താൾ:Changanasseri 1932.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടുത്ത ബന്ധം എന്നേയ്ക്കുമായി പരിച്ഛേദിച്ചുകളയുവാൻ അശേഷം മടിച്ചില്ല.

ഒരു സമുദായപരിഷ്കർത്താവു്, എന്ന നിലയിൽ നായന്മാരുടെ ദുഷിച്ച ദായക്രമമാണു് ആദ്യമായി ചങ്ങനാശേരിയുടെ ശ്രദ്ധയ്ക്കു വിഷയീഭവിച്ചതു്. മരുമക്കത്തായം ഇന്നു മിക്കവാറും ഒരു ഭൂതകാലസ്മരണ മാത്രമായിത്തീർന്നിട്ടുണ്ടു്. കേരളീയരല്ലാത്തവർക്കു മനസ്സിലാക്കുന്നതിനുപോലും വിഷമമായ ഈ ദായക്രമവും, സമുദായഘടനയും ചങ്ങനാശേരി പൊതുക്കാര്യ്യജീവിതമാരംഭിക്കുന്ന കാലത്തു് അതിന്റെ അസ്ഥിവാരത്തിൽനിന്നു് ഇളകിത്തുടങ്ങിയിരുന്നു. ഒരുകാലത്തു പക്ഷേ മനോഹരവും സുദൃഢവും, ഉപയോഗപ്രദവുമായിരുന്ന ആ മഹാസൗധം കാലത്തിന്റെ നശീകരണത്തിരുപ്പിൽപെട്ടു പ്രായേണ ദുർബ്ബലവും, അതിൽ ആവാസം ചെയ്തിരുന്ന ജനങ്ങൾക്കു് ആപൽക്കരവും ആയിത്തുടങ്ങിയിരുന്നു. ചില ചെറിയ അറ്റകുറ്റപ്പണികൾകൊണ്ടു് അതിനെ പൂർവവൽ പ്രബലവും, വാസയോഗ്യവും ആക്കാമെന്നു സ്വാഭാവികമായി അതിൽ നിവസിച്ചിരുന്ന ചിലർ വിചാരിച്ചു. അറ്റകുറ്റപ്പണികൾ അവർ ഊർജ്ജിതമായും, നിഷ്കർഷയോടുകൂടിയും ആരംഭിച്ചു. എന്നാൽ ആ പുരാതനശില്പവൈദഗ്ദ്ധ്യത്തിന്റെ മനോഹാരിതയിലും സാഹചര്യങ്ങളിലും മുഴുകി മതിമറന്നുപോയ ചില കടന്ന യാഥാസ്ഥിതികന്മാർ കഠിനമായ പ്രതിഷേധസ്വരങ്ങൾ മുഴക്കി, ഈ നൂതനപരിഷ്കരണശ്രമങ്ങൾക്കു പൂർണ്ണവിരാമമിടുവിച്ചു. അതിനാൽ ആ പ്രാചീനസൗധം കൂടുൽ പുരാതനവും ആപൽക്കരവും ആയിത്തീർന്നുകഴിഞ്ഞിരുന്നു. പഴക്കം വർദ്ധിച്ചുവന്നതോടുകൂടി കേടുപാടുകൾ

നീക്കി, വീണ്ടും ആവാസയോഗ്യമാക്കിത്തിർക്കുവാൻ കഴിവില്ലാത്തവിധം അതു ദ്രവിച്ചുതുടങ്ങി. ഒടുവിൽ ജീർണ്ണിച്ച ആ മന്ദിരം നിലംപതിച്ചു. നൂതനപരിതഃസ്ഥിതികൾക്കനുരൂപമായ വിധത്തിൽ വീണ്ടും അതു പണികഴിക്കയല്ലാതെ ഗത്യന്തരമില്ലെന്നു വന്നുകൂടി. ഈ ഘട്ടത്തിൽ മരുമക്കത്തായദായക്രമം പരിഷ്കരിക്കുവാൻ ചിലർ ചെയ്ത ശ്രമങ്ങളുടെ സമഗ്രമായ ഒരു വിവരണം ഇവിടെ അപ്രസക്തമായിരിക്കയില്ലെന്നു തോന്നുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/59&oldid=216723" എന്ന താളിൽനിന്ന് ശേഖരിച്ചത്