മിക്കപേരും ചത്ത രാജ്യം കൈക്കൊണ്ടാർ പാണ്ഡുനന്ദനർ.
ശ്ലാഘ്യന്മാരാമവർക്കുള്ളോരാക്കഥക്രമമിങ്ങനെ
അന്തച്ഛിദ്രം രാജ്യനാശം ജയവും വിജയപ്രിയ! 53
62 മഹാഭാരതപ്രശംസ
മഹാശക്തന്മാരും ബുദ്ധിമാന്മാരും ആയ പാണ്ഡവന്മാർ അത്രയധികം കഷ്ടപ്പാടുകൾ അനുഭവിക്കാൻ ഇടയായതെങ്ങനെയാണെന്നും മറ്റും വിസ്തരിച്ചു പറയണമെന്നു ജനമേജയൻ ആവശ്യപ്പെട്ടപ്പോൾ, കഥയിൽ പ്രവേശരക്കുന്നതിന്റെ പ്രാരംഭമായി വൈശമ്പായനൻ മഹാഭാരതകഥയുടെ മാഹാത്മ്യം പ്രകീർത്തിക്കുന്നു.
ജനമേജയൻ പറഞ്ഞു
പറഞ്ഞിതു ഭവാനേറ്റം ചുരുക്കി ദ്വിജസത്തമ!
കൗരവന്മാർകഥ മഹാഭാരതം പെരുത്തമം. 1
പറഞ്ഞാലും വിചിത്രാർത്ഥം നിറഞ്ഞോലുന്നൊരീക്കഥ
വിസ്തരിച്ചിതു കേൾപ്പാനുണ്ടെത്രയോ മമ കൗതുകം. 2
പൂജ്യനങ്ങിതു വിസ്താരപ്രാജ്യമായരുളേണമേ
തൃപ്തിയാകുന്നീല പൂർവ്വവൃത്തം കേട്ടതുമേ മമ. 3
ചെറുതാകില്ലിതിന്മൂലം പുരുധർമ്മിഷ്ഠർ പാണ്ഡവർ
കൊന്നാരവദ്ധ്യരേ ലോകരെന്നാൽ വാഴ്ത്തുന്നിതായതും. 4
കുറ്റമറ്റൊരു കൗന്തേയരേറ്റവും ശക്തരെങ്കിലും
ദുഷ്ടവൈരികൃതം കഷ്ടാരിഷ്ടമെന്തേ സഹിക്കുവാൻ? 5
പതിനായിരമാനയ്ക്കുമെതിർശക്തൻ വൃകോദരൻ
പൊറുത്തതെങ്ങനെയരിപരിക്ലേശം* ദ്വിജോത്തമ? 6
ദുഷ്ടർ ദു:ഖപ്പെടുത്തീട്ടും ശിഷ്ടയാം സതി പാർഷതി
കടുനോട്ടത്തിലന്നെന്തേ ചൂടാഞ്ഞു ധാർത്തരാഷ്ട്രരെ? 7
ദ്യൂതവ്യസനിയെക്കുന്തീപുത്രർ മാദ്രികുമാരരും
ദുഷ്ടബാധ പൊറുത്തന്നു പിൻതുടർന്നതുമെങ്ങനെ? 8
ധർമ്മഭൃൽപ്രവരൻ സാക്ഷാൽ ധർമ്മജൻ ധർമ്മവിത്തമൻ
സഹിച്ചതെങ്ങനെയനർഹനീ ക്ലേശം യുധിഷ്ഠരൻ? 9
പിന്നെപ്പെരുമ്പടയെയാപ്പാണ്ഡവൻ കൃഷ്ണസാരഥി
ധനഞ്ജൻ ബാണമെയ്തു തനിയേ കൊന്നതെങ്ങനെ? 10
ഇതെല്ലാമെന്നോടോതേണം നടന്നപടി മാമുനേ!
ആ മഹാരഥരെന്തെല്ലാമന്നന്നേ ചെയ്തുവെന്നതും. 11
വൈശമ്പായനൻ പറഞ്ഞു
മഹാരാജാ, മനംവെയ്ക്ക മഹത്താമീയനുക്രമം