താൾ:Changanasseri 1932.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യത്തിലെ അച്ചടക്കം പരിപാലിക്കുവാൻ ചതുരൂപായങ്ങളിലെ നാലാമത്തെ മാർഗ്ഗമാണു സ്വീകരിച്ചിരുന്നതു്. പാണൽവടി കെട്ടുകെട്ടായി അദ്ദേഹത്തിന്റെ മേശപ്പുറത്തു കിടക്കുന്നതു് അന്നത്തേ ഒരു സാധാരണ കാഴ്ചയായിരുന്നു. നിസ്സാരമായ കുറ്റങ്ങൾക്കുകൂടി അദ്ദേഹം വിദ്യാർത്ഥികളെ നിർദ്ദാക്ഷിണ്യമായി പ്രഹരിക്കുന്നതു കണ്ടാൽ ഇത്ര നിർദ്ദയനും ക്രൂരനുമായ ഒരു മനുഷ്യൻ വേറെ ലോകത്തിലില്ലെന്നു തോന്നിപ്പോകും. ഒരു മനുഷ്യക്കരടിയേപ്പോലെ വിദ്യാർത്ഥികൾ അദ്ദേഹത്തെ വെറുക്കയും ഭയപ്പെടുകയും ചെയ്തു. ക്ലാസ്സുകയറ്റം കിട്ടിയില്ലെങ്കിൽകൂടി ഹെഡ്മാസ്റ്റരുടെ ക്ലാസ്സിൽ പഠിക്കുവാനിടവരരുതേ എന്നു വിദ്യാർത്ഥികൾ പ്രാർത്ഥിച്ചു. പ്രസ്തുത വിദ്യാലയത്തിലേ ഏറ്റവും താഴ്ന്ന ക്ലാസ്സിൽ അദ്ധ്യയനം ആരംഭിച്ച പാച്ചുവിനു് ഉടനടി ഹെഡ്മാസ്റ്റരുടെ ഭീകരനടപടികളെ ഭയപ്പെടേണ്ടിയിരുന്നില്ലെങ്കിലും, വിദൂരമല്ലാത്ത ഭാവിയിൽ സംഭവിക്കാനിടയുള്ള ആ അത്യാഹിതത്തെക്കുറിച്ചോർത്തു് ആ ബാലൻ പലപ്പോഴും നടുങ്ങിപ്പോയിട്ടുണ്ടു്.

ഒരു ദിവസം ഡാനിയൽ ലോവർ ഫോർത്തിൽ കണക്കു വിഷയം പഠിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹം ഒരു ചോദ്യം ബോർഡിലെഴുതി അതു മനക്കണക്കായി ചെയ്തുത്തരം നൽകുവാൻ വിദ്യാർത്ഥികളോടാജ്ഞാപിച്ചു. എന്നാൽ പ്രസ്തുത ചോദ്യത്തിനു ശരിയായ ഉത്തരം നൽകുവാൻ അദ്ദേഹത്തിന്റെ ക്ലാസ്സിലെ ഒരൊറ്റ വിദ്യാർത്ഥിക്കും കഴിഞ്ഞില്ല. അടുത്ത ക്ലാസ്സിലെ ഒരു ബഞ്ചിലിരുന്നുകൊണ്ടു് അവിടെ നടക്കുന്നതെന്താണെന്നു ശ്രദ്ധിക്കാതെ ഹെഡ്മാസ്റ്റരുടെ ചോദ്യം ശ്രവിച്ചുകൊണ്ടു് ആലോചനയിൽ മുഴുകിയിരുന്ന പാച്ചുവിന്റെ മുഖത്തു് ഹെഡ്മാസ്റ്റരുടെ ക്രൂരദൃഷ്ടികൾ യാദൃച്ഛികമായി ചെന്നു പതിഞ്ഞു. പാച്ചു ഹെഡ്മാസ്റ്റരുടെ സവിധത്തിൽ ചെല്ലുവാൻ ആജ്ഞാപിതനായി. പാണൽ വടിപ്രഹരത്തിന്റെ തീവ്രമായ വേദന മനസ്സിൽ സങ്കല്പിച്ചു കൊണ്ടു പാച്ചു ഭയന്നു വിറച്ചു് ഒരുവിധം ഹെഡ്മാസ്റ്റരുടെ

സമീപം ചെന്നുനിന്നു. കണക്കിനുത്തരം പറയുവാൻ ഇടിമുഴങ്ങുന്ന സ്വരത്തിൽ ഹെഡ്മാസ്റ്റരാജ്ഞാപിച്ചു. ഉരുളയ്ക്കുപേരിപോലെ പാച്ചു ശരിയായ ഉത്തരം നൽകി. ഹെഡ്മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/19&oldid=216703" എന്ന താളിൽനിന്ന് ശേഖരിച്ചത്