താൾ:Changanasseri 1932.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്റ്റരുടെ ക്രൂരമായ മുഖം ഒരു മന്ദഹാസംകൊണ്ടു തെളിഞ്ഞു വികസിച്ചു. സന്തുഷ്ടനായ അദ്ദേഹം തൻറെ ക്ലാസിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിയെ വിളിച്ചു താഴ്ന്ന ക്ലാസിൽ പഠിക്കുന്ന ഈ കൃശഗാത്രനായ ബാലനെ ചുമലിൽ വഹിച്ചുകൊണ്ടു ക്ലാസിനു ചുറ്റും മൂന്നു വലം വയ്ക്കുവാൻ ആജ്ഞ നൽകി. ഇങ്ങിനെ ബാലനായിരുന്നപ്പോൾ ഒരിക്കൽ ഒരു മനുഷ്യക്കുതിരമേലല്ലാതെ താൻ ഒരിക്കലും കുതിരസ്സവാരി ചെയ്തിട്ടില്ലെന്നു് അനന്തരകാലങ്ങളിൽ ചങ്ങനാശേരി വിനോദരൂപത്തിൽ പറയാറുണ്ടായിരുന്നു.

താമസസ്ഥലത്തുനിന്നു രണ്ടു മൈൽ ദൂരത്തിലാണു പള്ളിക്കൂടം സ്ഥിതിചെയ്തിരുന്നതു്. ദിവസവും രണ്ടുനേരം പുഞ്ചപ്പാടങ്ങളും വയലുകളും കടന്നു് രണ്ടു മൈൽ സഞ്ചരിക്കേണ്ടിയിരുന്നതുകൊണ്ടും, പോഷണകരമായ ആഹാരം ലഭിക്കാതിരുന്നതുകൊണ്ടും, ഉച്ചപ്പട്ടിണികൊണ്ടും, ആ ബാലന്റെ ആരോഗ്യത്തിനു സാരമായ ഹാനി തട്ടിക്കഴിഞ്ഞിരുന്നു. ബാലകാലത്തു പരിതസ്ഥിതികളുടെ പ്രാതികൂല്യംകൊണ്ടു സമ്പാദിച്ച ഈ അനാരോഗ്യം ജീവിതകാലം മുഴുവൻ അദ്ദേഹത്തെ ഒട്ടു വളരെ അലട്ടിയിട്ടുണ്ടു്.

അചിരേണ പാച്ചുവിനു ഡാനിയലിന്റെ ക്ലാസിലേക്കു് കയറ്റം കിട്ടി. പാച്ചു ഭയവിഹ്വലതയോടുകൂടി പ്രതീക്ഷിച്ചു കൊണ്ടിരുന്ന ഒരു സംഭവമായിരുന്നു ഇതു്. ഹെഡ്മാസ്റ്റരുടെ പ്രഹരശിക്ഷയെക്കുറിച്ചുള്ള ഭയമാണു പരീക്ഷാവിജയത്തിന്റെ സന്തോഷത്തെക്കാൾ ബാലനായ പാച്ചുവിന്റെ ഹൃദയത്തിൽ മുന്നിട്ടു നിന്നതു്. എന്നാൽ ഇക്കാലത്തു സന്തോഷകരമായ മറ്റൊരു സംഭവമുണ്ടായി. പാച്ചുവിന്റെ പിതാവായ നാരായണപിള്ളയെ തിരുവനന്തപുരത്തു ഹജുർ സമ്പ്രതിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവു് അദ്ദേഹത്തിനു കിട്ടി. ഉടൻ തന്നെ നാരായണപിള്ളയും ഭാര്യ്യയും കുട്ടികളും

തിരുവനന്തപുരത്തേയ്ക്കു താമസം മാറ്റി. അങ്ങിനെ ഡാനിയലിന്റെ ദണ്ഡനവിധികളിൽനിന്നു പാച്ചുവിനു വിമോചനം ലഭിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/20&oldid=216704" എന്ന താളിൽനിന്ന് ശേഖരിച്ചത്