താൾ:Changanasseri 1932.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായി അപഗ്രഥിക്കുവാനും, ശാഖാചംക്രമണം ചെയ്യാതെ സൂക്ഷ്മമായി വിമർശിക്കുവാനും, അദ്ദേഹത്തിനു കഴിയുമായിരുന്നു. അദ്ദേഹം ഒരു മിതഭാഷിയാണു്. സംഭാഷണങ്ങളിലാകട്ടെ, അനന്തരകാലങ്ങളിൽ കോടതികളിൽ കുഴഞ്ഞ കേസുകൾ വാദിക്കുമ്പോഴാകട്ടെ, പൊതുയോഗങ്ങളിൽ പ്രസംഗിക്കുമ്പോഴാകട്ടെ, നിയമസഭയിൽ വാദപ്രതിവാദം ചെയ്യുമ്പോഴാകട്ടെ അശാസ്ത്രീയമായി ആവശ്യത്തിൽ കവിഞ്ഞ ഒരൊറ്റപ്പദംപോലും അദ്ദേഹം ഉപയോഗിക്കാറുണ്ടായിരുന്നില്ല. ഈ ശാസ്ത്രീയമായ മനോഭാവമാണു പിന്നീടു് അദ്ദേഹത്തിന്റെ നിയമജീവിതത്തെ വിജയകരമാക്കിച്ചെയ്തതു്. വ്യക്തിപരമായ കാര്യ്യങ്ങൾപോലും അദ്ദേഹം ആവേശത്തോടുകൂടി വീക്ഷിച്ചിട്ടില്ല. കേവലം ശാസ്ത്രീയമായ ഒരു ജിജ്ഞാസയോടുകൂടി മാത്രമാണു പൊതുക്കാര്യ്യജീവിതത്തെ എല്ലാ ഘട്ടങ്ങളിലും, സ്വകാര്യജീവിതത്തെ മിക്കപ്പോഴും, അദ്ദേഹം വീക്ഷിച്ചിട്ടുള്ളതു്. പരമേശ്വരൻപിള്ളയ്ക്കു ഹൃദയത്തേക്കാൾ ബുദ്ധിയാണു കൂടുതൽ വികസിച്ചിട്ടുള്ളതെന്നു് അനന്തരകാലങ്ങളിൽ അദ്ദേഹത്തിന്റെ വിമർശകന്മാർ പറയാറുണ്ടായിരുന്നു. ബുദ്ധി പരമായിട്ടല്ലാതെ, സ്തോഭപരമായ ഒരു പ്രവർത്തനവും അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അവർ പറഞ്ഞിട്ടുണ്ടു്. ഇതു് ഏറെക്കുറെ ശരിയാണു്. അദ്ദേഹത്തിന്റെ ബുദ്ധിപ്രധാനവും ശാസ്ത്രീയവുമായ മനോഗതിയുടെ ഒരു സ്ഥിരീകരമാത്രമാണു് ഇതു്. മനശ്ശാസ്ത്രദൃഷ്ട്യാ വികാരപ്രധാനമെന്നു തോന്നാവുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങൾപോലും ബുദ്ധിപ്രധാനമായ നിശ്ചലാത്മകജീവിതത്തിലെ വൈവിദ്ധ്യത്തിനു വേണ്ടിയുള്ള ചില താൽക്കാലികവ്യതിയാനങ്ങൾ മാത്രമാണു്. പ്രസ്തുത ശാസ്ത്രീയവീക്ഷണകോടി തന്നെയാണു് അനന്തരകാലങ്ങളിൽ അദ്ദേഹത്തിനു നാസ്തികൻ എന്ന ബിരുദം സമ്പാദിച്ചുകൊടുത്തതു്. ഡാർവിന്റെ പരിണാമവാദം അക്കാലത്തു ശാസ്ത്രലോകത്തെ ഇളക്കിമറിച്ചു

കൊണ്ടിരിക്കയായിരുന്നു. Origin of the species (ഓറിജിൻ ആഫ് ദി സ്പീഷീസ്) എന്ന ഡാർവിന്റെ വിശ്രുതമായ ഗ്രന്ഥം പരമേശ്വരൻപിള്ള ഒരു മതഗ്രന്ഥമെന്നപോലെ ആവർത്തിച്ചു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/35&oldid=216741" എന്ന താളിൽനിന്ന് ശേഖരിച്ചത്