താൾ:Changanasseri 1932.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെറിയ സംഭവം ഇക്കാലത്തു മദ്ധ്യതിരുവിതാംകൂറിൽ നടന്നു. അധർമ്മത്തോടും അനീതിയോടും മല്ലടിക്കുവാനും, അവശരും ദുർബലരുമായ ജനങ്ങളുടെ അവകാശവാദങ്ങൾ ഏറ്റുപിടിക്കുവാനുമുള്ള അദ്ദേഹത്തിന്റെ വാസനാവിശേഷം, ഒരു വിദ്യാർത്ഥിയായിരുന്ന കാലംമുതൽക്കുതന്നെ പ്രകടമായിരുന്നു. ആ മനോഭാവംതന്നെയാണു് ആജീവനാന്തം അദ്ദേഹത്തെ ഒരു പ്രക്ഷോഭകാരിയാക്കിത്തീർത്തതു്. തിരുവിതാംകൂറിലെ അത്യുന്നതമായ ന്യായാധിപപദം പ്രലോഭനീയമായി അദ്ദേഹം കരുതിയിരുന്നില്ലെന്നു പറയുന്നതു തികച്ചും അവാസ്തവമായിരിക്കും. എന്നാൽ ന്യായാധിപപദത്തിലിരുന്നുകൊണ്ടു പ്രതാപവും അധികാരവും പ്രയോഗിച്ചു നീതി നടത്തുമ്പോഴല്ല, പിന്നേയോ ജനസമ്മിതിയുള്ള ഒരു നായകനെന്ന നിലയിൽ പ്രക്ഷോഭണരംഗത്തു നിന്നുകൊണ്ടു് അനുയായികൾക്കു് ഉപദേശങ്ങളും നിർദ്ദേശങ്ങളും നൾകികൊണ്ടിരിക്കുമ്പോഴാണു് അദ്ദേഹം യഥാർത്ഥമായ ജീവിതസുഖം അനുഭവിച്ചിരുന്നതെന്നു പറയുമ്പോൾ അതിലതിശയോക്തിപരമായി യാതൊന്നും തന്നെയില്ല. -മാണ്ടു് മദ്ധ്യ തിരുവിതാംകൂറിൽ നടന്ന കുപ്രസിദ്ധമായ നായരീഴവലഹളയാണു ചങ്ങനാശേരിയേ ആദ്യമായി പൊതുജനദൃഷ്ടിയിൽ പെടുത്തിയതു്. ഈഴവരെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചതാണു് ഈ ലഹളയ്ക്കു കാരണമായി പറയപ്പെടുന്നതു്. എങ്കിലും അതു മുഴുവൻ ശരിയായിരിക്കുവാനിടയില്ല. എന്നാൽ യതാർത്ഥമായ കാരണമെന്തായിരുന്നു എന്നു് ഇന്നുവരെ വ്യക്തമായിട്ടുമില്ല. ധനംകൊണ്ടും, ആഭിജാത്യംകൊണ്ടും, അന്നു് അത്യുന്നതമായ ഒരു

നിലയിലിരുന്ന കോയിക്കലേത്തു കുടുംബത്തിലേ അക്രമിയും ദുർവൃത്തനുമായിരുന്ന മാതുപിള്ള എന്നൊരാളും സമീപവാസികളായിരുന്ന ഈഴവരും തമ്മിലാരംഭിച്ച ശണ്ഠയായിരുന്നു ഈ ലഹളയുടെ ഉത്ഭവത്തിനു കാരണമാക്കിയതു്. അങ്ങിനെ ആരംഭിച്ച ലഹള കരുനാഗപ്പള്ളി, മാവേലിക്കര, മുതലായ താലൂക്കുകളിലേയ്ക്കു പടർന്നുപിടിക്കയും, അതിൽനിന്നു പല ക്രിമിനൽകേസുകളും ഉത്ഭവിക്കയും, ചെയ്തു. കൊല്ലംബാറിലെ അഭിഭാഷകന്മാരായിരുന്ന ഇല്ലിക്കുളം കേശവപിള്ള, ചങ്ങനാശേരി പരമേശ്വരൻപിള്ള, കെ. ആർ. പത്മനാഭപിള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/53&oldid=216730" എന്ന താളിൽനിന്ന് ശേഖരിച്ചത്