താൾ:Bhashabharatham Vol1.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൈശമ്പായനൻ പറഞ്ഞു
പാരമത്യന്തമാം സഖ്യം പോരുമെന്നാൻ സുയോധനൻ 40
എന്നു കേട്ടങ്ങനേതന്നെയെന്നു കർണ്ണനുമോതിനാൻ:
അന്യോന്യം നന്ദിയാൽ പുല്കി നിന്നാനന്ദിച്ചിതായവർ. 41

137. ദുര്യോധനോക്തി

ഓടിക്കിതച്ചു ദേഹത്തിൽനിന്നു കിഴിഞ്ഞ വസ്ത്രത്തോടുകൂടി അധിരഥൻ ആ സ്ഥലത്തെത്തുന്നു. കർണ്ണൻ വിനയാനതനായി ആ വളർത്തച്ഛനെ വന്ദിക്കുന്നു. ഇതുകണ്ട ഭീമസേനൻ, 'നിനക്ക് അസ്ത്രമല്ല ചമ്മട്ടിയാണ് പറ്റിയ ആയുധ'മെന്നുപറഞ്ഞു കർണ്ണനെ ആഷേപിക്കുന്നു. വീരന്മാരുടെ കുലം നോക്കേണ്ട ആവശ്യമില്ലെന്നും പരാക്ര മമാണു് പ്രധാനമെന്നും ദുര്യോധനൻ അതിനു മറുപടി പറയുന്നു.


വൈശമ്പായനൻ പറഞ്ഞു
പടം1 മേലിട്ടതു കിഴിഞ്ഞുടൽ വേർത്തു വിറച്ചുടൻ
രംഗംപുക്കാനധിരഥൻ വടികുത്തിക്കിതച്ചഹോ ! 1

അവനെക്കണ്ടുടൻ വില്ലും കൈവിട്ടു പിതൃഗൗരവാൽ
കർണ്ണൻ ചെന്നഭിഷേകാർദ്രത്തല കുമ്പിട്ടു കൂപ്പിനാൻ. 2

ഉടൻ പടംകൊണ്ടു കാലും തടവീട്ടു സസംഭ്രമം
പുത്രയെന്നോതി പൂർണ്ണാർത്ഥം തത്രതാൻ രഥസാരഥി. 3

തഴുകിക്കർണ്ണനെ സ്നേഹമൊഴുകീട്ടലിവാണ്ടവൻ
അംഗരാജ്യാഭിഷേകാർദ്രമൗലി ബാഷ്പത്തിൽ മുക്കിനാൻ. 4

തത്ര കണ്ടിട്ടിവൻ സൂതപുത്രനെന്നോർത്തു പാണ്ഡവൻ
ഭീമസേനൻ ചിരിച്ചുംകൊണ്ടീമട്ടന്നേരമോതിനാൻ. 5

ഭീമസേനൻ പറഞ്ഞു
പാർത്ഥന്റെ കൈയ്യാൽ നീ സൂതപുത്ര, പോരിൽ മരിക്കൊലാ
കുലത്തിനൊത്ത ചമ്മട്ടിക്കോലു കൈയിലെടുക്കെടോ. 6

അംഗരാജ്യം വാഴുവാനുമങ്ങനർഹൻ നരാധമ !
ശ്വാവദ്ധ്വരാഗ്നിക്കരികേ ഹവിസ്സേൽക്കുംപ്രകാരമാം. 7

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടളവിൽ കർണ്ണൻ മൃദു ചുണ്ടു വിറച്ചുടൻ
ദീർഘശ്വാസത്തൊടും വാനിൽ നിൽക്കുമർക്കനെ നോക്കിനാൻ. 8

ഉടൻ ദുര്യോധനൻ കോപത്തൊടും ചാടി മഹാബലൻ
ഭ്രാതൃപത്മവനാൽ മത്തമാതംഗേന്ദ്രൻകണക്കിനെ 9

ഭീമകർമ്മാവായി നിൽക്കും ഭീമനോടവനോതിനാൻ.
ദുര്യോധനൻ പറഞ്ഞു
വൃകോദര, നിനക്കൊക്കില്ലിക്കണക്കുള്ള വാക്കുകൾ 10

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/406&oldid=156748" എന്ന താളിൽനിന്ന് ശേഖരിച്ചത്