താൾ:CiXIV130 1874.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ കൎത്താവിൻ നാമത്തെ വിളിച്ചെടുക്കുന്ന ഏവനും രക്ഷപ്പെടും.
രോമ. ൧൦, ൧൩.

കൎബുരപാത്രഗമാൎദ്വീകത്തെ നിൎബന്ധേന കുടിപ്പിച്ചവരെ ।
മന്ദിരപതിയോടവർ വിടവാങ്ങിപ്പിന്നെ പോവതിനായ് തുടരുമ്പോൾ ॥
ദംഭത്തോടു യുവാവക്കാഞ്ചനകുംഭത്തെ മോഷ്ടിച്ചു നടന്നാൽ ।

ചെറ്റു നടന്നകലെ പോയളവെ മറ്റാരും പഥിയില്ലാതപ്പോൾ ।
പൊൻകലശത്തെ എടുത്ത തരുണൻ ശങ്ക വെടിഞ്ഞ സ്ഥവിരനു കാട്ടി ॥
പെട്ടന്നവനതു കണ്ട ദശായാം ഞെട്ടി വിറച്ചു മനസ്സു കലങ്ങി ।
പെരുവഴിപോക്കൻ വഴിയുടെ നടുവിൽ പെരിയൊരു സൎപ്പം കണ്ടു ഭയപ്പെ ॥
ട്ടുരുതര സൂക്ഷ്മതയോടെ നടക്കുംപരിചുഭയേന നടന്നിതു വൃദ്ധൻ ।
അത്യുപകാരം ചെയ്തതിന്നുള്ളൊരു പ്രത്യുപകാരമിതോ ജഗദീശ ॥
കഷ്ടം കഷ്ടം ഞാനിക്കുടിലനെ വിട്ടു പിരിഞ്ഞാൽ കൊള്ളാമേറ്റം ।
എന്നു നിനച്ചതു ചെയ്വാൻ ധൈൎയ്യം തന്നിൽ കാണാഞ്ഞവനൊടുകൂടെ ॥
പിന്നെയുമങ്ങു നടക്കുന്നേരം വന്നിതൊരിടിയും കാറ്റും മഴയും ।
മിന്നലുമംബരമെങ്ങുമെറിഞ്ഞു മന്നിടമൊക്കയിരുണ്ടു ചമഞ്ഞു ॥
എങ്ങു നമുക്കൊരു മറവിടമുണ്ടാമെന്നു നിനച്ചൊരു പഥികരുമപ്പോൾ ।
തുംഗതയുള്ളൊരു വീടകലെക്കണ്ടങ്ങു നടന്നാരതിനുടെ നേരെ ॥
വീടതു വിസ്തൃതമെങ്കിലുമെല്ലാം കാടു നിറഞ്ഞു കിടപ്പിതു ചുറ്റും ।
ഘടിതകവാടകമാമീഭവനെഝടിതിയടുത്തവർ കതകിനു തട്ടി ॥
ഹെ ഹെ വാതിൽ തുറപ്പിൻ ഞങ്ങൾ ഹാ ഹാ മഴയാലിത നനയുന്നു ।
കൂ കൂ വരുവിൻ വരുവിനിവണ്ണം കൂകി വിളിച്ചതു പല കുറി പാന്ഥർ ॥
ആരും വാതിൽ തുറക്കാഞ്ഞതിനാൽ പാരം പരവശരായാർ മഴയാൽ ।
പിന്നെയുമധികം ദീനസ്വരമൊടു നിന്നു വിളിച്ചാരപ്പഥികന്മാർ ॥
ക്രൂരൻ കൃപണൻ ഗൃഹനായകനതു നേരം ചെറുതു മനസ്സു പകൎന്നു ।
ഹിതമില്ലാതൊരു ഹൃദയത്തോടെ പഥികന്മാരെയകത്തു കടത്തി ॥
അവനവരെക്കൊണ്ടാക്കിയ മുറിയിൽ ചുവരൊഴികെയൊരു വസ്തുവുമില്ല ।
താണതരം ചില ഭോജ്യപദാൎത്ഥം നാണമകന്നവർ മുമ്പിൽ വരുത്തി ॥
പുളിരസമുള്ളൊരു മാൎദ്വീകത്തെയുമലസനവൎക്കു കുടിപ്പാൻ നല്കി ।
കാറ്റും മഴയും മിന്നലുമിടിയും ചെറ്റു തളൎന്നു വിളങ്ങി വെളിച്ചം ॥
വൃഷ്ടിജലാൎദ്രദ്രുമദലനിചയെ ഘൃഷ്ടി പരന്നിതു സൌരം തരസാ ।
ലുബ്ധനുമപ്പോൾ പാന്ഥന്മാരൊടു ലബ്ധം നിങ്ങൾക്കവസരമിപ്പോൾ ॥
പോവിൻ കാലമിനിക്കളയാതെ പോയിതു കാറ്റും മഴകളുമെന്നാൻ ।
വാചമിവണ്ണം കേട്ട ദശായാം വാചംയമനും മനസിനിനച്ചു ॥
കഷ്ടം കഷ്ടമിവന്നു ലഭിച്ചൊരു പുഷ്ടധനം കൊണ്ടെന്തുപകാരം ।
പട്ടിണിയിട്ടു ദിനങ്ങൾ കഴിച്ചും പെട്ടിയിലിട്ടു ധനങ്ങളടെച്ചും ॥
നഷ്ടസുഖം വാഴും ധനവാനും കഷ്ടം നിസ്വനുമെന്തൊരു ഭേദം ।
ഇങ്ങിനെ വൃദ്ധൻ ചിന്തിക്കുമ്പോൾ ഭംഗി കലൎന്നൊരു പൊൻപാത്രത്തെ ॥
മടിയിൽ നിന്നത്തരുണനെടുത്തു മടികൂടാതിക്കൃ പണനു നല്കി ।
വിത്താഗ്രഹിയതു കിട്ടിയ സമയം പത്തായിരമുരു സന്തോഷിച്ചു ॥
ചിത്തകുതൂഹലമോടും പഥികരെ യാത്രയയച്ചു കവാടമടെച്ചു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/66&oldid=186108" എന്ന താളിൽനിന്ന് ശേഖരിച്ചത്