താൾ:Changanasseri 1932.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിയമമനുസരിച്ചു കുട്ടികൾക്കല്ലാതെ ഭാര്യ്യയ്ക്കു ചിലവിനു കിട്ടുവാനവകാശമില്ലെന്നായിരുന്നു വിധിസാരം.

ഇങ്ങിനെ നായന്മാരുടെ ഇടയ്ക്കുള്ള വിവാഹബന്ധങ്ങളുടെ നിയമസാധുത്വംപോലും നീതിന്യായക്കോടതികളിൽ ചോദ്യവിഷയമാകുന്നതു സമുദായത്തിന്റെ അന്തസ്സിനും അഭിമാനത്തിനും ചേർന്നതല്ലെന്നുള്ള ഒരു ബോധം ഉൽബുദ്ധരായ സമുദായാംഗങ്ങളുടെ ഇടയ്ക്കു പ്രചരിച്ചപ്പോൾ, അതിനൊരു പരിഹാരമാർഗ്ഗം നേടുവാനുള്ള പ്രാരംഭശ്രമങ്ങൾ തുടങ്ങി. ഇതരവർഗ്ഗങ്ങളുടെ ദൃഷ്ടിയിൽ നായർസമുദായത്തെ പരിഹാസപാത്രമാക്കിത്തീർക്കുന്ന ഈ ദുഷിച്ച ഏർപ്പാടിനെ നിയമനിർമ്മാണം കൊണ്ടു പരിഷ്കരിക്കുവാൻ പ്രക്ഷോഭണമാരംഭിച്ചു. ബ്രിട്ടീഷ് മലബാറിൽ ഇതിലേയ്ക്കു ഒരു പ്രക്ഷോഭണമാരംഭിച്ചുകഴിഞ്ഞിരുന്നു. ഈ പ്രക്ഷോഭണത്തെ ആദരിച്ചു മരുമക്കത്തായ വിവാഹങ്ങളേപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ടു ചെയ്യുവാൻ മദ്രാസ് ഗവണ്മെൻറ് സർ. ടി. മുത്തുസ്വാമി അയ്യരുടെ അദ്ധ്യക്ഷതയിൽ ഒരു കമ്മറ്റിയെ നിയമിക്കയും, പ്രസ്തുതകമ്മറ്റി വിസ്തൃതമായ അന്വേഷണങ്ങൾ നടത്തി ഒരു റിപ്പോർട്ടു സമർപ്പിക്കയും ചെയ്തിരുന്നു. എല്ലാ മരുമക്കത്തായ വിവാഹങ്ങൾക്കും നിയമസാധുത്വം നൾകേണ്ട ആവശ്യകതയേ പ്രസ്തുത റിപ്പോർട്ടിൽ ഊന്നിപ്പറഞ്ഞിരുന്നു. ഈ റിപ്പോർട്ടനുസരിച്ചു മലബാറിൽ ഒരു നൂതനനിയമം നടപ്പിൽ വരുത്തി. മരുമക്കത്തായവിവാഹങ്ങൾക്കു നിയമസാധുത്വം നൾകണമെന്ന തത്വത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടതായിരുന്നു പ്രസ്തുത നിയമമെങ്കിലും, അപ്രകാരം നിയമസാധുത്വം

ലഭിക്കുന്നതിനു് ഓരോ വിവാഹവും രജിസ്റ്റർചെയ്യേണ്ടതാണെന്നു് ഒരു വ്യവസ്ഥകൂടി അതിലുൾപ്പെടുത്തിയിരുന്നതു്, ആ നിയമത്തിന്റെ വ്യാപ്തിയേ തുലോം പരിമിതപ്പെടുത്തി. രജിസ്റ്റർ ചെയ്യാത്ത വിവാഹങ്ങളെല്ലാം നിയമദൃഷ്ട്യാ അസാധുവാണെന്നും, തന്മൂലം മരുമക്കത്തായവിവാഹങ്ങൾ പ്രായേണ നിയമസാധുത്വമില്ലാത്തവയാണെന്നും, അപ്രകാരം അസാധുവായ ബന്ധത്തിനു രജിസ്ട്രേഷൻകൊണ്ടു സാധുത്വം നൽകുകയാണെന്നുമായിരുന്നു ഈ നിയമത്തിൽ നിന്നും സിദ്ധമായതു്. ഇതു തുലോം അതൃപ്തികരമായ ഒരു വ്യവസ്ഥയായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/63&oldid=216716" എന്ന താളിൽനിന്ന് ശേഖരിച്ചത്