താൾ:Changanasseri 1932.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായിരുന്നു. ഇവരുടെ വാത്സല്യവും, ഉപദേശവുമാണു തന്റെ പ്രവർത്തനരംഗമായി കൊല്ലം തിരഞ്ഞെടുക്കുവാൻ പരമേശ്വരൻപിള്ളയെ മുഖ്യമായി പ്രേരിപ്പിച്ചതു്.

അക്കാലത്തു ബി. എൽ, ബിരുധാരികൾപോലും വക്കീൽ വൃത്തിയിൽ പ്രവേശിക്കുന്നതിനുമുൻപ്, ഒരു പ്രത്യേകപരീക്ഷ കൂടി ജയിച്ചിരിക്കണമെന്നു നിയമമുണ്ടായിരുന്നു. അനാരോഗ്യം നിമിത്തം അക്കൊല്ലത്തെ പരീക്ഷയിൽ ചേർന്നു ജയിക്കുവാൻ പരമേശ്വരൻപിള്ളയും കഴിഞ്ഞില്ല. വീണ്ടും പരീക്ഷയിൽ ജയിക്കുവാൻ ദീർഘമായ ഒരു സംവത്സരം കാത്തിരിക്കേണ്ടിവരുമെന്നുള്ള നില വന്നു കൂടി. ഇങ്ങിനെ ഒരു വർഷം നഷ്ടപ്പെടുമെന്നുള്ളതു് അപ്രതീക്ഷിതമായ ഒരു ദുർഘടമായിരുന്നു. വക്രമായ ദുർഘടങ്ങൾ ഹൃസ്വമായ മാറ്റങ്ങളിൽകൂടി കടന്നു കയറുവാനുള്ള കല്പനാവൈഭവംകൊണ്ടു പരമേശ്വരൻപിള്ള അനുഗൃഹീതനാണു്. പരീക്ഷ കടന്നുകൂടുവാൻ കഴിഞ്ഞില്ലെങ്കിൽ, പരീക്ഷ ജയിക്കണമെന്നുള്ള നിയമംതന്നെ നിർത്തൽ ചെയ്തു സന്നതെടുക്കണമെന്നായിരുന്നു പരമേശ്വരൻപിള്ള നിശ്ചയിച്ചതു്. ഒരു കാര്യ്യം നിശ്ചയിച്ചുറച്ചാൽ അതു സാധിക്കുന്നതു വരെ നിരന്തരമായി യത്നിക്കുകയെന്നുള്ളതു് അദ്ദേഹത്തിന്റെ നൈസർഗ്ഗികമായ ഒരു ഗുണവിശേഷമായിരുന്നു. നിയമം ഭേദഗതിചെയ്തു പരീക്ഷ നിർത്തലാക്കുവാനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. ഇക്കാര്യത്തിൽ മി. കൃഷ്ണൻ പണ്ഡാലയുടെ ആത്മാർത്ഥമായ സഹകരണവും പരമേശ്വരൻപിള്ളയ്ക്കു ലഭിച്ചു. നിയമം ഭേദഗതി ചെയ്തു. പരീക്ഷ നിർത്തലാക്കി. അങ്ങിനെ സന്നതെടുക്കാനുള്ള ഒരു പ്രതിബന്ധം നീങ്ങി. സന്നതെടുക്കാനാവശ്യമുള്ള പണമുണ്ടാക്കുകയെന്നുള്ളതായിരുന്നു പിന്നീടഭിമുഖീകരിക്കേണ്ടിവന്ന മറ്റൊരു ദുർഘടം. ഒരു സ്നേഹിതന്റെ രണ്ടു സ്വർണ്ണമോതിരം കടം വാങ്ങി, സതീർത്ഥ്യനായിരുന്ന ഒരു പണ വ്യാപാരിയെ സമീപിച്ചു. രൂപായ്ക്കു പ്രതിമാസം അരച്ചക്രം പലിശ നിരക്കിനു് അമ്പതു രൂപാ കടം വാങ്ങി രണ്ടാമത്തെ ദുർഘടവും കടന്നുകൂടി. രൂപായ്ക്കു അരചക്രം പലിശ വാങ്ങിയ പണവ്യാപാരി തനിക്കു ലഭിച്ച ആദായത്തിൽ എത്രയോ ഇരട്ടി

അനന്തരകാലങ്ങളിൽ പരമേശ്വരൻപിള്ളയ്ക്കു വക്കീൽ ഫീസായി കൊടുക്കേണ്ടിവന്നിട്ടുണ്ടു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/46&oldid=216740" എന്ന താളിൽനിന്ന് ശേഖരിച്ചത്