താൾ:Communist Manifesto (ml).djvu/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രാജ്യത്തിന്റെ സാമ്പത്തികപുരോഗതിയോ ഫ്രഞ്ചു തൊഴിലാളികളുടെ സാംസ്കാരികവളർച്ചയോ എത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു് വിപ്ലവത്തിന്റെ ഫലമനുഭവിച്ചതു് മുതലാളിവർഗ്ഗമായിരുന്നെന്ന് അവസാനവിശകലനത്തിൽ കാണാം. മറ്റു രാജ്യങ്ങളിൽ, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ, തൊഴിലാളികൾ ആദ്യംമുതൽക്ക് തന്നെ ബൂർഷ്വാസിയെ അധികാരത്തിലേറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാൽ ദേശീയസ്വാതന്ത്ര്യം കൂടാതെ ബൂർഷ്വാസിക്കു് ഒരു രാജ്യത്തിലും ഭരിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് ഇറ്റലി, ജർമ്മനി, ഹംഗറി എന്നീ രാജ്യങ്ങൾക്കു് 1848-ലെ വിപ്ലവത്തെത്തുടർന്നു് അതുവരെ ഇല്ലാതിരുന്ന ഐക്യവും സ്വയംഭരണാധികാരവും കൈവരാതെ തരമില്ലെന്നുവന്നു, പോളണ്ടും അതേ മാർഗ്ഗം പിന്തുടരുന്നതാണു്.

അപ്പോൾ 1848-ലെ വിപ്ലവം ഒരു സോഷ്യലിസ്റ്റ് വിപ്ലവമായിരുന്നില്ലെങ്കിലും അതിനു വഴിതുറക്കുകയും കളമൊരുക്കുകയും ചെയ്തു. എല്ലാ രാജ്യങ്ങളിലും വൻകിടവ്യവസായങ്ങൾക്ക് പ്രോത്സാഹനം നല്കിയതു നിമിത്തം കഴിഞ്ഞനാല്പത്തഞ്ചു വർഷങ്ങൾക്കിടയിൽ ബൂർഷ്വാ ഭരണം എവിടെയും വിപുലവും കേന്ദ്രീകൃതവും പ്രബലവുമായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിച്ചിരിക്കുകയാണു്. അങ്ങിനെ ബൂർഷ്വാസി, മാനിഫെസ്റ്റോയുടെ ഭാഷയിൽ പറഞ്ഞാൽ, അതിന്റെതന്നെ ശവക്കുഴി തോണ്ടുന്നവരെ വളർത്തിക്കൊണ്ടുവന്നു. സ്വയംഭരണാവകാശവും ഐക്യവും ഓരോ രാഷ്ട്രത്തിനും വീണ്ടുകിട്ടാതെ, തൊഴിലാളിവർഗ്ഗത്തിനു് സാർവ്വദേശീയൈക്യം നേടാനോ ഈരാഷ്ട്രങ്ങൾക്കു് പൊതുലക്ഷ്യത്തെ മുൻനിർത്തി സമാധാനപരവും ബൂദ്ധിപൂർവ്വകവുമായി സഹകരിക്കാനോ സാദ്ധ്യമല്ല. ഇറ്റലി, ഹംഗറി, ജർമ്മനി, പോളണ്ട്, റഷ്യ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് സാർവ്വദേശീയമായി യോജിച്ചുകൊണ്ട് എന്തെങ്കിലും പ്രവർത്തിക്കുവാൻ 1848-നു മുമ്പുള്ള രാഷ്ട്രീയപരിസ്ഥിതിയിൽ സാധിക്കുമായിരുന്നുവോ എന്നൊന്നു വിഭാവനം ചെയ്തുനോക്കുക!

അതുകൊണ്ട് 1848-ൽ നടത്തിയ സമരങ്ങൾ നിഷ്ഫലമായിട്ടില്ല. ആ വിപ്ലവകാലഘട്ടത്തിൽനിന്നു നമ്മെ വേർതിരിക്കുന്ന നാല്പത്തഞ്ചു കൊല്ലങ്ങൾ വെറുതെ വന്നുപോയവയുമല്ല. അവയുടെ ഫലങ്ങൾ പക്വമായിവരികയാണു്. ഈ മാനിഫെസ്റ്റോയുടെ പ്രഥമപ്രസിദ്ധീകരണം സാർവ്വദേശീയവിപ്ലവത്തിനു് എങ്ങിനെയായിരുന്നുവോ അതുപോലെ ഈ പരിഭാഷയുടെ പ്രസിദ്ധീകരണം ഇറ്റലിയിലെ തൊഴിലാളിവർഗ്ഗത്തിന്റെ വിജയത്തിനുള്ള ശുഭശകുനമായിതീരട്ടെ എന്നു മാത്രമേ എനിക്കാശംസിക്കാനുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/75&oldid=157934" എന്ന താളിൽനിന്ന് ശേഖരിച്ചത്