താൾ:Bhashabharatham Vol1.pdf/485

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

560
തപതിക്കൊത്ത ഭർത്താവായ് തപനൻ കരുതീടിനാൻ. 15

ശ്രൂതാഭിജനനാം ഭൂമീപതി സംവരണന്നുതാൻ
അക്കന്യയെക്കൊടുക്കാനായർക്കൻ ചിന്തിച്ചുറച്ചുതേ. 15

ദ്യോവിലർക്കൻ ദീപ്തിപൂണ്ടു ശോഭിച്ചിടും പ്രകാരമേ
ഭൂവിൽ സംവരണൻ ദീപ്ത്യാ ശോഭിച്ചാനവനീശ്വരൻ. 16

ഉദിച്ചുപൊങ്ങും രവിയെ ബ്രഹ്മാദികളാംവിധം
അർച്ചിച്ചൂ സംവരണനെ ബ്രാഹ്മണാദി പ്രജാവ്രജം. 17

കാന്തിയാൽ ചന്ദ്രനുടെയും തേജസ്സാൽ ഭാസ്കരന്റെയും
മേലെയായ് നിന്നിതാ ശ്രീമാൻ സുഹൃർദ്ദുർഹൃത്തുകൾക്കഹോ. 18

ഏവം ഗുണത്തൊടബ്ഭൂമീദേവരാജൻ വിളങ്ങവേ
തപനൻതാൻ തപതിയെയവന്നേകാനുറച്ചുതേ. 19

ഒരിക്കലാ നരവരൻ പുരുശ്രീമാൻ പരാക്രമി
പർവ്വതോപവനത്തിങ്കൽ പാർത്ഥ, നായാട്ടു ചെയ്തുപോൽ. 20

നായാടുമ്പോളാ നൃപന്റെ ഹയം പൈദാഹമാർന്നുടൻ
മരിച്ചുപോയീ കൊന്തേയ, ഗിരിഭാഗത്തുവച്ചുടൻ. 21

അശ്വം ചത്തിട്ടദ്രിയിൽ കാൽനടയായ് ചുറ്റുമാ നൃപൻ
കണ്ടാനഴകെഴും ലോലമിഴിയാമൊരു കന്യയെ. 22

ഒറ്റയ്ക്കുതാൻ ശത്രുഹരനൊറ്റയ്ക്കായ് കണ്ട കന്യയെ
ലാക്കിൽ കണ്ണുപറിക്കാതെ നോക്കിനിന്നാൻ നൃപർഷഭൻ. 23

അവനോർത്താനഴകു കണ്ടവളെ ശ്രീയിതെന്നുതാൻ
പിന്നെയോർത്താൻ ഭാസ്കരനിൽനിന്നുറ്റാ പ്രഭയെന്നുമേ. 24

വപുസ്സു വർച്ചസ്സിവയാൽ വഹ്നിജ്ജ്വാലയതെന്നുമേ
പ്രസാദം കാന്തിയിവയാൽ ചന്ദ്രലേഖയിതെന്നുമേ. 25

അവളാഗ്ഗിരിപൃഷ്ഠത്തിലസിതായതലോചന
പൊന്നിൻ പ്രതിമയെപ്പോലെ മിന്നിശ്ശോഭിച്ചിതേറ്റവും. 26

വിശേഷിച്ചുമവൾക്കുള്ള രൂപവേഷങ്ങളാൽ ഗിരി
മുറ്റും പൊൻമയമായ് വൃക്ഷം ചുറ്റും ചെടിയുമൊത്തഹോ! 27

അവളെക്കണ്ടവാറന്യസ്ത്രീജനം തുച്ഛമെന്നവൻ
നിന്ദിച്ചു സഫലം തന്റെ കണ്ണിനെന്നും നിനച്ചുതേ. 28

ജന്മം മുതല്ക്കിങ്ങെന്തെല്ലാമമ്മഹീപതി കണ്ടുവോ
അതൊന്നുമിവളോടൊക്കുന്നതല്ലഴകിലെന്നുമായ്. 29

അവളാഗ്ഗുണപാശങ്ങളാലേ കൺകരൾ കെട്ടവേ
അനങ്ങാതൊന്നുമറിയാതങ്ങനെ നിന്നുപോയ് നൃപൻ. 30

'ദേവാസുരമനുഷ്യാദി ലോകമെല്ലാം കടഞ്ഞുടൻ
സത്തെടുത്തിവൾതൻ രൂപം വിധി നിർമ്മിച്ചതായ് വരാം' 31

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/485&oldid=156834" എന്ന താളിൽനിന്ന് ശേഖരിച്ചത്