താൾ:Changanasseri 1932.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൂക്ഷമായ വിമർശനങ്ങൾക്കു വിഷയമായി. പ്രസ്തുത വ്യവസ്ഥകൾ സമുദായത്തിന്റെ കാലാനുകൂലമായ പരിണാമത്തിനും, വ്യക്തികളുടെ സ്വാഭാവികമായ പുരോഗതിക്കും, പ്രതിബന്ധമായി നില്ക്കുന്നു എന്ന അഭിപ്രായത്തിനു കൂടുതൽ പ്രാബല്യം സിദ്ധിച്ചു. ഈ പരിവർത്തനഘട്ടത്തിൽ രചിക്കപ്പെട്ടിട്ടുള്ള സാമുദായികനോവലുകളാണു് ഒ. ചന്തുമേനവന്റെ സുപ്രസിദ്ധമായ 'ഇന്ദുലേഖയും', 'ശാരദയും'. നായർതറവാടുകളുടെ അന്നത്തെ ക്ഷയോന്മുഖമായ അവസ്ഥയേയും, അതിനിടയാക്കിയ ദുരാചാരങ്ങളേയും, ഒരു കലാകാരനും സമുദായപരിഷ്കർത്താവുമായിരുന്ന ആ പ്രതിഭാസമ്പന്നൻ ഹൃദയംഗമമാവണ്ണം ശാശ്വതചിത്രണം ചെയ്തിട്ടുണ്ടു്.

മരുമക്കത്തായദായക്രമം ആചരിക്കുന്നവരുടെ ഇടയിലുള്ള വിവാഹബന്ധത്തിനു നിയമസാധുത്വം നൾകുകയെന്നുള്ളതായിരുന്നു സമുദായപരിഷ്കർത്താക്കളേ പ്രഥമവും പ്രധാനവുമായി ആകർഷിച്ച ദുർഘടപ്രശ്നം, എന്നു പ്രസ്താവിച്ചാൽ നായർസമുദായത്തിന്റെ സദാചാരപരമായ നില എത്ര താഴ്ന്ന പടിയിലുള്ള ഒന്നായിരുന്നു എന്നു വ്യക്തമാകുമല്ലോ. ദായക്രമത്തിന്റെയും സ്വത്തവകാശത്തിന്റെയും പ്രത്യേകത മൂലം മരുമക്കത്തായം ആചാരിക്കുന്നവരുടെ ഇടയിലുള്ള വിവാഹബന്ധങ്ങൾക്കു നിയമസാധുത്വം നൾകുവാൻ നീതിന്യായക്കോടതികൾക്കു അത്യധികമായ വിഷമങ്ങൾ നേരിട്ടു. നായർ സ്ത്രീകളും, നായരേതരന്മാരായ ഉയർന്ന വർഗ്ഗത്തിൽപെട്ട പുരുഷന്മാരും, തമ്മിൽ സാധാരണയായി നടക്കാറുണ്ടായിരുന്ന വിവാഹബന്ധങ്ങളായിരുന്നു ഈ പ്രശ്നത്തിനു കൂടുതൽ കുഴപ്പമുണ്ടാക്കിയതു്. കൂടാതെ ഇടപ്രഭുക്കന്മാരായ നായന്മാർ അവരുടെ തറവാടുകളിൽ സജാതീയബന്ധം നിഷിദ്ധമായും, ബ്രാഹ്മണസംബന്ധം ഉൽകൃഷ്ടമായും, കരുതിവന്നിരുന്നു എന്നുള്ളതു തന്നെ ഈ വിജാതീയബന്ധത്തിന്റെ സാർവ്വിത്രികത്വം വ്യക്തമാക്കുന്നു. മരുമക്കത്തായത്തിന്റെ ഫലങ്ങളിൽ ഒന്നായ ഇത്തരം വിജാതീയബന്ധങ്ങൾ നിയമാനുസരണമായ വിവാഹങ്ങളാണോ എന്നുള്ള പ്രശ്നം സ്വാഭാവികമായി ഉത്ഭവിച്ചു. ഈ

പ്രശ്നത്തെ സംബന്ധിച്ചു തിരുവിതാംകൂർ ഹൈക്കോടതിയിൽ -മാണ്ടു സുപ്രസിദ്ധമായ ഒരു വ്യവഹാരമുണ്ടായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/61&oldid=216721" എന്ന താളിൽനിന്ന് ശേഖരിച്ചത്