താൾ:CiXIV270.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 ഒമ്പതാം അദ്ധ്യായം.

ചെ—എനിക്ക കണ്ടതായി നല്ല ഓൎമ്മ തൊന്നുന്നില്ലാ— പണി
വിശെഷം തന്നെ— ൟ ദിക്കിൽ പണി എടുത്തതൊ.

ചെല്ലം യഥാൎത്ഥത്തിൽ അവിടെ സമീപം ഒരു തട്ടാൻ പ
ണി എടുത്തതാണ— അത ചെറുശ്ശെരി അറിയും. എങ്കിലും താ
ൻ ചെയ്ത ചൊദ്യം നമ്പൂരിപ്പാട്ടിലെക്ക ബഹു സന്തൊഷകരമാ
യിരിക്കുമെന്ന വിചാരിച്ച ചൊദിച്ചതായിരുന്നു.

ന—അല്ലാ— ഇവിടെ പണി എടുത്തതല്ലാ— ൟ ദിക്കിൽ ഇങ്ങി
നെ ആര പണി എടുക്കും. മൈസൂൎക്കാരൻ ഒരു മൊതല എനി
ക്ക സമ്മാനമായി തന്നതാണ. മലവാരം പാട്ടത്തിന്ന കൊ
ടുത്തപ്പൊൾ.

ചെ—മൈസൂൎക്കാരൻ ഒരു മൊതലയൊ.

ന അതെ — ഒരു മൊതല—മൊതലയെന്നാണ അവനെ പറ
യാറ.

ചെ—മുതലിയാര ആയിരിക്കും.

ന—മുതലിയാര എന്നും പറയും. ആമീതെ വെച്ച തുപ്പട്ട ഒന്ന
നൊക്കൂ — ബഹു വിശെഷമാണ— ബംക്രാസ്സ എന്ന പറയുന്ന
ദിക്കിൽ ഉണ്ടാക്കുന്നതാണ. ബഹു വില പിടിച്ചതാണ— എ
നിക്ക അത മെഘദന്തൻ എന്ന പെരായി ഏല മല പാട്ട
ത്തിന്ന വാങ്ങിയ ഒരു സായിപ്പ നെയ്യിച്ച വരുത്തി തന്നതാണ.

ചെറശ്ശെരി തുപ്പട്ട എടുത്ത നൊക്കി അത്യാശ്ചൎയ്യഭാവ
ത്തോടെ—

ചെ — ഇത എവിടെ നയ്യുന്നതാണെന്നാണ പറഞ്ഞത.

ന—ബംക്രാസ്സ എന്ന പറയുന്ന രാജ്യത്ത.

ചെ—ആ രാജ്യം എവിടെയൊ!

ന—അത വിലാത്തിയിൽ നിന്ന പിന്നെയും ഒരു പതിനായിരം
നാഴിക തെക്ക പടിഞ്ഞാറാണത്രെ. ആ ദിക്കിൽ ആറമാസം
പകലും ആറമാസം രാത്രിയുമാണെന്ന മെഘദന്തൻ എന്നൊ
ടു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/152&oldid=193123" എന്ന താളിൽനിന്ന് ശേഖരിച്ചത്