താൾ:Communist Manifesto (ml).djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങളിൽ വിമർശനത്തിന്റെ ഒരംശവും അടങ്ങിയിട്ടുണ്ട്. നിലവിലുള്ള സമൂഹത്തിന്റെ എല്ലാ പ്രമാണങ്ങളേയും അവ എതിർക്കുന്നു. അതുകൊണ്ട് തൊഴിലാളി വർഗ്ഗത്തിന്റെ ഉൽബുദ്ധതയ്ക്ക് ഏറ്റവും വിലപിടിച്ച സംഗതികൾ അവയിൽ നിറയെ ഉണ്ട്. ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസത്തേയും കുടുംബത്തേയും സ്വകാര്യവ്യക്തികളുടെ ഗുണത്തിനുവേണ്ടി വ്യവസായം നടത്തുന്നതിനേയും കൂലി സമ്പ്രദായത്തേയും ഉച്ചാടനം ചെയ്യുക; സാമൂഹ്യമൈത്രി പ്രഖ്യാപിക്കുക; ഭരണകൂടത്തിന്റെ കർത്തവ്യങ്ങൾ ഉല്പാദനത്തിന്റെ മേൽനോട്ടം വഹിക്കൽ മാത്രമായി മാറ്റുക മുതലായ അവയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രായോഗിക നടപടികളെല്ലാം വർഗ്ഗവൈരങ്ങളുടെ തിരോധാനത്തിലേക്കു മാത്രമാണ് വിരൽ ചൂണ്ടുന്നത്. അക്കാലത്ത് പൊട്ടിപ്പുറപ്പെടുവാൻ തുടങ്ങുക മാത്രം ചെയ്തിരുന്ന ഈ വൈരങ്ങളെ അവയുടെ അവ്യക്തവും അനിർവ്വചിതവുമായ ആദ്യരൂപങ്ങളിൽ മാത്രമേ ഈ പ്രസിദ്ധീകരണങ്ങൾ അംഗീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ നിർദ്ദേശങ്ങൾ തനി ഉട്ടോപ്യൻ സ്വഭാവത്തോടുകൂടിയതാണ്.

വിമർശനപരവും ഉട്ടോപ്യനുമായ ഈ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രാധാന്യത്തിനു ചരിത്രവികാസവുമായി ഒരു വിപരീതബന്ധമാണുള്ളത്. ആധുനിക വർഗ്ഗസമരം എത്രത്തോളം വളർന്ന് വ്യക്തരൂപം കൈക്കൊള്ളുന്നുവോ അത്രത്തോളം തന്നെ, ആ സമരത്തിൽ നിന്ന് അയഥാർത്ഥമായി ഒഴിഞ്ഞു നിൽക്കുകയും അതിനെ അയഥാർത്ഥമായി എതിർക്കുകയും ചെയ്യുന്നതിനൊരു പ്രായോഗികമൂല്യമോ താത്വികന്യായീകരണമോ ഇല്ലാതാവുന്നു. അതുകൊണ്ട്, ഈ സംഹിതകളുടെ പ്രണേതാക്കൾ പല നിലയ്ക്കും വിപ്ലവകാരികളായിരുന്നുവെങ്കിൽക്കൂടി, അവരുടെ ശിഷ്യന്മാർ ഒന്നൊഴിയാതെ വെറും പിന്തിരിപ്പൻ സംഘങ്ങൾ രൂപീകരിക്കുകയാണുണ്ടായത്. തൊഴിലാളി വർഗ്ഗത്തിന്റെ പുരോഗമനപരമായ ചരിത്രവികാസത്തിന്റെ ഘടകവിരുദ്ധമായി അവർ തങ്ങളുടെ ഗുരുനാഥന്മാരുടെ മൂലപ്രമാണങ്ങളെ മുറുകെ പിടിച്ചു നിൽക്കുന്നു. അതുകൊണ്ട് അവർ വർഗ്ഗസമരത്തെ മരവിപ്പിക്കുവാനും വർഗ്ഗവൈരങ്ങളെ അനുരഞ്ജിപ്പിക്കുവാനും നീക്കുപോക്കില്ലാതെ ശ്രമിക്കുന്നു. പരീക്ഷണം വഴി തങ്ങളുടെ സാങ്കല്പികലോകങ്ങൾ സാക്ഷാൽക്കരിക്കാമെന്ന്, ഒറ്റപ്പെട്ട 'ഫലൻസ്തേറുകൾ' നിർമ്മിക്കുകയും 'ഹോം കോളനികൾ' ഒരു 'ചെറു ഇക്കാറിയ'[1]

  1. 'ഫലൻസ്തേറുകൾ' എന്നതു് ഷാറൽ ഫുര്യേയുടെ പദ്ധതിയനുസരിച്ചുള്ള സോഷ്യലിസ്റ്റ് കോളനികളാണു്. കമ്പേ തന്റെ സങ്കല്പലോകത്തിനും പിന്നീടു് തന്റെ അമേരിക്കൻ കമ്മ്യൂണിസ്റ്റ് കോളനിക്കും കൊടുത്തിട്ടുള്ള പേരാണു് 'ഇക്കാറിയ' (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

    തന്റെ കമ്മ്യൂണിസ്റ്റ് മാതൃകാസമുദായങ്ങളെയാണു് ഓവൻ 'ഹോംകോളനികൾ' എന്നു വിളിച്ചിരുന്നതു്. ഫുര്യേ ആസൂത്രണം ചെയ്തിരുന്ന പൊതുജനമാളികകളുടെ പേരു് 'ഫലൻസ്തറുകൾ' എന്നായിരുന്നു. ഒരു സങ്കല്പലോകത്തിന്റെ-അതിലെ കമ്മ്യൂണിസ്റ്റ് സ്ഥാപനങ്ങൾ കബേ ചിത്രീകരിച്ചിട്ടുണ്ടു്-പേരാണു് 'ഇക്കാറിയ'(1890-ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/44&oldid=157900" എന്ന താളിൽനിന്ന് ശേഖരിച്ചത്