താൾ:Bhashabharatham Vol1.pdf/861

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊടുങ്കാറ്റടിയുണ്ടായിതിടിവെട്ടീ ഭയങ്കരം 22

കൊള്ളിമീൻ ചാടി നഭസി ഗ്രസിച്ചൂ രാഹു സൂര്യനെ
വാവുന്നാളെന്നിയെ ഘോരം പ്രജകൾക്കു ഭയപ്രദം. 23

രഥശാലകളിൽ കാണുമാറായ് വന്നിതു തീയുമേ
ധ്വജങ്ങൾ വീണു ഭരതവംശനാശനസൂചനം. 24

ദുര്യോധനാഗ്ന്യഗാരത്തിൽ കുറുക്കൻ കൂകിയുഗ്രമായ്
അങ്ങുമിങ്ങും കഴുതകളതിന്നെതിർ കരഞ്ഞുതേ. 25

എഴുന്നേറ്റൂ ഭീഷ്മനപ്പോൾ ദ്രോണനോടൊത്തു സഞ്ജയ!
കൃപൻതാനും സോമദത്തൻ ധീമാൻ ബാൽഹീകഭൂപനും. 26

വിദുരപ്രേരണയോടും ചെന്നേനാസ്സമയത്തു ഞാൻ
തരാമിഷ്ടവരം കൃഷ്ണയ്ക്കെന്തെന്തിച്ഛിച്ചിടുന്നുവോ. 27

വരിച്ചു പാഞ്ചാലി പാർത്തർക്കടിമപ്പാടൊഴിച്ചിൽതാൻ
സരഥായുധരായ് പോകാനനുവാദം കൊടുത്തു ഞാൻ. 28

പറഞ്ഞു സർവ്വധർമ്മജ്ഞൻ പ്രാജ്ഞൻ വിദുരനപ്പോഴേ
ഭരതർക്കിതിലാണന്തം കേറ്റീലേ സഭ കൃഷ്ണയെ? 29

പാഞ്ചാലനന്ദിനിയിവൾ സാക്ഷാൽശ്രീദേവിയൊത്തവൾ
ദൈവം സൃഷ്ടിച്ചവളുപസർപ്പിപ്പു കൃഷ്ണപാർത്തരെ. 30

അവൾക്കുള്ള പരിക്ലേശം പൊറുക്കാ പാർത്ഥർ കോപികൾ
വൃഷ്ണിവീരരൂമവ്വണ്ണംതന്നെ പാഞ്ചാലവീരരും. 31

സത്യാഭിസന്ധിയുള്ളോരാ വാസുദേവന്റെ രക്ഷയിൽ
പാഞ്ചാലന്മാരുമൊന്നിച്ചു വന്നെതിർക്കും ധനഞ്ജയൻ. 32

ആക്കൂട്ടത്തിൻ നടുക്കായ്ഭീമസേനൻ മഹാബലൻ
കാലൻ ദണ്ഡുകണക്കൂക്കൻഗദ തുള്ളിച്ചടുക്കുമേ. 33

പിന്നെദ്ധീമാനർജ്ജുനന്റെ ഗാണ്ഡീവത്തിന്റെ ശബ്ദവും
ഭീമന്റെയാഗ്ഗദക്കാറ്റുമേൽക്കാനാളായ് വരാ നൃപർ. 34

എൻ പക്ഷം പാർത്തരായ് സന്ധി നല്ലൂ നന്നല്ല വിഗ്രഹം
കുരുക്കളെക്കാൾ പാർത്തന്മാർ ശക്തരെന്നാണു മന്മത. 35

എന്തെന്നാൽ ബലിയാം ശ്രീമജ്ജരാസന്ധനരേന്ദ്രനെ
ബാഹുയുദ്ധംകൊണ്ടുതന്നെ പോരിൽ കൊന്നിതു മാരുതി. 36

അങ്ങയ്ക്കു ശമമേ നല്ലൂ പാർത്ഥരായ് ഭരതർഷഭ!
ഇരുവർക്കും ഹിതമിതു ചെയ്ക നിസ്സംശയം ഭവാൻ; 37

ഏവം ചെയ്താൽ മഹാരാജ, ശ്രേയസ്സങ്ങയ്ക്കു കൈവരും.
ഏവം ധർമ്മാർത്ഥസഹിതം വിദുരൻ ചൊല്ലി സഞ്ജയ! 38

കൈക്കൊണ്ടില്ലാ ചൊന്നവാക്കു മക്കൾക്കു ഹിതകാംക്ഷി ഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/861&oldid=157203" എന്ന താളിൽനിന്ന് ശേഖരിച്ചത്