താൾ:Bhashabharatham Vol1.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കണ്വൻ പറഞ്ഞു
സുകൃതത്തിൻ ചിഹ്നമുള്ളീശ്ശകുന്തളയെയിന്നുടൻ
സ്ത്രീകൾക്കു ബന്ധുഗേഹത്തിലാകാ പാർപ്പു പെരുത്തു നാൾ
കീർത്തിചാരിത്രധർമ്മഘ്നമത്രേ കൊണ്ടാക്കുവിൻ ക്ഷണം. 12

വൈശമ്പായനൻ പറഞ്ഞു
അവ്വണ്ണമെന്നാശ്ശിഷ്യന്മാരേവരും പുത്രനൊത്തഹോ!
ശകുന്തളയെ മുൻപാക്കി ഹസ്തിനാപുരി പൂകിനാർ. 13

ദേവപുത്രാഭനായ് പത്മനേത്രനാം പുത്രനൊത്തുടൻ
ആശ്രമ വിട്ടു ദുഷ്യന്തപാർശ്വം പുക്കിതു സുന്ദരി. 14

രാജാവിൻമുൻപിൽ മുൻകൂട്ടിയറിയിച്ചു കരേറിനാർ
ബാലസൂര്യാഭനായുള്ള ബാലനോടിടചേർന്നവൾ. 15

യാത്ര ചൊല്ലീട്ടാശ്രമത്തെയ്ക്കെത്തിനാരവരേവരും
മുറയ്ക്കു പൂജചെയ്തിട്ടങ്ങുരച്ചിതു ശകുന്തള. 16
                                                                                                                                                                        
ശകുന്തള പറഞ്ഞു
രാജൻ, ചെയ്കീപുത്രനങ്ങു യൗവരാജ്യാഭിഷേചനം
ദേവതുല്യൻ ഭവാനെന്നിലുണ്ടായ മകനാണിവൻ. 17
                                                                                                                                                                                                                                                                                                                          
മുൻ കരാർപോലെ ചെയ്താലുമിവനിൽ പുരുഷോത്തമ!
കണ്വാശ്രമത്തിങ്കൽവെച്ചിട്ടന്നെന്നോടുള്ള സംഗമേ 18

ചൊല്ലിവെച്ച കരാറങ്ങുന്നുള്ളിലോർക്കു മഹാമതേ!
വൈശമ്പായനൻ പറഞ്ഞു
ആ രാജാവവൾ ചൊല്ലും വാക്കേവം കേട്ടോർത്തുവെങ്കിലും 19

ചൊന്നാ"നെനിക്കോർമ്മയില്ല നീയേതോ ദുഷ്ടതാപസി.
ധർമ്മകാമാർത്ഥസംബന്ധമോർമ്മയില്ലിങ്ങു നീയുമായ് 20

പോകയോ നിൽക്കയോയെന്തു മോഹമായതു ചെയ്ക നീ.”
ഏവം ചൊന്നപ്പൊൾ നാണിച്ചു പാവമാമാത്തപസ്വിനി 21

കേണു മോഹിച്ചു ദു:ഖത്താൽ തൂണുപോലങ്ങു നിന്നുപോയ്.
ചൊടിച്ചു കൺചുവന്നിട്ടു ചൊടി വീണ്ടും വിറച്ചവൾ 22

കടക്കൺ ചാച്ചരചനെച്ചുടുമാമ്മാറു നോക്കിനാൾ.
ആകാശത്തെ മറച്ചിട്ടുമാകുലം മന്യുവാർന്നുമേ 23

തപസ്സംഭൃതമാം* തേജസ്സവളപ്പോളടക്കിനാൾ.
മുഹൂർത്തം ധ്യാനമായ് നിന്നിട്ടഹോ! ദു:ഖച്ചൊടിപ്പെടും 24

ഭർത്താവിനെപ്പാർത്തു പാരം ക്രുദ്ധയായവളോതിനാൾ.
ശകുന്തള പറഞ്ഞു
അറി‍ഞ്ഞുംകൊണ്ടുമെന്തേവമരുൾചെയ്യുന്നു ഭൂപതേ! 25

അറിയില്ലെന്നുറപ്പിച്ചു വെറും നാടന്റെ മാതിരി?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/230&oldid=156553" എന്ന താളിൽനിന്ന് ശേഖരിച്ചത്