താൾ:Bhashabharatham Vol1.pdf/497

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാസിഷ്ഠനാനൃപതിയെ രോഷംവാച്ചു ശപിച്ചുതേ: 12

“തല്ലീലയോ മുനിയെ നീ രക്ഷോവൃത്ത്യാ നൃപാധമ!
അതിനാൽ നീയിന്നുതൊട്ടു പുരുഷാശനനായ്‌വരും.

നടക്കും മർത്ത്യമാംസത്തെത്തേടി നീയുഴിചുറ്റുമേ
പോടോ രാജാധമാ”യെന്നാശ്ശക്തിമാൻ ശക്തി ചൊല്ലിനാൻ.

വിശ്വാമിത്രവസിഷ്ഠന്മാർക്കക്കാലം ശിഷ്യസംഗ്രാഹേ
സ്പർദ്ധയായ്ത്തീർന്നിതിവനിൽ വിശ്വാമിത്രനടുത്തുതേ.

ഇവരിങ്ങനെ തർക്കിക്കെയവിടെച്ചെന്നുകൂടിനാൻ
പാർത്ഥ, പ്രതാപവാൻ വിശ്വാമിത്രനുഗ്രതപോധനൻ.

പിന്നീടാണാ നൃപനറിഞ്ഞതാമുനിവരിഷ്ഠനെ
വസിഷ്ഠപുത്രനായോരു ശക്തിയാണിവനെന്നഹോ!

മറഞ്ഞുനിന്നിതാ വിശ്വാമിത്രനും തത്ര ഭാരത!
അവർ രണ്ടാളുമറിയാതാത്മകാര്യം നടത്തുവാൻ

ശക്തിയേവം ശപിച്ചപ്പോളാ ക്ഷമാപതി സത്തമൻ
പ്രസാദിപ്പിക്കുവാൻ കൂപ്പിശ്ശരണം പുക്കു ശക്തിയെ.

ആ നൃപൻതന്നുള്ളറിഞ്ഞു താനപ്പോൾ കുരുസത്തമ!
വിശ്വാമിത്രൻ രാക്ഷസനെ വിട്ടാനാ നൃപവര്യനിൽ.

വിപ്രർഷിശാപംകൊണ്ടിട്ടും വിശ്വാമിത്രാജ്ഞകൊണ്ടുമേ
കിങ്കരാഖ്യൻ രാക്ഷസനാ നൃപങ്കൽ കയറീടിനാൻ.

ആ ക്ഷോണീപതിയിൽ കൂടീ രക്ഷസ്സെന്നതു കണ്ടുടൻ
ആ സ്ഥലം വിട്ടുപോയ് വിശ്വാമിത്രനാം മുനിസത്തമൻ

ഉടനാ നൃപനോ താനുൾപ്പെടും രക്ഷസ്സിനാലഹോ!
ബാധയാർന്നതിനാലാത്മബോധം പാർത്ഥ, നശിച്ചുപോയ്.

വനപ്രസ്ഥിതനാമബ്ഭൂപനെക്കണ്ടൊരു ഭൂസുരൻ
വിശന്നോൻ മാംസമൊത്തന്നം തരികെന്നായിരന്നുതേ.

അവനോടോതിയപ്പൊഴാ നൃവരൻ മിത്രപാലകൻ:
“ഇവിടെക്കാത്തിരിക്കൂ ഭൂദേവ, തെല്ലിടയെങ്കിലോ

തിരിയേ വന്നു തന്നേക്കാം തരംപോലുള്ള ഭോജനം”
എന്നോതി മന്നവൻ പോന്നാൻ നിന്നാനാ ദ്വിജസത്തമൻ.

അഥ ഭൂപൻ സഞ്ചരിച്ചു യഥാകാമം യഥാസുഖം
തിരിയേവന്നു താനന്തഃപുരം പൂകീടിനാനവൻ.

അർദ്ധരാത്രിക്കുണർന്നിട്ടു വരുത്തിസ്സൂദരെ ദ്രുവം
വിപ്രനോടേറ്റതോർത്തിട്ടു കല്പിച്ചിതവനീശ്വരൻ

കല്മഷപാദൻ പറഞ്ഞു
ചെല്ലുകീക്കാട്ടിലുണ്ടെന്നെക്കാത്തിരിക്കുന്നു ഭൂസുരൻ
ചോറുകിട്ടാൻ മാംസമൊത്ത ചോറു നല്കുകവന്നുടൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/497&oldid=156847" എന്ന താളിൽനിന്ന് ശേഖരിച്ചത്