താൾ:CiXIV126.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VI മുഖവുര.

ഓർ ആൾ മാത്രം ആ സുവിശേഷത്തെ വൎണ്ണിച്ച് എഴുതി എങ്കിൽ ആ ഒരു പ്രബന്ധം വായിച്ചാൽ
മുഖ്യവൎത്തമാനങ്ങളെ എല്ലാം വേഗത്തിൽ അറിഞ്ഞു വരുമായിരുന്നു. അതല്ല, സത്യവാന്മാർ നാല്വരും
ദേവാത്മാവിനാൽ തന്നെ ആ സുവിശേഷത്തെ പറകകൊണ്ട് അധിക വിവരങ്ങളെ അറിവാൻ
സംഗതി ഉണ്ട് എങ്കിലും അവറ്റെ ക്രമപ്രകാരം ചേൎക്കേണ്ടതിന്നു പ്രയാസം അധികം വരുന്നു. ദിവ്യ
സാക്ഷികൾ നാല്വരും ഒരു കാൎയ്യത്തെ തന്നെ പറഞ്ഞു കിടക്കുന്ന നാലു വാചകങ്ങളെ നോക്കി പരി
ശോധിച്ചു തെറ്റു കൂടാതെ യോജിപ്പിക്കുന്നത് അല്പമതിയായ മനുഷ്യന്നു എത്താത്ത വേല ആകുന്നു
താനും. ദേവസഭയുടെ ഉപകാരത്തിന്നായി അപ്രകാരം അനുഷ്ഠിപ്പാൻ പലവേദജ്ഞന്മാരും ശ്രമിച്ചിരി
ക്കുന്നു. അവരിൽ വേദത്തിൻ അൎത്ഥം അധികം പ്രകാശിച്ചു വരുന്നവരുടെ കൃതികളെ നോക്കി, ദേവാ
ത്മാവെ തുണയാവാൻ വിളിച്ചു പ്രാർത്ഥിച്ചു, ഞാൻ നാലു സുവിശേഷങ്ങളുടെ സംഗ്രഹം ചമെപ്പാൻ
തുനിയുന്നു. ബുധന്മാർ വ്യത്യാസങ്ങളെ ക്ഷമിച്ചു, അൎത്ഥ‌ഗൌരവും സൂക്ഷ്മയുക്തിയും അധികം ചേരുന്ന
തിനെ ഉണ്ടാക്കുവാൻ ശ്രമിപ്പൂതാക.

എന്നാൽ നാലു സുവിശേഷങ്ങളുടെ ഭേദത്തെ കുറിച്ചു പറവാനുള്ളതാവിതു: സുവിശേഷക
ന്മാരുടെ സ്വഭാവങ്ങളെ കുറിപ്പാൻ പണ്ടു പണ്ടേ സഭാപിതാക്കന്മാർ കെരൂബുകളുടെ നാലു മുഖങ്ങളെ
(ഹെസ. ൧, ൧൦) വിചാരിച്ചു ഓരോരോ ഉപമ പറഞ്ഞിരിക്കുന്നു. സൃഷ്ടിയിൽ വിളങ്ങുന്ന ജീവസ്വരൂ
പങ്ങൾ നാലുപ്രകാരം ഉണ്ടു: ജീവകാലപൎയ്യന്തം സേവിച്ചും കഷ്ടിച്ചുംകൊണ്ടു മരണത്താൽ പാപശാ
ന്തിക്ക് ഉപകരിക്കുന്ന കാള ഒന്നു; സ്വതന്ത്രമായി വാണും വിധിച്ചും ജയിച്ചുംകൊള്ളുന്ന സിംഹം
രണ്ടാമതു; സംസാരം എല്ലാം വിട്ടു പറന്നു കയറി വെളിച്ചത്തെ തേടി ധ്യാനിക്കുന്നതിന്നു കഴു തന്നെ
അടയാളം; സേവയും വാഴ്ചയും ജ്ഞാനവും സ്നേഹവും മുഴുത്തു ദേവപ്രതിമയായിരിക്കുന്നതു മനുഷ്യൻ
തന്നെ. ഈ നാലു ഭാഗങ്ങളും യേശുവിൽ ചേൎന്നിട്ടുണ്ടു. അവൻ ജീവസ്വരൂപനും സൃഷ്ടിസാരവും ആ
കുന്നുവല്ലോ; അവന്റെ തേജസ്സു കണ്ടവർ സമ്പൂൎണ്ണതനിമിത്തം സമസ്തം ഗ്രഹിയാതെ ഓരോരോ വി
ശേഷ അംശങ്ങളെ കണ്ടു വൎണ്ണിച്ചിരിക്കുന്നു.

എങ്കിലോ മത്തായി (“ലേവി“,-മാൎക്ക. ൨,൧൪; ലൂക്ക. ൫,൨൭) മുമ്പെ ചുങ്കത്തിൽ സേവിച്ചു കണ
ക്കു എഴുതുവാൻ ശീലിച്ചാറെ യഹൂദധൎമ്മപ്രകാരം ഒരു വിധമായ ഭ്രഷ്ട് ഉണ്ടായിട്ടെങ്കിലും പഴയ നിയ
മത്തെ വായിച്ചും അനുസരിച്ചുംകൊണ്ടു ദേവഭക്തനായ്ത്തീൎന്നതു യേശു കണ്ടു അപോസ്തലനാക്കി. പിന്നേ
തിൽ അവൻ യേശു തന്റെ ജനനം വചനം ക്രിയ കഷ്ടാനുഭവം മരണം ഇത്യാദികളാൽ പഴയ നി
യമത്തെ മുഴുവനും നിവൃത്തിച്ചപ്രകാരം യഹൂദക്രിസ്ത്യാനരുടെ ഉപകാരത്തിന്നായി എഴുതി വെച്ചതി
നാൽ കാളയുടെ കുറി അവന്റെ സുവിശേഷത്തിന്നു പറ്റുന്നതു.

യോഹനാൻ മാൎക്കൻ അമ്മയുടെ വീട്ടിൽ വെച്ചു യേശുവോടും (മാൎക്ക.൧൪,൫൧?) അപോസ്തലന്മാ
രോടും (അപോ.൧൨,൧൨) പരിചയം ഉണ്ടായ ശേഷം ‌പൌൽ ബൎന്നബാ എന്നവരോടു കൂടി സുവിശേ
ഷത്തെ പരത്തുവാൻ തുടങ്ങി. പിന്നെ പേത്രന്റെ മകനായി പാൎത്തു (൧പേ. ൫, ൧൩) അവന്റെ
വായിൽനിന്നു കേട്ടപ്രകാരം ഇസ്രയേൽമഹാരാജവിന്റെ അതിശയമുള്ള ശക്തിജയങ്ങളെ എഴുതി
വൎണ്ണിച്ചിരിക്കുന്നു. യഹൂദാസിംഹത്തിന്റെ പ്രത്യക്ഷതയും ഓട്ടവും ഗൎജ്ജനവും വാഴ്ചയും അതിൽ
പ്രത്യേകം കാണുന്നുണ്ടു.

ലൂക്കാ വൈദ്യൻ അന്ത്യോഹ്യയിൽ യവനന്മാരിൽനിന്നുത്ഭവിച്ചു (“ലൂക്യൻ“-അപോ.൧൩,൧;
രോമ.൧൬,൨൧) താനും പക്ഷേ യേശുവെ ജഡത്തിൽ കണ്ടു (യോഹ. ൧൨, ൨൦?) ജീവിച്ചെഴുനീറ്റവ
നോടു കൂടെ സംഭാഷണം കഴിച്ചു (ലൂക്ക.൨൪,൧൮?). ശിഷ്യനായ ശേഷം പൌലോടു കൂടെ യാത്രയായി,
അവന്റെ സുവിശേഷവിവരത്തേയും ഗലീലക്കാർ യരുശലേമ്യർ മുതലായവർ പറയുന്ന യേശുകഥയേ
യും കേട്ടു വിവേകത്തോടെ ചേൎത്ത് എഴുതി. ഇസ്രയേലിന്നു പ്രത്യേകം പറ്റുന്ന അഭിഷക്തന്റെ നട
പ്പിനെ അല്ല, നാശത്തിലായ സൎവ്വമനുഷ്യജാതിയേയും ദൎശിച്ചു വന്ന മനുഷ്യപുത്രന്റെ ജനവാത്സല്യ
ത്തേയും (ലൂക്ക.൧൫) ദീനരിൽ അനുരാഗത്തേയും കുലഭേദം വിചാരിയാതെ (ലൂക്ക. ൧൦, ൩൦.) ദേഹ
ത്തിന്നും ദേഹിക്കും ചികിത്സിക്കുന്ന യത്നത്തേയും ലൂക്കാ വിചാരിച്ചു കാട്ടുന്നു. അതുകൊണ്ടു അവന്റെ
സുവിശേഷം എത്രയും മാനുഷം അത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/12&oldid=186229" എന്ന താളിൽനിന്ന് ശേഖരിച്ചത്