താൾ:Bhashabharatham Vol1.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിയായ് ബുദ്ധിയിൽ തത്ത്വസ്ഥിതി കണ്ടതു കേൾക്കുകിൽ
അതിൽക്കാണും സൂത, നീയെൻ മതിക്കണ്ണിന്റെ കാഴ്ചകൾ. 147

എന്നോ കേട്ടു ചിത്രചാപം കുലച്ചി-
ട്ടൊന്നായ് ലാക്കെയ്തിട്ടു രാജാക്കൾ കാണ്കേ,
നന്ദ്യാ പാൎത്ഥൻ കൃഷ്ണയേ വേട്ടതീ ഞാ-
നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ.        148

എന്നോ കേട്ടു ദ്വാരകയ്ക്കുള്ള ലക്ഷ്യം
ചെന്നാപ്പാൎത്ഥൻ ചെയ്ത ഭദ്രാപഹാരം1
ഇന്ദ്രപ്രസ്ഥേ രാമകൃഷ്ണാപ്തിയും ഞാ-
നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 149

എന്നോ കേട്ടൂ വൻപെഴും മാരി പെയ്തോ-
രിന്ദ്രൻതന്നെശ്ശസ്ത്രശക്ത്യാ തടുത്തും
അഗ്നിക്കായിക്ഖാണ്ഡവം നല്കിയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 150

എന്നോ കേട്ടൂ മുൻപരക്കില്ലവും വി-
ട്ടൊന്നായ്‌ ക്കുന്തീയുക്തരായ് പാൎത്ഥർ പോയി
എന്നാലുണ്ടാ വിദുരൻ മന്ത്രിയായെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 151

എന്നോ കേട്ടൂ രംഗമദ്ധ്യേൎജ്ജുനൻ ലാ-
ക്കന്നെയ്തേറ്റാ ദ്രൗപദീലാഭമൂലം
പാഞ്ചാലന്മാർ പാണ്ഡവൎക്കാപ്തരായെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 152

എന്നോ കേട്ടൂ മാഗധാധീശനാകും
മന്നോർമന്നശ്രീ ജരാസന്ധനേയും
കൊന്നൂ ഭീമൻ ഹന്ത! കൈയൂക്കിനാലെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 153

എന്നോ കേട്ടൂ ദിഗ്‌ജയത്തിങ്കൽ നാനാ-
മന്നോർവൎഗ്ഗം പാണ്ഡവന്മാരടക്കി
നന്നായ് ചെയ്തൂ രാജസൂയത്തെയന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 154

എന്നോ കേട്ടൂ ഹന്ത തീണ്ടാരിയായ് പ-
ട്ടൊന്നേ ചാൎത്തിക്കേണിടും കൃഷ്ണയാളെ
നിൎന്നാഥാഭം2 സഭയിൽ കൊണ്ടുവന്നെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 155

എന്നോ കേട്ടൂ ധൃൎത്തദുശ്ശാസനൻതാൻ
വങ്കൻ വസ്ത്രാക്ഷേപമങ്ങെത്ര ചെയ്തും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/24&oldid=204749" എന്ന താളിൽനിന്ന് ശേഖരിച്ചത്