താൾ:Changanasseri 1932.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പക്ഷത്തുനിന്നു് അദ്ദേഹത്തെ എതൃക്കുവാൻപോലും ഞങ്ങൾ നിർബന്ധിതരായിരുന്നേനെ. ഒരുപക്ഷേ ഗ്രന്ഥകർത്താവു് കൂടുതൽ വിമർശനബുദ്ധിയും ഈ ഗ്രാമത്തിൽ പ്രകടമാക്കിയേനേ. എന്നാൽ ഒരു കലാകാരനെപ്പോലെ, നിരൂപകനേക്കാൾ വ്യാഖ്യാതാവെന്ന നിലയിലാണു് അദ്ദേഹം ചരിത്രവിഷയത്തെ അഭിമുഖീകരിച്ചിട്ടുള്ളതെന്നു തോന്നുന്നു. ഓരോ അദ്ധ്യായവും തുടർച്ചയായി അദ്ദേഹം എഴുതുന്ന രീതി ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോൾ, സ്വാഭിപ്രായങ്ങളും ആദർശങ്ങളും ഈ കലാസൃഷ്ടിയിൽ കലർത്തുവാൻ ഉൽക്കണ്ഠപ്പെടാതെ, മൂല ചിത്രത്തെ അതേ രീതിയിൽ പ്രദർശിപ്പിക്കുകയെന്ന ഏകാഗ്രമായ ഒരു കർത്തവ്യത്തിലദ്ദേഹമേർപ്പെട്ടിരിക്കുകയാണെന്നു് എനിക്കു തോന്നി. ക്ഷോഭകരമായ അഭിപ്രായന്തരങ്ങൾക്കിടകൊടുക്കുന്ന വിഷയങ്ങളെപ്പോലും ആരോടും വിദ്വേഷബുദ്ധിയോ ശത്രുഭാവമോ കൂടാതെ നിഷ്പക്ഷമായി വിമർശിക്കുവാൻ അദ്ദേഹം നിഷ്കളങ്കമായി ശ്രമം ചെയ്തിട്ടുണ്ടെന്നു് എനിക്കറിയാം. അധികൃതമായ അടിസ്ഥാനമുള്ള പല വസ്തുതകളും അദ്ദേഹത്തിനു് ഇതിൽ പ്രതിപാദിക്കേണ്ടിവന്നിട്ടുണ്ടു്. മി. നാരായണ പിള്ളയുടെ തൂലികയാണു സുദീർഘമായ ഈ ഗ്രന്ഥത്തിലെ പുറങ്ങളിൽക്കൂടി ഓടിയിട്ടുള്ളതെന്ന കാര്യം ഒരു പ്രത്യേക നേട്ടമായി വിചാരിക്കാം. ഒരു ഗദ്യകൃത്തെന്ന നിലയിൽ അദ്ദേഹം മലയാളവായനക്കാരുടെ ഇടയിൽ സുപരിചിതനാണു്. പ്രകൃത്യാ അദ്ദേഹത്തിൽ വിമർശനബുദ്ധിയും യുക്തിബോധവുമാണു മുഴച്ചു നില്ക്കുന്നതു്. ആരുടേയും ബുദ്ധിശക്തിയെ ചിന്താഗ്രസ്തമാക്കുന്ന ഒരു മഹൽജീവിതമാണു് അദ്ദേത്തിനു പ്രതിപാദിക്കുവാൻ ലഭിച്ചത്. ആ കാരണങ്ങൾകൊണ്ടുതന്നെ ഈ ഗ്രന്ഥത്തിനു മലയാളസാഹിത്യത്തിൽ വിശിഷ്ടവും ശാശ്വതവുമായ ഒരു സ്ഥാനം ലഭിക്കുമെന്നു പ്രത്യാശിക്കുവാൻ വകയുണ്ടു്. വായനക്കാരെ ഈ ഗ്രന്ഥം പ്രചോദിപ്പിക്കുമെന്നു ഞാൻ പ്രതീക്ഷിക്കട്ടെ!!!


തയ്ക്കാടു്, തിരുവനന്തപുരം,

ജി. രാമചന്ദ്രൻ,

പ്രസാധകൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/9&oldid=216643" എന്ന താളിൽനിന്ന് ശേഖരിച്ചത്