താൾ:Bhashabharatham Vol1.pdf/745

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിഗ്രഹിച്ചു മഹാബാഹു പൗരവേശ്വരനെ ദ്രുതം
കൗശികാചാര്യാകൃതിയെ പ്രയാസപ്പെട്ടുകൊണ്ടവൻ 62

പാട്ടിലാക്കി മഹാബാഹു സുരാഷ്ട്രാവനിനാഥനെ.
സുരാഷ്ട്രത്തിൽ പാർത്തുകൊണ്ടു ചൊല്ലിവിട്ടിതു ദൂതനെ 63

മഹാമാത്രൻ ഭോജകടം വാഴും രുക്മിക്കു ധാർമ്മികൻ.
സാക്ഷാൽ ദേവേന്ദ്രസഖിയാം ഭീഷ്മകന്നുമതേവിധം 64

സ്വീകരിച്ചൂ പുത്രനോടൊത്തവനാപ്പാർത്ഥശാസനം.
വാസുദേവനെയോർത്തിട്ടു നന്ദിപൂർവ്വം മഹീപതേ 65

ഉടൻ രത്നങ്ങളും വാങ്ങി നടന്നു യോധനായകൻ.
പിന്നെശ്ശുർപ്പാരകത്തേയും താലാടത്തേയുമങ്ങനെ 66

പാട്ടിലാക്കി മഹാവീര്യൻ ദണ്ഡകങ്ങളെയും ബലിം
സാഗരദ്വീപിലമരും മ്ലേച്ഛരാം നൃപരേയുമേ 67

നിഷാദപുരുഷദാഢ്യ കർണപ്രാവരണൗഘവും
നരരാക്ഷസജന്മാരാമാക്കാലമുഖരേയുമേ 68

കോലശൈലം മുഴുവനും സുരഭീപട്ടണത്തേയും,
താമ്രദ്വീപത്തെയും പിന്നെ രാമകക്ഷ്മാധരത്തേയും 69

തിലിംഗനൃപരേയുംതാൻ കീഴടക്കി മഹാദ്യുതി.
ഏകപാൽപുരുഷരെയും കാടർ കേരളേയരുമേ 70

സംജയന്തിനഗരിയും പാഷണ്ഡം കരഹാടകം
ദൂതൻമാരാൽ പാട്ടിലാക്കിക്കപ്പം വാങ്ങിച്ചു പാണ്ഡവൻ. 71

പാണ്ഡ്യദ്രവിഡരേയുംതാൻ ചോളകേരളരേയുമേ
ആന്ധ്രതാലവനൻമാരേയുഷ്ട്രകർണ്ണികലിംഗരെ 72
അടവീപുരിയും പിന്നെ യവനന്മാർപുരത്തേയും
ദൂതൻമാരാൽ പാട്ടിലാക്കിക്കപ്പം വാങ്ങിച്ചു പാണ്ഡവൻ. 73

പിന്നെക്കച്ഛത്തിലെത്തീട്ടു ധീമാൻ മാദ്രവതീസുതൻ
ദൂതരെ വിട്ടു പൗലസ്ത്യവിഭീഷണനു ധാർമ്മികൻ. 74

പൂജ്യനെന്നോർത്ത മതിമാൻ പ്രീതിപൂർവ്വമരിന്ദമൻ
നന്ദിപൂർവ്വം സ്വീകരിച്ചിതവൻ പാർത്ഥന്റ ശാസനം. 75

അതു കാലകൃതംതാനെന്നോർത്താനാ മതിമാൻ പ്രഭു
ഉടൻ കൊടുത്തയച്ചൂ താൻ പലമാതിരി രത്നവും, 76

അകിൽ ചന്ദനവും പിന്നെ ദ്രവ്യാഭരണജാലവും
നല്ല വസ്ത്രങ്ങളും പാരം വിലയാം മണിജാലവും; 77

ഉടൻ തിരിച്ചു ധീമാനാം സഹദേവൻ പ്രതാപവാൻ.
ഇത്ഥം സാന്ത്വത്തീനാലുംതാൻ യുദ്ധത്താലും ജയിച്ചുടൻ 78

മന്നോർ കപ്പം തരുംവണ്ണമാക്കീട്ടെത്തിയരിന്ദമൻ.
ധർമ്മരാജന്നതൊക്കേയും കാഴ്ചവചച്ചൂ കരൂദ്വഹൻ 79

കൃതകൃത്യൻ പാർത്തകൊണ്ടു സുഖമായ് ജനമേജയ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/745&oldid=157080" എന്ന താളിൽനിന്ന് ശേഖരിച്ചത്