങ്ങളിൽ നിന്നും അഴിമതികളിൽ നിന്നും വിമോചിപ്പിച്ച് പരിശുദ്ധമാക്കുകയും ചെയ്യുന്നതിനാണ് എത്രയോ കാലമായ ജനപ്രതിനിധികൾ മുറവിളി കൂട്ടുന്നത്. പ്രജകളുടെ അഭ്യുദയത്തിനു പ്രതിപന്നനായ ഒരു മഹാരാജാവിനെപ്പറ്റി ആർക്കും ഭക്തിയാണുള്ളത്. എന്നാൽ മഹാരാജാവിന്റെ കൊട്ടാരത്തിനുള്ളിൽ അഭയം പ്രാപിച്ച്, ആ തിരുമനസ്സിലെ പേരുപറഞ്ഞുകൊണ്ട് നാട്ടുകാരെ ദ്രോഹിക്കുന്ന രാജസേവകന്മാരുടെ അഴിമതികളെ ആദരിപ്പാൻ ജനങ്ങൾക്കു കടമയോ ആവശ്യമോ ഇല്ല. ഈ അഴിമതിക്കാരുടെ പ്രീതിയെക്കൊതിച്ച്, അവരെ പ്രശംസിക്കയും അവരുടെ അക്രമങ്ങളെപ്പറ്റി മൗനം ഭജിക്കുകയും ചെയ്യുന്നതിനു ഒരുക്കമുള്ളവരാണ് രാജഭക്തന്മാരെങ്കിൽ, ആവക ഗണത്തിൽ ഉൾപ്പെടുന്നത് അഭിമാനകരമാണെന്നു ഗണിക്കുവാൻ ജനങ്ങൾ സന്നദ്ധരല്ല. ഈ അഴിമതിക്കാരെപ്പറ്റി ആക്ഷേപം പറയുന്നത് രാജദ്രോഹമാണെങ്കിൽ, അത് ഒരു ബഹുമാനമാണെന്ന് ഗണിക്കുവാനും ആളുകളുണ്ടാകും. തിരുവിതാംകൂറിൽ രാജദ്രോഹത്തിന്റെ ആവശ്യമില്ല. ഈ നാട് ബ്രിട്ടീഷ്‌കോയ്മയുടെ അധികാരത്തിൻകീഴ്, സഖ്യത്തിലിക്കുന്നതും, ബ്രിട്ടീഷ്‌കോയ്മയുടെ ഭരണത്തെപ്പറ്റി ദ്വേഷം ജനിപ്പാൻ ജനങ്ങൾക്കു അവകാശമില്ലാത്തതുമാണ്. പ്രജകൾ മഹാരാജാവിനെ സ്വകുടുംബ പിതാവെന്നപോലെ ആദരിക്കുന്നു; അവർ കുടുംബപിതാവിന്റെ പേരുപറഞ്ഞുകൊണ്ട് കുടുംബത്തിന്നു ദുഷ്‌കീർത്തി വരുത്തുന്ന അഴിമതിക്കാരുടെ കൊള്ളകളെ സഹിക്കവയ്യാതെ വ്യസനത്തോടുകൂടി സങ്കടം പറയുന്നു. ഈ സങ്കടത്തിനുള്ള ഹേതുക്കളെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ ജനങ്ങളുടെ നിലവിളി ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്. എന്നാൽ ഇങ്ങനത്തെ സങ്കടങ്ങളുടെ പ്രകടനത്തിന്ന് ഓരോരുത്തരുടെ പ്രകൃതിയനുസരിച്ച് പ്രകാരഭേദമുണ്ടായിരിക്കാം. അതിനെ വലിയ കാര്യമായി ഗണിക്കാനില്ല. രാജദ്രോഹത്തെ നശിപ്പിക്കാനുള്ള മുഖ്യമായ ഒരു മാർഗ്ഗം അതിന്റെ കാരണത്തെ നശിപ്പിക്കുകയാകുന്നു എന്ന് ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ, ഈ സങ്കട പ്രകടനങ്ങളെ ശമിപ്പിക്കുന്നതിനുള്ള മാർഗ്ഗം, അവയെ തടയുകയല്ല, അവയുടെ കാരണങ്ങളെ ഇല്ലായ്മ ചെയ്യുകയാകുന്നു. ജനങ്ങൾക്കു പൊതുവേ ഹിതമല്ലാത്ത ഭരണനടപടികളെ വെറുക്കുന്ന ശീലം ഇന്നോ ഇന്നലേയോ മുളച്ചിട്ടുള്ളതല്ല. അവരുടെ പൂർവ്വകാല ചരിത്രം തന്നെ, ഭരണകർത്താക്കന്മാരുടെ സ്വേച്ഛാധികാരങ്ങളുമായുള്ള വഴക്കിൽ അടങ്ങിയിരിക്കുന്നു എന്ന് കേരളത്തിലെ പൂർവ്വചരിത്രങ്ങൾ നമ്മെ അറിയിക്കുന്നു. അതിക്രമങ്ങളെയും അഴിമതികളെയും സഹിക്കാതിരിക്കുക എന്ന ശീലം വരെ തലമുറയായി അവരുടെ ജീവിതസ്വഭാവമായി തുടർന്നുവന്നിരിക്കുമ്പോൾ, ഇക്കാലത്ത് വിശേഷിച്ചു പാശ്ചാത്യവിദ്യാഭ്യാസ പ്രചാരത്താൽ രാജ്യതന്ത്ര തത്ത്വങ്ങൾ ഒരു

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/12&oldid=158978" എന്ന താളിൽനിന്ന് ശേഖരിച്ചത്