അർജ്ജുനൻ പറഞ്ഞു
നഗരം ദൂരെയല്ലീക്കാട്ടിങ്കൽനിന്നും കാണ്മു ഞാൻ
ഉടനെ പോക നാം നമ്മെയറിയിക്കൊല്ല സുയോധനൻ. 35
വൈശമ്പായനൻ പറഞ്ഞു
പിന്നെയവ്വണ്ണമെന്നോതിയൊന്നിച്ചാപ്പുർഷ്ഷഭർ
ഉടൻ പോയാരാശരിയാം ഹിഡിംബിയുമതേവിധം. 36
155. ഘടോൽക്കചോത്പത്തി
ഹിഡിംബന്റെ നേരെയുള്ള ദ്വേഷം കൊണ്ടു ഭീമൻ ഹിഡിംബിയേയും കൊല്ലാൻ ഭാവിക്കുന്നു. ധർമ്മപുത്രൻ ആ അധർമ്മകൃത്യത്തിൽനിന്നു സഹോദരനെ തടുക്കുന്നു. ഹിഡിംബിയുടെ വീണ്ടും വീണ്ടുമുള്ള പ്രാർത്ഥനക്കേട്ടു, ഭീമൻ ഹിഡിംബിയെ സ്വീകരിക്കുന്ന. അവർക്ക് ഘടോൽക്കചൻ എന്ന പുത്രനുണ്ടാകുന്നു.
ഭീമൻ പറഞ്ഞു
അരക്കർ കറ വച്ചീടും മയക്കും മായ പൂണ്ഡവർ
ഹിഡിംബി, പോക നീനിന്റെയണ്ണൻ പോയ വഴിക്കുതാൻ. 1
യുധിഷ്ടിരൻ പറഞ്ഞു
ചൊടിക്കിലും നരവ്യാഘ്ര, ഭീമ കൊല്ലൊല്ല പെണ്ണിനെ
ഇമ്മെയ്യിനേക്കാളധികം ധർമ്മം രക്ഷിക്ക പാണ്ഡവ! 2
കൊന്നിടാൻ വന്നൊരു കൂറ്റൻതന്നെയും കൊന്നു വിട്ടു നീ
ആ രക്ഷസ്സിന്റെ ഭഗനിയിടഞ്ഞാലെന്തെടുത്തിടും? 3
വൈശമ്പായനൻ പറഞ്ഞു
ഹിഡിംബി കുന്തിയെക്കൂപ്പിയഭിവാദ്യം കഴിച്ചുടൻ.
കൗന്തേയനാം ധർമ്മപുത്രൻ തന്നെയും പിന്നെയോതിനാൾ. 4
ഹിഡിംബി പറഞ്ഞു
ആര്യേ, നീയറിയും നൂനം സ്ത്രൂകൾക്കുള്ളംഗജാർത്തിയ
അതെനിക്കിപ്പോളാപ്പെട്ടു ഭീമൻ കാരണമായി ശുഭേ! 5
കാലം കാത്തു പൊറുത്തേനൂക്കാളുമസങ്കടത്തെ ഞാൻ
ഇപ്പോഴാക്കാലമായ് വന്നതുൾപ്രീതി മമ കിട്ടണം. 6
ഞാനെൻ സുഹൃത്തുക്കളെയും സ്വധർമ്മം സ്വജനത്തെയും
വിട്ടു ഭർത്താവായി വരിച്ചേൻ വീരനാം നിൻ കുമാരനെ. 7
ആ വീരനാം നിൻ മകനും നീയുമെന്നെ ത്യജിക്കുകിൽ
ജീവിച്ചിരിക്കയില്ലീ ഞാനിപ്പറഞ്ഞു സത്യമാം. 8
അതിനാൽ കൃപ വെയ്ക്കേണം നീയെന്നിൽ വരവർണ്ണിനീ!
മൂഢയെന്നോ ഭക്തയെന്നോ ദാസിയെന്നോ നിനച്ചു മാം. 9
മഹാഭാഗേ, നിൻ മകനാബ്ഭർത്താവേടു ചേർക്കണേ!
ദേവാഭനാമവനുമായ് പോവേനിഷ്ടപ്പടിക്കു ഞാൻ. 10