താൾ:Bhashabharatham Vol1.pdf/725

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽ നീ നരരെക്കൊന്നു ചെയ്വതെന്തീശ്വരാദ്ധ്വാരം? 11

സവർണ്ണനെസ്സവർണ്ണന്റെ പശുവാക്കീട്ടറുക്കുമോ
മറ്റൊരുത്തൻ ജരാസന്ധ, നിന്നെപ്പോലെ ജളാശയൻ? 12

ഏതേതവസ്ഥയിൽ കർമ്മമേതേതോ ചെയ്വതിങ്ങൊരാൾ
അതാതവസ്ഥയ്ക്കു ഫലമവൻ നേടീടുമേ ദൃഢം. 13

ജ്ഞാതിവിദ്ധ്വംസിയാം നിന്നെയാർത്തരെക്കാക്കുമിജ്ജനം
ജ്ഞാതിവൃദ്ധിക്കു വേണ്ടീട്ടു കൊല്ലുവാൻ വന്നണഞ്ഞതാം. 14

നാട്ടിൽ ക്ഷത്രിയരെന്നൊപ്പമാരുമില്ലെങ്ങുമെന്നു നീ
നിനച്ചീടുന്നതും ഭൂപ, വലുതാം ബുദ്ധിമോഹമാം. 15

ആഭിജാത്യമറിഞ്ഞോരു ധീരക്ഷത്രിയനേതവൻ
പടവെട്ടി സ്ഥിരസ്വർഗ്ഗമടയാൻ പിടിയാത്തവൻ? 16

സ്വർഗ്ഗത്തെപ്പാർത്തു തൻ യുദ്ധയജ്ഞത്തിൽ ദീക്ഷയാണ്ടവർ
ക്ഷത്രിയന്മാർ ജയിക്കുന്നു ലോകങ്ങൾ മനുജർഷഭ! 17

സ്വർഗ്ഗമൂലം പരം വേദം സ്വർഗ്ഗമൂലം യശസ്സുമേ
സ്വർഗ്ഗമൂലം തപം പോരിൽ ചാക്കോ തെറ്റാത്തതാണിഹ. 18

ഇതാണൈന്ദ്രം വൈജയന്തം നിതാന്തഗുണസാധനം
മൂപ്പാർ കാപ്പൂ ദാനവരേ വെന്നിതൊന്നാൽ പുരന്ദരൻ. 19

നിന്നോടെന്നവിധം യുദ്ധമാരോടാം സ്വർഗ്ഗസാധനം?
പെരുകും മാഗധബലദോർബ്ബലോന്മത്തനാം ഭവാൻ. 20

നിന്ദിച്ചീടൊല്ല പരരെ വീര്യമുണ്ടു നരർക്കെടോ
നിനക്കു തുല്യനായിട്ടോ മെച്ചമായോ നരേശ്വര! 21

ഈ തത്ത്വമറിയാറാകും വരയ്ക്കേ നിന്റെ തെറ്റുകൾ
പൊറിക്കൂ ഞങ്ങളിതു ഞാൻ പറഞ്ഞേക്കാം ധരാപതേ! 22

കിടക്കാരോടു നീ ഭള്ളും തള്ളലും വിടു മാഗധ!
സസുതാമാത്യബലനായ് കാലനൂർക്കു ഗമിക്കൊലാ. 23

ദംഭോത്ഭവൻ കാർത്തവീര്യനുത്തരൻതാൻ ബൃഹദ്രഥൻ
കൂട്ടരൊത്തീ നൃപർ മുടിഞ്ഞില്ലേ ശ്രേയോവിനിന്ദയാൽ? 24

അങ്ങയായ് പൊരുതാൻ വന്ന ഞങ്ങൾ ഭൂസുരരല്ലെടോ
ഹൃഷീകേശൻ ശൗരിയീ ഞാൻ വീരരാമിവർ പീണ്ഡവർ. 25

നിന്നെപ്പോർക്കു വിളിക്കുന്നു സ്ഥിരം പൊരുതു മാഗധ!
വിടൂ നൃപരെയല്ലെങ്കിൽ നടക്കൂ കാലനൂർക്കുതാൻ. 26

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/725&oldid=157060" എന്ന താളിൽനിന്ന് ശേഖരിച്ചത്