താൾ:Changanasseri 1932.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനേകശതവർഷങ്ങളായി നായർസമുദായം ആചരിച്ചു വന്നിരുന്ന മരുമക്കത്തായദായക്രമവും കൂട്ടുകുടുംബ വ്യവസ്ഥയും സമുദായത്തിന്റെ ഉൽഗതിയ്ക്കു വിഘാതമായിത്തീർന്നതിനുള്ള കാരണങ്ങൾ വിവിധങ്ങളാണു്. അവയിൽ പ്രധാനമായതു നായർതറവാടുകൾക്കു് അകമേനിന്നുതന്നെ ഉണ്ടായ സമ്പൽക്ഷയമായിരുന്നു. തിരണ്ടുകുളി, താലികെട്ടു് ഇത്യാദി നായർസമുദായം ഏർപ്പെടുത്തിയിരുന്ന അനാചാരങ്ങൾ ഈ അധഃപതനത്തെ അമിതമായി സഹായിക്കാതിരുന്നില്ല. അടിയന്തിരങ്ങൾക്കു് എത്ര ധനം ദുർവ്യയം ചെയ്താലും അതു് ഒരു അപരാധമായിത്തീരുന്നതല്ലെന്നു കാരണവന്മാർ ധരിച്ചു വശായി. ഈ ആവശ്യങ്ങൾക്കായി തറവാട്ടുവസ്തുക്കൾ മുഴുവൻതന്നെ വേണ്ടിവന്നാൽ അന്യാധീനം ചെയ്തു പണമുണ്ടാക്കുവാനും അവർക്കു വൈമനസ്യമില്ലെന്നും വന്നു. ഇങ്ങിനെ വസ്തുക്കൾ പണയപ്പെടുത്തുന്നതിനും വിലകൊടുക്കുന്നതിനും കാരണവന്മാർക്കു ലഭിച്ച സൌകര്യ്യം അവർ ക്രമേണ കൂടുതലായി ദുരുപയോഗം ചെയ്യുവാൻ തുടങ്ങി. അടിയന്തിരാവശ്യങ്ങൾക്കെന്ന വ്യാജേന വസ്തുക്കൾ അന്യാധീനം ചെയ്യുന്നതിനും, കിട്ടുന്ന പണത്തിന്റെ സിംഹഭാഗവും സ്വാർത്ഥലാഭത്തിനും കളത്രപുത്രാദികൾക്കു സമ്പാദ്യം ഉണ്ടാക്കുന്നതിനും, വേണ്ടി വിനിയോഗിക്കുവാനും, അവരിൽ പലരും മടിച്ചില്ല. കാരണവന്മാരുടെ നിരുത്തരവാദപരമായ ഈ ഗൃഹഭരണരീതി മറ്റു് ഉപജീവനമാർഗ്ഗങ്ങളില്ലാതെ തറവാടിനെ ആശ്രയിച്ചു കഴിയേണ്ടിയിരുന്ന ഇളമുറക്കാരുടെ ഇടയിൽ അതികഠിനമായ അസംതൃപ്തി ഉണ്ടാക്കി. അവർ പ്രതിഷേധശബ്ദം പുറപ്പെടുവിച്ചു. അങ്ങിനെ കുടുംബഛിദ്രങ്ങൾ ഉത്ഭവിച്ചു. കാരണവന്മാരുടെ അധികാരവ്യാപ്തിയ്ക്കു ഉടവു തട്ടി. നായർതറവാടുകളെ സംബന്ധിച്ചുള്ള സിവിലും ക്രിമിനിലും ആയ വ്യവഹാരങ്ങൾകൊണ്ടു കോടതികൾ നിറഞ്ഞു.

കൂടാതെ പാശ്ചാത്യ സംസ്കാരത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും ആവിർഭാവം ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്നതുപോലെ കേരളത്തിലും പല പരിവർത്തനങ്ങളും ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. തൽഫലമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി മരുമക്കത്തായവും കൂട്ടുകുടുംബവ്യവസ്ഥയും അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/60&oldid=216722" എന്ന താളിൽനിന്ന് ശേഖരിച്ചത്