താൾ:CiXIV130 1885.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറഞ്ഞാൽ, അവനെ
ഞാനും സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ തള്ളിപ്പറയും. മത്ത. ൧൦, ൩൩.

10 കൺ ചുവപ്പിച്ചങ്ങു സാത്താൻ ഗൎജ്ജനം ചെയ്തേവം
“ വഞ്ചന ചെയ്വാൻ നിനക്കു ശേഷിയുണ്ടോ മൂഢാ?
കൊഞ്ചിയുല്ലസിച്ചു പൂജ കണ്ടതറിയുന്നേൻ
തുഞ്ചലെന്യേ ദാസിയാട്ടം കണ്ടതും നീയല്ലോ

11 കേശവും വളൎത്തു പൂണൂൽ ഇട്ടിരുന്ന നിന്നെ
യേശുവിനാൾ എന്നു ചൊന്നാൽ ഏല്ക്കുമോ താൻ നിന്നെ
നാശമുള്ളോനേ! നിൻ നെഞ്ചിൽ കാണുന്നേ എൻ നാമം
വാശി പിടിച്ചാൽ ഗുണമില്ലെന്നറിഞ്ഞുകൊൾ്ക.

12 താതൻ നിനക്കാരു? ഞാനോ, ദൈവമോ നീ ചൊല്ക
ഏതു ദൈവമന്തിരത്തിൽ സ്നാതൻ നീയെ ചൊല്ക
ജാതിയിൽ നീ ആരു ക്രിസ്തദാസനോ നീ ഓൎക്കു
ഏതു പള്ളിയിൽ നീ ശാബതാചരിച്ചു ചൊല്ക.

13 പാപഹനിൽ സത്യകൎമ്മം അനുഷ്ഠിച്ചോടാ
പേപറയാതെ തെളിഞ്ഞു ചൊല്ക പരമാൎത്ഥം
ജീവകാലമൊക്കെ എന്റെ പേർ വരിച്ച നിന്നെ
പോവതിന്നു ഞാൻ വിടുമോ കണ്ടുകൊൾക നീയും”

14 ഇങ്ങിനെ പേ ചൊന്ന വാക്കാൽ ഏറി പാപഭാരം
മങ്ങി പാപിയിൻ മനസ്സും തിങ്ങി ദുഃഖഭാരം.
എങ്ങു പോകാൻ എന്നു തന്നിൽ ചിന്ത ചെയ്ത പാരം
അങ്ങു വന്നോർ ദൈവദൂതൻ അത്ഭുതശൃംഗാരൻ.

15 മംഗലനിൎമ്മായരൂപി ചൊല്ലി പാപിയോടെ
“ഇങ്ങിരിക്കും നാൾ കിരസ്തൻസംഗതി അൻപോടെ
പൊങ്ങിയ സാമോദം ലോകമെങ്ങും അറിഞ്ഞീടാൻ
തുംഗമേറ്റു സ്നാതനായാൽ മാത്രമുണ്ടു സാക്ഷ്യം.

16 ലോകരെ നാണിച്ചു ഭയത്തോടൊളിച്ചു പാൎത്തൽ
ശോകമല്ലാതില്ലൊടുവിൽ എന്നറിഞ്ഞുകൊൾക
പോകണം നീ “ഭീരുക്കളിൻ ഭാഗത്തിൽ എന്നോൎക്ക
വേകുവാൻ നീ നേടിലോകമോദമയ്യോ പാപീ.”

17 ഇത്തരങ്ങൾ കേട്ട പാപി ചത്തുയിരും പോയി
പത്തു നൂറു പേഗണങ്ങൾ എത്തി മോദമായി
കുത്തിയിടിച്ചു ചതെച്ചും കൊണ്ടു പോകുന്നാത്മം
കത്തി എരിയുന്ന കടലിൽ എറിഞ്ഞു നീക്കാൻ.

18 “ഞാനിതറിഞ്ഞില്ല കഷ്ടം! നന്മ ചെയ്തേൻ ഏറെ
മാനുവേൽ ദേവാത്മജനെന്നുണ്ടിനിക്കുബോധം
ഏനസ്സു നീക്കുന്നതവൻ എന്നുറെച്ചു ഞാനും
തീനരകമോ ഇനിക്കു” എന്നലറി ആത്മം.

19 “ഞങ്ങളും ഇതിൽ അധികം വിശ്വസിക്കുന്നുണ്ടു
സംഗതിയെല്ലാം അറിയാം പിന്നെ എന്തു പാപീ
പൊങ്ങിയ രോഗത്തിനു മരുന്നറിഞ്ഞെന്നാലും
ഭംഗിയായി സേവിച്ചീടാഞ്ഞാൽ സൌഖ്യമാമോ” മൂഢാ.

20 ഇങ്ങിനെ പേയിൻ പടയും പാപിയിനാത്മാവും
തങ്ങളിൽ വാദിച്ചു നരകക്കരയിൽ ചേൎന്നു
പൊങ്ങി മറിയുന്ന തീയിൽ അങ്ങെറിഞ്ഞാത്മാവേ
ഭംഗിയെന്യേ സന്തതവും വേകുവാൻ പേക്കൂട്ടം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/52&oldid=191525" എന്ന താളിൽനിന്ന് ശേഖരിച്ചത്