താൾ:Chindha sandhanam vol one 1915.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ ചിന്താസന്താനം

കണ്ടറിഞ്ഞു് രേഖപ്പെടുത്തിയതും ഇവരല്ലാതെ പിന്നെയാരാണ്? ലോകത്തെ മൂടിയിരിയ്ക്കുന്ന മായയായ ആവരണം പൊക്കി നോക്കിയതും ഇക്കൂട്ടർ തന്നെയാണ്. ശബ്ദങ്ങളുടെ കോളു് നോക്കി അവയിൽ അർത്ഥം സംഗ്രഹിച്ചതും മറ്റാരുമല്ല. ലോകഗ്രന്ഥത്തെ അദ്യമായി വ്യാഖ്യാനിച്ചതും ഇവരായിരുന്നു. മനുഷ്യരെ അനശ്വരമായും വിശിഷ്ടമായും ഉള്ള ഒരു സുഖമാർഗത്തിലേയ്ക്ക് നയിച്ചതും നയിക്കുന്നതും ഈ സാഹിത്യകർത്താക്കന്മാരത്രെ.

സാഹിത്യം, മനുഷ്യർക്ക് നല്കപ്പെട്ടിട്ടുള്ള അനുഗ്രഹങ്ങളിൽ ഒന്നാണ്; സംശയം ഇല്ല. സാഹിത്യകാരന്മാർ ലോകോപകാരികളും, നമുക്ക് മാർഗ്ഗദർശികളും, ഉപദേഷ്ടാക്കളും ആയിട്ടാണ് ഗണിയ്ക്കപ്പെട്ടിരിക്കുന്നത്. മനുഷ്യരിൽ മരണമില്ലാത്തവർ വല്ലവരും ഉണ്ടെങ്കിൽ അതു് ഈ മഹാന്മാർ തന്നെയാണ്. വാല്മീകി, കാളിദാസൻ, ഹോമർ, ഷേക്ക്സ്പിയർ മുതലായവർ അവരുടെ ബുദ്ധിയുടെ വിശിഷ്ടാംശങ്ങൾകൊണ്ടു് ഇന്നും സജീവന്മാരായിരിക്കുന്നില്ലയോ? ഇവരുടെ "ബുദ്ധിവിലാസം" ഇന്നും നമ്മേ ആനന്ദിപ്പിയ്ക്കുകയും, ആശ്വസിപ്പിക്കുകയും, പലപ്പോഴും നികൃഷ്ടാവസ്ഥകളിൽ നിന്നും ഉയർത്തുകയും ചെയ്യുന്നില്ലയോ? ജീവിതദശയിലുള്ള പല പല ഇരുൾ പ്രദേശങ്ങളും ഇവർ തങ്ങളുടെ അന്തർഗ്ഗത ദീപങ്ങളാൽ പ്രകാശിപ്പിയ്ക്കുന്നില്ലയോ? ഇവരുടെ ആലോചനാശക്തി, മനോധർമ്മം, ലോകപരിചയം ഇവയുടെ മധുരഫലങ്ങൾ ഇന്നും നാം ആസ്വദിയ്ക്കന്നില്ലയോ? മനുഷ്യരിൽ ചിലർ "ഉടലോടെ സ്വർഗ്ഗത്തിൽ പോയ"തായിപ്പറഞ്ഞുകേട്ടിട്ടുണ്ട്. അവാസ്തവമാണെന്ന് നാം വിചാരിച്ചേക്കാം. എന്നാൽ, അങ്ങനെയല്ല. ഇഹലോക വ്യാപാരത്തിൽ കിടന്നു കുഴങ്ങുന്ന നാം ആരെങ്കിലും ഒരു യഥാർത്ഥ സാഹിത്യകാരന്റെ കൃതി വായിയ്ക്കുന്നതായാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/13&oldid=157821" എന്ന താളിൽനിന്ന് ശേഖരിച്ചത്