താൾ:Bhashabharatham Vol1.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്വിജൻ ദ്വിപദരിൽ ശ്രേഷ്ഠൻ പശു നാല്ക്കാലിജാതിയിൽ
ഗരീയസ്സിൽ ഗുരു ശ്രേഷ്ഠൻ സ്പർശപോരിൽ വരൻ മകൻ. 58


അഴകേറുമിവൻ നിന്നെപ്പുല്കിക്കൊള്ളട്ടെ നിന്മകൻ
പുത്രസ്പർശാൽ സുഖം മറ്റില്ലത്രേ സ്പർശസുഖങ്ങളിൽ. 59

മൂന്നു വർഷം കഴിഞ്ഞിട്ടു പിന്നെപ്പെറ്റേനരിന്ദമ!
നിന്നാർത്തീതീർക്കാനുള്ളോരീ മന്നവേന്ദ്രകുമാരനെ. 60

നൂറശ്വമേധം ചെയ്വോനി വീരനെന്നയി പൗരവ!
ഇവനെപ്പെറ്റനാൾ വാനിലശരീരോക്തി കേട്ടുതേ. 61

ഗ്രാമാന്തരം പോയി വന്നോരാ മാനുഷർ കിടാങ്ങളെ
മടി കേറ്റിശിരസ്സിങ്കൽ നാറ്റി ലാളിച്ചുകൊള്ളുമേ. 62

പുത്രർതൻ ജാതകർമ്മത്തിൽ വിപ്രരീ വേദമന്ത്രവും
ചൊല്ലിപ്പോരുന്നിതിവിടെയ്ക്കറിവില്ലാത്തതല്ലതും: 63

“അംഗാദംഗാൽ സംഭവിപ്പൂ ഹൃദയാൽ സംഭവിപ്പൂ നീ
ആത്മാവല്ലോ പുത്രനാം നീയിനി നൂറ്റാണ്ടു വാഴ്ക നീ. 64

എൻ ജീവനും നിന്നധീനം ദീർഗ്ഘസന്താനവും പരം
എന്നാലെൻ പുത്ര, ജീവിച്ച സുഖം നൂറ്റാണ്ടു വാഴ്ക നീ.” 65

നിന്നംഗാലിവനുണ്ടായീ പുരുഷാൽ പുരുഷൻ പരൻ
സരസ്സിങ്കൽ ഛായപോലെ നോക്കിക്കാണ്കീക്കുമാരനെ. 66

ഗാർഹപത്യാലാഹവനീയാഗ്നീയുണ്ടായവണ്ണമേ
നിന്നിൽനിന്നിവനുണ്ടായി നീ താൻ രണ്ടായി നില്പവൻ. 67

നായാട്ടിങ്കൽ മൃഗത്തിൻപിൻപായസാൽ പാഞ്ഞണഞ്ഞനാൾ
അച്ഛന്റെയാശ്രമത്തിങ്കൽവെച്ചെന്നേ വേട്ടു നീ നൃപ! 68

കേളുർവ്വശീ പൂർവ്വചിത്തി സഹജന്യാഖ്യ മേനക
ഘൃതാചി വിശ്വാചിയെന്നീയപ്സരസ്ത്രീകൾ മുഖ്യമാർ. 69

ബ്രഹ്മയോനിയിതില്പെട്ടോരപ്സരോമണി മേനക
വിശ്വാമിത്രാൽ ജനിപ്പിച്ചൂ വിണ്ണിൽനിന്നിങ്ങു വന്നു മാം. 70

ആയെന്നെ ഹിമവൽപ്രസ്ഥത്തിങ്കൽ പെറ്റിട്ടു മേനക
കൈവിട്ടുപോന്നാളന്യന്റെ പുത്രിയെദ്ധൂർത്തതൻവിധം. 71

ഹന്ത!ഞാൻ പൂർവ്വജന്മത്തിലെന്തോ ചെയ്തിതു ദു‍ഷ്കതം.
ബാല്യേ ബന്ധുക്കൾ കൈവിട്ടുവല്ലോ നീയന്നുമിങ്ങനെ.72

അങ്ങുന്നുപേക്ഷിച്ചൊരു ഞാനങ്ങു പോകാം നിജാശ്രമം
എന്നാലങ്ങീ സ്വന്തപുത്രബാലനെക്കൈവിടൊല്ലെടോ. 73
ദുഷ്യന്തൻ പറ‌ഞ്ഞു
അറിയുന്നില്ല ഞാൻ നിന്നിൽ പുത്രോൽപത്തി ശകുന്തളേ!
അസത്യം പറയും സ്രീകളാരിതിൽ ശ്രദ്ധവെച്ചിടു? 74

വ്യഭിചാരിണി നിന്നമ്മ കൃപയില്ലാത്ത മേനക

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/233&oldid=156556" എന്ന താളിൽനിന്ന് ശേഖരിച്ചത്