താൾ:Bhashabharatham Vol1.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹന്ത! തക്ഷകനാത്തീയിലെന്തേ വീഴാതിരിക്കുവാൻ? 4

സൂതൻ പറഞ്ഞു
പെട്ടന്നിന്ദ്രൻ വിട്ടു ബോധം കെട്ടുഴന്നഹിയോടുടൻ
ആസ്തീകൻ നില്ക്കനില്ക്കെന്നു പേർത്തും മൂന്നുരു ചൊല്ലിനാൻ. 5

അന്തരീക്ഷത്തുള്ളുഴന്നു ഹന്ത! നിന്നിതു തക്ഷകൻ
സ്വർഗ്ഗഭൂലോകമദ്ധ്യത്തിൽ നില്ക്കും മർത്ത്യൻ കണക്കിനെ. 6

അപ്പോഴങ്ങു സദസ്യോക്തി കേൾപ്പോരാ നരനായകൻ
കല്പിച്ചിതാസ്തീകാഭീക്ഷമുറപ്പിച്ചേനേവമെന്നുടൻ: 7

എന്നാൽ ക്രിയ മുടിച്ചാലും, പന്നഗങ്ങൾക്കനാമയം
സന്തോഷിക്കട്ടെയാസ്തീകൻ, സത്യമസ്സൂ തവാക്കുമാം.' 8

ഉടൻ ഹലഹലാശബ്ദം തുടർന്നൂ ഹർഷസൂചനം
ആസ്തീകന്നു വരം നല്കിയപ്പോഴേ നിന്നിതങ്ങനെ, 9

പാണ്ഡമേയമഹീപാലപാരീക്ഷിതമഹാമഖം
പാരം പ്രസന്നനായ് ഭ്രപൻ ഭാരതൻ ജനമേജയൻ. 10

ഋത്വിക്കുകൾക്കും സഭ്യർക്കും പേർത്തും മറ്റുള്ളവർക്കുമേ
വിത്തം കൊടുത്തു നൃപതി പത്തും നൂറും സഹസ്രവും. 11

ലോഹിതാക്ഷാഖ്യനാം സൂതസ്ഥപതിക്കും മഹാപ്രഭു
അവനല്ലോ സർപ്പസത്രമവനീസുരകാരണാൽ 12

മുടങ്ങുമെന്നാദ്യമോതീ, കൊടുത്തിതവനേറ്റവും
അന്നവസ്ത്രാദിസഹിതം മന്നവേന്ദ്രൻ മഹാധനം, 13

അവനിൽ പ്രീതനായ് രാജാവവനത്ഭുതവിക്രമൻ;
പിന്നെച്ചെയ്താനവഭൃഥം മന്നവൻ വിധിയാംവിധം. 14

ഉടൻ കൃതാർത്ഥനായ് പ്രീതിപ്പെട്ടുമാസ്തീകവിപ്രനെ
സൽക്കരിച്ചു ഗൃഹത്തേയ്ക്കയച്ചൂ മാനിച്ചു മന്നവൻ. 15

വരേണമെൻ വാജിമേധാദ്ധ്വാരമുണ്ടാമതിൽ ഭവാൻ
സദസ്യനാവേണമെന്നും പൃഥിവിപതീയോനാൻ 16

കൊണ്ടാടിയാവാമെന്നേറ്റു മണ്ടിയാസ്തീകനും രസാൽ
സ്വന്തം കാര്യം ഫലിപ്പിച്ചു സന്തോഷിപ്പിച്ചു മന്നനെ. 17

സമ്മോദാൽ പോന്നമ്മയേയുമമ്മാമനെയുമായവൻ
ചെന്നു വന്ദിച്ചു വൃത്താന്തം നന്ദിച്ചെല്ലാമുണർത്തിനാൻ. 18

ഇമ്മട്ടെല്ലാം കേട്ടുടൻ നന്ദിചേർന്നാ
വ്യാമോഹം തീർന്നുള്ള നാഗങ്ങളെല്ലാം
ആസ്തീകങ്കൽ പ്രീതി കൈക്കൊണ്ടു ചൊന്നാ-
'രാസ്ഥയ്ക്കൊത്തോരിഷ്ടവരം വരിക്കൂ 19

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/175&oldid=156491" എന്ന താളിൽനിന്ന് ശേഖരിച്ചത്