താൾ:Changanasseri 1932.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ"

എന്നു തുടങ്ങിയ സങ്കീർത്തനങ്ങൾ പാടിക്കുക പതിവായിരുന്നു. പാച്ചുവിനും സംഗീതത്തിനും തമ്മിൽ യാതൊരു പൊരുത്തവുമുണ്ടായിരുന്നില്ല. ഗുരുനാഥന്റെ സംഗീതഭ്രാന്തു പാച്ചുവിനു വലിയ ശല്യമായിട്ടാണു് അനുഭവപ്പെട്ടത്. പ്രഭാത വേളയിലെ ശൈത്യസുഖമനുഭവിച്ചു ഗാഢനിദ്രയിൽ മുഴുകുമ്പോഴാണു ഗുരുനാഥൻ തന്റെ സംഗീതപടഹവുമായി ഉണർന്നെഴുന്നേറ്റു വിദ്യാർത്ഥികളുടെ കർണ്ണപുടങ്ങൾ ഭേദിക്കുന്നതു്. ഏതായാലും ഈ ദുരിതം പാച്ചുവിനും സഹവിദ്യാർത്ഥികൾക്കും ദീർഘകാലം അനുഭവിക്കേണ്ടിവന്നില്ല. പാച്ചു വിദ്യാലയത്തിൽ ചേർന്നു ആറു മാസം കഴിയുന്നതിനു മുൻപു വിദ്യാലയം നിർത്തൽ ചെയ്തു് ഗുരുനാഥൻ സ്വദേശമായ പറവൂർക്കു ഭാണ്ഡം മുറുക്കി. വിദ്യാവിതരണം ചെയ്യുവാനുള്ള പത്മനാഭപിള്ളയുടെ ശുഷ്കാന്തിക്കോ, സംഗീതകലയിലുള്ള അദ്ദേഹത്തിന്റെ പ്രവീണതയ്ക്കോ, ദിനംപ്രതി വിദ്യാർത്ഥികളില്ലാതെയും പണമില്ലാതെയും പ്രോത്സാഹനമില്ലാതെയും അധഃപതിച്ചുകൊണ്ടിരുന്ന ആ വിദ്യാലയത്തെ അതിന്റെ അന്തിമദുരദൃഷ്ടത്തിൽനിന്നു വിമോചിപ്പിക്കുവാൻ കഴിഞ്ഞില്ല. സ്ക്കൂൾ നിർത്തൽചെയ്തതിലും പത്മനാഭപിള്ള തിരോധാനം ചെയ്തതിലും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ഒട്ടുംതന്നെ സന്തപിച്ചതുമില്ല. പ്രഭാതവേളയിലെ സംഗീതപരിശീലനം നിലച്ചതിൽ പാച്ചു സന്തോഷിക്കുകതന്നെ ചെയ്തു.

ഇംഗ്ലീഷ്വിദ്യാഭ്യാസം തുടരുവാൻ മാതാപിതാക്കന്മാർ പുത്രനെ ചങ്ങനാശേരി ഡിസ്ട്രിക്ട് ഇംഗ്ലീഷ്സ്കൂളിലയച്ചു പഠിപ്പിച്ചു. മാതാപിതാക്കന്മാരെ വിട്ടുപിരിഞ്ഞു പാച്ചു ചങ്ങനാശേരിയിൽ തന്റെ തറവാട്ടുഗ്രഹത്തിൽ താമസമാക്കി. അന്നു ചങ്ങനാശേരിയിൽ ലോവർ ഫോർത്തുഫാറംവരെ നാലു ക്ലാസ്സുകളാണുണ്ടായിരുന്നതു്.

തെക്കൻതിരുവിതാംകൂറുകാരനായ ജെ. എൻ. ഡാനിയൽ എന്നൊരാളായിരുന്നു അവിടത്തെ ഹെഡ്മാസ്റ്റർ. അദ്ദേഹം ഈശ്വരഭക്തനും സദാചാരസമ്പന്നമായ ഒരു കൃസ്ത്യാനിയായിരുന്നു എങ്കിലും വിദ്യാല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/18&oldid=216702" എന്ന താളിൽനിന്ന് ശേഖരിച്ചത്