താൾ:Daiva Karunyam 1914.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൭

വെള്ളം കുടിച്ചപ്പോൾ ആശാനു് സ്വല്പം ആശ്വാസം ഉണ്ടായി. പുറകേ കൃഷിക്കാരൻ വണ്ടിയുംകൊണ്ടുവന്നു ചേൎന്നു. അധികം താമസിയാതെ ആശാനെ വണ്ടിയിൽ കയറ്റിക്കൊണ്ടു കൃഷിക്കാരനും ഭാൎഗ്ഗവിയുമായി കൃഷിക്കാരന്റെ ഗൃഹത്തിൽ ചെന്നു ചേൎന്നു.

ഈ വീട്ടിനു “ഇഞ്ചക്കാട്ടു പറമ്പു” എന്നാണു പേരു്. കൃഷിക്കാരന്റെ പേർ കിട്ടുപിള്ളയെന്നായിരുന്നു. അയാൾക്കു ൫൬- ൫൭- വയസ്സു പ്രായമുണ്ടായിരുന്നു. പരിചയക്കാരൊക്കെ ഇയാളെ കിട്ടു അമ്മാച്ചനെന്നാണു് വിളിച്ചു വന്നിരുന്നതു്. ഇയാളുടെ ഭാൎ‌യ്യ ആനന്തപ്പിള്ള കുലീനയും സത്സ്വഭാവിയും ആയിരുന്നു. ഇവർ അത്ര വലിയ സ്വത്തുകാരായിരുന്നില്ലെങ്കിലും ഒരു വിധം കാലക്ഷേപത്തിനു വേണ്ട സ്വത്തു ഇവൎക്കുണ്ടായിരുന്നു. കേവലം കൃഷികൊണ്ടു മാത്രമാണു് കിട്ടു അമ്മാച്ചൻ കാലക്ഷേപം ചെയ്തിരുന്നത്. ഇഞ്ചക്കാട്ടു പറമ്പും അതിനു സമീപത്തിലായി ഒരഞ്ചെട്ടുമുറിപ്പുരയിടവും അതിനോടു ചേൎന്നുള്ള ഏലായിൽ ൪൫- പറ നിലവും മാത്രമേ ഇവരുടെ സ്വത്തായിട്ടുണ്ടായിരുന്നുള്ളു. എങ്കിലും കൃഷിയിൽ കിട്ടുഅമ്മാച്ചനു് പിഴവു് ഒരിക്കലും ഉണ്ടാകാറില്ല. അവരുടെ അത്യാവശ്യങ്ങൾ കഴിഞ്ഞു കൊല്ലത്തിൽ കുറെയെങ്കിലും ബാക്കിയുണ്ടായതല്ലാതേ ചിലവിനു് ഈ ചെറിയ കുടുംബത്തിനു ഒരിക്കലും ബുദ്ധിമുട്ടുണ്ടായിട്ടില്ല.

കിട്ടു അമ്മാച്ചന്റെയും ആനന്തപ്പിള്ളയുടേയും സന്താനമായി ശ്രീധരകുമാരൻ എന്നൊരു ആൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവനേ അവർ വളരെ ലാളിച്ചാണു വളൎത്തിയതു്. ശ്രീധരന്റെ പഠിപ്പിനു ഇഞ്ചക്കാട്ടെ താമസം അത്ര അനുകൂലമായിരുന്നില്ല. അടുത്തു പള്ളിക്കൂടങ്ങളും മറ്റും ഇല്ലാതിരുന്നതുകൊണ്ടു ശ്രീധരനേ തിരുവന്തപുരത്തു അയച്ചു താമസിപ്പിച്ചു പഠിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തു ഇവരുടെ ചാൎച്ചയിൽ ഒരു വലിയ കുടുംബത്തിലാണു് ശ്രീധരൻ താമസിച്ചിരുന്നതു്. അതിലാളനയിൽ വളൎന്ന കുട്ടിയായിരുന്നതുകൊണ്ടോ എന്തോ ശ്രീധരന്റെ പഠിത്തം കൊണ്ടു് അത്ര വലിയ ഗുണമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ഇയാളുടെ പഠിപ്പിനേക്കുറിച്ചു കിട്ടുഅമ്മാച്ചൻ വളരെ താല്പൎ‌യ്യം ചെയ്തിരുന്നു. ശ്രീധരൻ ഇക്കാലത്തു തിരുവനന്തപുരത്തു തന്നെ താമസിക്കയായിരുന്നു. അയാൾക്കിപ്പോൾ ഏകദേശം ൨൦-വയസ്സു പ്രായമുണ്ടായിരുന്നു.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/53&oldid=158031" എന്ന താളിൽനിന്ന് ശേഖരിച്ചത്