താൾ:Changanasseri 1932.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടന്നുനടന്നു കാലു തേഞ്ഞതല്ലാതെ, തുടർച്ചയായുള്ള ഈ സന്ദർശനങ്ങൾകൊണ്ടു യാതൊരു ഫലവുമുണ്ടായില്ല. അവസാനമായി കയ്യിൽ ശേഷിച്ച കത്തുമായി നിരാശനായ പരമേശ്വരൻപിള്ള കാൽനടയായി മൂന്നു ദിവസത്തെ വഴിയുള്ള പറവൂർക്കു തിരിച്ചു. പട്ടിണികിടന്നും, തളർന്നും, ക്ഷീണിച്ചും ഒരുവിധം മുൻസിഫിന്റെ ഗൃഹത്തിൽ എത്തിച്ചേർന്നു് അദ്ദേഹത്തെക്കണ്ടു് എഴുത്തു കൊടുത്തു. എഴുത്തു വായിച്ചു തീരുന്നതിനു മുൻപുതന്നെ കമ്മീഷൻ ഉത്തരവുകളൊന്നുമില്ലന്നു് അദ്ദേഹം മറുപടി പറഞ്ഞു. യാത്രാക്ലേശം കൊണ്ടും, നിരാശകൊണ്ടും ക്ഷീണചിത്തനായിരുന്ന പരമേശ്വരൻപിള്ള ദീപ്തി നശിച്ച തന്റെ നയനങ്ങൾ രണ്ടും ദയനീയമാം വണ്ണം ആ ഉദ്യോഗസ്ഥന്റെ മുഖത്തു പതിപ്പിച്ചു, നിർന്നിമേഷനായി നോക്കിക്കൊണ്ടു നില്ക്കുവാനല്ലാതെ ഒരക്ഷരംപോലും ഉരിയാടുവാൻ ശക്തനായില്ല. ഇതു കണ്ടാർദ്രചിത്തനായ മുൻസിഫ് "ഞാൻ നിങ്ങൾക്കു് ഒരഞ്ചു രൂപാ തരണമെന്നു വിചാരിക്കുന്നു. അതിപ്പോൾ കൈവശമില്ല. തിരുവനന്തപുരത്തു ബി. ഏ. ക്ലാസിൽ പഠിക്കുന്ന എന്റെ മകൻ അതു നിങ്ങളെ കണ്ടുപിടിച്ചു തരും" എന്നുകൂടി പറഞ്ഞിട്ടു് അകത്തേക്കു പോയി. ഉദാരനായ ഈ ദാതാവും, ദാനമർത്ഥിച്ചു ചെന്ന പരമേശ്വരൻപിള്ളയും, അവരുടെ സുദീർഘങ്ങളായിരുന്ന ജീവിതങ്ങൾ കഴിച്ചുകൂട്ടി, ഈ ലോകത്തിൽ നിന്നു് അന്തർദ്ധാനം ചെയ്തിട്ടു കാലം കുറഞ്ഞോന്നു കഴിഞ്ഞിരിക്കുന്നു എങ്കിലും പ്രസ്തുത വാഗ്ദാനം ഇനിയും നിർവഹിക്കപ്പെടേണ്ടതായിട്ടാണു് ഇരിക്കുന്നതു്. പരമേശ്വരൻപിള്ള തന്റെ അനുഭവങ്ങൾ യഥാകാലം സദുദ്ദേശപ്രേരിതനായിരുന്ന മുൻസിഫ് കൃഷ്ണപിള്ളയെ അറിയിച്ചു. അദ്ദേഹം അതു കേട്ടു ഖേദിച്ചു. എതായാലും ഈ കായക്ലേശത്തിനും, നിരാശയ്ക്കും പരിഹാരമെന്നപോലെ ഉടൻ തന്നെ മുൻസിഫ് കൃഷ്ണപിള്ള സത്യം ചെയ്യിക്കുവാനുള്ള ഒരു കമ്മീഷൻ ഉത്തരവു പരമേശ്വരൻപിള്ളയ്ക്കു നൾകി. ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ പല കമ്മീഷൻ ഉത്തരവുകളും അദ്ദേഹം നടത്തിയിട്ടുണ്ടു്. വസ്ത്രധാരണം തുടങ്ങിയ

പ്രാഥമികമായ മനുഷ്യാവശ്യങ്ങൾക്കുപോലും പണമില്ലാതെ ഉഴലുന്ന അക്കാലത്തു, സത്യത്തിൽ നിന്നും ധർമ്മത്തിൽ നിന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/32&oldid=216718" എന്ന താളിൽനിന്ന് ശേഖരിച്ചത്