താൾ:Bhashabharatham Vol1.pdf/587

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

662
പിന്നീടൊരിക്കൽ വിന്ധ്യാദ്രിതന്മേൽ പാറപ്പുറത്തവർ
പൂത്ത വൃക്ഷങ്ങളും പാർത്തു സൗഖ്യമായ് വിഹരിച്ചുതേ. 6
ദിവ്യകാമോപഭോഗങ്ങൾ സർവ്വവും ചേർത്തുകൊണ്ടവർ
വരാസനത്തിലായ് നാരീനിരയോടൊത്തു മേവിനാർ. 7
വാദ്യനൃത്യങ്ങളോടൊത്തും പേർത്തും സേവിച്ചു നാരികൾ
പാട്ടും സ്തുതികളും മറ്റും കേട്ടു നന്ദിച്ചിണങ്ങിനാർ. 8
കാനനത്തിൽ പൂവറുത്തുമെത്തീ തത്ര തിലോത്തമ
ശൃംഗാരമായ് കിഴിഞ്ഞൊറ്റ രക്തവസ്ത്രവുമായവൾ. 9
പുഴവക്കിൽ കർണ്ണികാരപ്പൂക്കളും തേടിയങ്ങനെ
മെല്ലെമെല്ലെച്ചെന്നു ദൈത്യവീരന്മാരമരുന്നിടം 10
അവരോ പാനവും ചെയ്തു മദത്താൽ കൺചുവന്നഹോ!
ആ വരാരോഹയെക്കണ്ടമാത്രയിൽ ചുറ്റിയേറ്റവും. 11
ഉടൻ പീഠം വിട്ടവൾ നില്പിടത്തേക്കെത്തിനാരവർ
കാമസന്തപ്തരായൊപ്പം പ്രാർത്ഥിച്ചാരിരുപേരുമേ. 12
വലംകൈക്കുപിടിച്ചല്ലോ സുന്ദനസ്സുന്ദരാംഗിയെ
ഉപസുന്ദനുമവ്വണ്ണമിടംകൈയ്ക്കു പിടിച്ചുതേ. 13
നെഞ്ഞൂക്കുകൊണ്ടും ബ്രഹ്മന്റെ വരംകൊണ്ടും മദിച്ചവർ
ധനരത്നമദംകൊണ്ടും മദ്യത്തിൻ മത്തുകൊണ്ടുമേ. 14
എന്നീയെല്ലാം മദംപൂണ്ടോർ തമ്മിൽ ചില്ലി വളച്ചവർ
മദകാമങ്ങളുൾക്കൊണ്ടു തമ്മിലിങ്ങനെ ചൊല്ലിനാർ: 15
“നിനക്കല്ലല്ലെനിക്കാണെ”ന്നായി ക്രോധിച്ചിതായവർ
അവൾക്കുള്ളഴകാൽ മോഹിച്ചിഷ്ടം കൈവിട്ടു കേവലം 16
അവൾമൂലം ഘോരഗദയവർ കൈക്കൊണ്ടിതപ്പൊഴേ
അവളിൽ കാമമാർന്നൂക്കൻ ഗദ കൈയിൽ പിടിച്ചവർ. 17
ഞാൻ മുൻപു ഞാൻ മുൻപിതെന്നായന്യോന്യം നിഹനിച്ചുതേ
ഗദകൊണ്ടടി കൊണ്ടിട്ടു പതിച്ചിതിരുപേരുമേ 18
ചോരകൊണ്ടേറ്റമാറാടിയഭ്രാൽ വീണർക്കസന്നിഭർ
ഉടനോടീ നാരികളും പടുദാനവവർഗ്ഗവും. 19
പാതാളത്തിൽചെന്നൊളിച്ചൂ വിഷാദഭയമഗ്നരായ്.
ഉടനേ നാന്മുഖൻ വന്നൂ ദേവർഷിഗണസംയുതൻ 20
അടുത്തുചെന്നു മാനിച്ചൂ തിലോത്തമയെയേറ്റവും
വരം തരാമെന്നുറച്ചൂ വടിവിൽ പങ്കജോത്ഭവൻ 21
വരദാനോത്സുകൻ നന്ദിച്ചരുൾ ചെയ്തൂ പിതാമഹൻ:
“ദിവ്യലോകത്തിലൊക്കേയും ഭവ്യേ, നീ സഞ്ചരിക്കുമേ 22
കാന്തിയാൽ വെളിവായ് നിന്നെക്കണ്ടുകൂടില്ലൊരുത്തനും.”
അവൾക്കേവം വരം നല്കി സർവ്വലോക പിതാമഹൻ. 23
ത്രൈലോക്യമിന്ദ്രന്നേല്പിച്ചു സത്യലോകത്തിലെത്തിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/587&oldid=156907" എന്ന താളിൽനിന്ന് ശേഖരിച്ചത്