താൾ:Changanasseri 1932.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യതിചലിക്കുവാൻ പ്രേരിപ്പിക്കുന്ന ചില ചില്ലറ പ്രലോഭനങ്ങളേയും പരമേശ്വരൻപിള്ളയ്ക്കഭിമുഖീകരിക്കേണ്ടിവന്നിരുന്നു. കമ്മീഷൻഉത്തരവുകളെ സംബന്ധിച്ചു വ്യാജമായ റിപ്പോർട്ടുകളയയ്ക്കുവാൻ പണംകൊണ്ടു ചില കക്ഷികൾ അദ്ദേഹത്തേ പ്രേരിപ്പിച്ചിട്ടുണ്ടു്. ചില ഘട്ടങ്ങളിൽ ഭീഷണി കൊണ്ടദ്ദേഹത്തെ വിരട്ടിയോടിക്കുവാൻ പോലും പ്രബലന്മാരായ ചില കക്ഷികൾ തുനിഞ്ഞിട്ടുണ്ടു്. ഇങ്ങനെയുള്ള അവസരങ്ങളിലെല്ലാം സത്യസന്ധതയും, വിപദിധൈര്യ്യവും പരമേശ്വരൻപിള്ളയ്ക്കു പിന്തുണയായുറച്ചു നിന്നിരുന്നതുകൊണ്ടു് ഒരിക്കൽപോലും ആ ബാല്യദശയിൽ തന്റെ കർത്തവ്യങ്ങളിൽ നിന്നു് അദ്ദേഹം വ്യതിചലിക്കുവാനിടയായിട്ടില്ല.

നിരന്തരമായ കായക്ലേശംകൊണ്ടും, പോഷണകരമായ ആഹാരസാധനങ്ങളുടെ അഭാവംകൊണ്ടും, കളേജുവിദ്യാഭ്യാസം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേയ്ക്കും പരമേശ്വരൻപിള്ള രോഗഗ്രസ്തനായിച്ചമഞ്ഞു. ജൂണിയർ എഫ്. എ. പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയതോടുകൂടി അദ്ദേഹം ശയ്യാവലംബിയായിത്തീർന്നു, 'ബ്രൈറ്റ്സ് ഡിസീസ്' എന്ന മൂത്രാശയരോഗമാണു് അദ്ദേഹത്തെ ബാധിച്ചിരുന്നതു്. രണ്ടു മാസം

മുഴുവനും അദ്ദേഹത്തിനു രോഗശയ്യയിൽത്തന്നെ കഴിച്ചുകൂട്ടേണ്ടിവന്നു. രോഗശമനം വന്നെഴുന്നേറ്റപ്പോൾ കാളേജിൽ ചേരുവാനുള്ളസമയം കഴിഞ്ഞുപോയി. ഒരു വർഷം നിഷ്പ്രയോജനമായി ദുർവ്യയം ചെയ്യരുതെന്നു കരുതി പരമേശ്വരൻപിള്ള കോട്ടയത്തു ചെന്നു്, അന്നവിടെ സ്കൂൾഇൻസ്പെക്ടറായിരുന്ന സീ. കെ. പി-യെക്കണ്ടു. ഏതു ഘട്ടത്തിലും ആ ശിഷ്യപ്രമുഖന്റെ ഗുണകാംക്ഷിയായിരുന്ന ഗുരുഭൂതൻ അദ്ദേഹത്തിന്റെ ആഫീസിൽ അപ്പോൾ ഒഴിവുണ്ടായിരുന്ന ഒരു ചെറിയ ഉദ്യോഗം താല്ക്കാലികമായി പരമേശ്വരൻപിള്ളയ്ക്കു നൾകി. കൂടാതെ തന്റെ ശിശുക്കളേ അദ്ധ്യയനം ചെയ്യിക്കുവാൻ സ്വന്തഗൃഹത്തിൽ താമസമാക്കിക്കൊള്ളുവാനും സീ. കെ. പി., പരമേശ്വരൻപിള്ളക്കനുമതി നൾകി. ഇങ്ങനെ പ്രതിമാസം പത്തു രൂപാ വീതം ഒരു വർഷത്തേയ്ക്കു ലഭിച്ച ശമ്പളം മുഴുവൻ ഭാവിയിലേ ആവശ്യങ്ങൾക്കു മിച്ചം വയ്ക്കുവാൻ പരമേശ്വരൻപിള്ളയ്ക്കു കഴിഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/33&oldid=216719" എന്ന താളിൽനിന്ന് ശേഖരിച്ചത്