താൾ:Changanasseri 1932.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗതിയും അഭിരുചിയും വാസനയും ശ്രദ്ധിച്ചു മനസ്സിലാക്കുകയും, അതിനനുരൂപമായ നിലയിൽ അവരോടു പെരുമാറുകയും ചെയ്തുവന്നു. ഹൈസ്കൂളിൽ അന്നുണ്ടായിരുന്ന മറ്റൊരദ്ധ്യാപകൻ, അനന്തരകാലങ്ങളിൽ അഭിഭാഷകവൃത്തിയിൽ നിന്നു ഹൈക്കോടതി ജഡ്ജിയുദ്യോഗത്തിലേയ്ക്കുയർന്ന കെ. ജി. ശേഷയ്യരായിരുന്നു. ഏറ്റവും ദുർഘടകരമായ ചോദ്യക്കടലാസുകൾ നിർമ്മിക്കുന്ന അദ്ധ്യാപകനെന്ന നിലയിലാണു പണ്ഡിതനായ ശേഷയ്യരെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽപെട്ടവർ ഇന്നും സ്മരിക്കുന്നതു്.

ഇക്കാലത്താണു പാച്ചുവിന്റെ ജീവിതത്തിൽ അവിസ്മരണീയമായ ഒരത്യാഹിതം സംഭവിച്ചതു്. ഉദ്യോഗജീവിതത്തിലേ അനാരോഗ്യകരമായ നടപടികളും ദിനചര്യ്യയും കൊണ്ടു തിരുവനന്തപുരത്തു വന്നു് അല്പകാലം കഴിയുന്നതിനു മുൻപുതന്നെ നാരായണപിള്ള പ്രമേഹരോഗബാധിതനായിത്തീർന്നിരുന്നു. രോഗശമനത്തിനു വേണ്ടിച്ചെയ്ത ചികിത്സാവിധികളേയും, അനാഥരും നിരാശ്രയരുമായിത്തീർന്ന കളത്രപുത്രാദികളുടെ കണ്ണുനീർപ്രവാഹത്തെയും, വിഗണിച്ചു കൊണ്ടു നാല്പത്തിരണ്ടാമത്തെ വയസ്സിൽ മൃതി അദ്ദേഹത്തെ നിർദ്ദാക്ഷിണ്യമായി ഗ്രസിച്ചുകളഞ്ഞു. അദ്ദേഹത്തിനുണ്ടായിരുന്ന അല്പമായ ചില സമ്പാദ്യങ്ങൾ മരണാനന്തരം മരുമക്കത്തായനിബന്ധനകളനുസരിച്ചു്, അദ്ദേഹത്തിന്റെ തറവാട്ടിൽ ലയിച്ചു. അശരണരായ പാച്ചുവും, സഹോദരിയും, മാതാവും പറയത്തക്ക യാതൊരു ധനസ്ഥിതിയുമില്ലാതിരുന്ന സ്വന്തം തറവാട്ടിനെത്തന്നെ അഭയംപ്രാപിക്കേണ്ടി വന്നു.

ഇതിനുശേഷം അല്പദിവസങ്ങൾക്കുള്ളിൽ നാരായണി അമ്മയും രോഗബാധിതയായി കിടപ്പിലായി. അതികഠിനമായ ക്ഷയരോഗമാണു് അവരെ ബാധിച്ചിരുന്നതു്. സമീപവാസിയായിരുന്ന ഒരായുർവേദവൈദ്യന്റെ ചികിത്സയല്ലാതെ ശാസ്ത്രീയമായ യാതൊരു വൈദ്യസഹായവും

അന്നത്തെ പരിതസ്ഥിതികളിൽ അവർക്കു ലഭിക്കുവാൻ മാർഗ്ഗമുണ്ടായിരുന്നില്ല. നാരായണപിള്ളയുടെ മരണാനന്തരം പത്തു മാസങ്ങൾക്കുള്ളിൽ ആ സാദ്ധ്വി ഭർത്താവിനെ അനുഗമിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/24&oldid=216708" എന്ന താളിൽനിന്ന് ശേഖരിച്ചത്