താൾ:Changanasseri 1932.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോജനങ്ങളായിരുന്നു. കക്ഷികളോടു് അദ്ദേഹം സത്യസന്ധതയോടും തുറന്ന ഹൃദയത്തോടുംകൂടിയാണു പെരുമാറിവന്നതു്. തൊഴിൽപരമായ അദ്ദേഹത്തിന്റെ സമ്മാർഗ്ഗനിഷ്ടയെ ശത്രുക്കൾക്കു പോലും അപലപിക്കുവാൻ കഴിയുമായിരുന്നില്ല. മറ്റു വക്കീലന്മാരോടു് അദ്ദേഹം സമഭാവനയോടുകൂടി വർത്തിച്ചുവന്നു. കൃത്രിമനാട്യങ്ങളേക്കാൾ നൈസർഗ്ഗികമായ ഗുണവിശേഷമാണു് അദ്ദേഹത്തെ ഒരു നല്ല അഭിഭാഷകനാക്കിത്തീർത്തതു്.

പരമേശ്വരൻപിള്ള കൊല്ലത്തെ വക്കീലന്മാരുടെ സാമൂഹ്യജീവിതം പരിഷ്കരിക്കുവാൻ ചെയ്തിട്ടുള്ള ശ്രമങ്ങളും ഈ ഘട്ടത്തിൽ സ്മരണീയമാണു്. ഈ വിഷയത്തിൽ പരമേശ്വരൻപിള്ളയുടെ വലംകയ്യായി നിന്നു പ്രവർത്തിച്ചതു് അന്നു കൊല്ലത്തു പ്രാക്റ്റീസ് ചെയ്തിരുന്ന കെ. ആർ. പത്മനാഭപിള്ളയായിരുന്നു. പത്മനാഭപിള്ളയും, പരമേശ്വരൻപിള്ളയും ആത്മമിത്രങ്ങളായിരുന്നു എന്നുമാത്രമല്ല, പരമേശ്വരൻപിള്ളയുടെ പൊതുക്കാര്യ്യജീവിതത്തിൽ അദ്ദേഹത്തിനു കെ. ആർ. പത്മനാഭപിള്ളയിൽനിന്നു ലഭിച്ചിട്ടുള്ള പ്രേരണയും സഹകരണവും അവർണ്ണനീയവുമാണു്. പരമേശ്വരൻപിള്ള പ്രാക്റ്റീസാരംഭിക്കുന്ന കാലത്തു കൊല്ലത്തു വക്കീലന്മാക്കു് ഒരു പ്രത്യേക സംഘടനയോ, ഒന്നിച്ചുകൂടുന്നതിനു് മാന്യമായ ഒരു സ്ഥലമോ, ഉണ്ടായിരുന്നില്ല. വക്കീലന്മാർ വിശ്രമവേളകളിൽ ഇരുന്നു വായിക്കുന്നതിനും, സംഭാഷണം ചെയ്യുന്നതിനും ഉപയോഗിച്ചു വന്ന മുറി "ശാരദ"യിൽ വക്കീലിനെ അന്വേഷിച്ചു പുറപ്പെട്ട താശ്ശൻമേനവൻ ചെന്നു കയറിയ സ്ഥലത്തേക്കാളും കൂടുതൽ ജീർണ്ണിച്ചിരുന്നു. മൂട്ടനിറഞ്ഞ ഒന്നു രണ്ടു കസേരകളും രണ്ടു കാലിനും ഇളക്കം തട്ടിയിട്ടുള്ള ഒരു ബഞ്ചുമായിരുന്നു അവിടത്തേ വിശ്രമോപകരണങ്ങൾ. മൂട്ടയെ നശിപ്പിക്കുവാനുള്ള ദീർഘശ്രമത്തിൽ കസാലകൾ ഉടലോടെ പൊക്കി നിലത്തിടിച്ചിടിച്ചു് അവയുടെ പലകകൾ പൊളിഞ്ഞും, കാലുകൾ തകർന്നും, ഉപയോഗശൂന്യങ്ങളായിത്തീർന്നിരുന്നു. വക്കീലന്മാർ ഇരുന്നുവായന ആരംഭിക്കുന്നതിനു മുൻപു് കസാലകൾ ഇടയ്ക്കു തകർന്നു നിലം

പതിച്ചുപോകാതിരിക്കാൻ വേണ്ടി ഇടതുകൈ ജനാലഅഴികളിലോ, ഉറപ്പുള്ള മറ്റു് അഭയസ്ഥാനങ്ങളിലോ ബന്ധിക്കുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/51&oldid=216734" എന്ന താളിൽനിന്ന് ശേഖരിച്ചത്