താൾ:Bhashabharatham Vol1.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധനുർവ്വേദത്തിലനാക് കൃപാചാര്യന്റെ ശിഷ്യനാം
കണ്ണനും പ്രിയമാർന്നാനാ നിന്നച്ഛൻ ജനമേജയ! 13

എല്ലാർക്കുമിഷ്ടനായ് വാണു ചൊല്ലാർന്ന നൃപനായവൻ
കുരുവംശം ക്ഷയിപ്പോതുത്തരയിങ്കൽ പിറന്നവൻ 14

പരീക്ഷിത്തെന്നു പേരാണ്ടോൻ പരം സൗഭദ്രനന്ദൻ.
രാജധർമ്മാത്ഥകുശലൻ രാജസർവ്വഗുണോജ്ജ്വലൻ 15

ജിതേന്ദ്രിയൻ ബുദ്ധിശാലി മേധാവാൻ ധർമ്മതൽപരൻ,
ഷഡ്വർഗ്ഗജിത്തു സദ്ബുദ്ധി നീതിശാസ്ത്രജ്ഞനുത്തമൻ 16

നിൻ താതനീ പ്രജകളെക്കാത്താനറുപതാമാണ്ടിഹ.
അവസാനിച്ചു പിന്നീടങ്ങേർക്കും ദുഃഖമാംവിധം 17

പിന്നെ നീയേറ്റു ധർമ്മാലീ മന്നിടം പുരുഷർഷഭ!
ഈ രാജ്യമായിരത്താണ്ടു ഭരിക്കുക കുലക്രമാൽ 18

ബാല്യത്തിലഭിഷിക്തൻ നീയെല്ലാർക്കുമൊരു പാലകൻ.
ജനമേജയൻ പറഞ്ഞു
ഉണ്ടായതില്ലീക്കുലജാതരാരും

പ്രജാപ്രിയം ചെയ്തവർ രഞ്ജിയാതെ
വിശിഷ്യ സദ് വൃത്തവിശേഷമുള്ള
പിതാമഹന്മാർചരിതം നിനയ്ക്കേ. 19

അവ്വണ്ണം വാണൊരെന്നച്ഛനെവ്വണ്ണം മൃതനായഹോ!
അതു ചൊൽവിൻ മുറയ്ക്കിങ്ങുണ്ടതു കേൾപ്പാനൊരാഗ്രഹം 20
 സൂതൻ പറഞ്ഞു
നൃപനിങ്ങനെ ചോദിച്ച നൃപമന്ത്രികളേവരും
പറഞ്ഞു നൃപനോടായിപ്പരം പ്രിയഹിതൈഷികൾ. 21

മന്ത്രികൾ പറഞ്ഞു
സർവ്വപൃത്ഥ്വീശ്വരനവൻ സർവ്വശാസ്ത്രവിചക്ഷണൻ
നായാട്ടിൽ പ്രിയനായ്ത്തീർന്നിതയി നിൻ ജനകൻ പ്രഭോ! 22
വില്ലാളിവീരപ്രവരൻ ചൊല്ലാളും പാണ്ഡുവിൻപടി
പാരം ഞങ്ങളിലീ രാജ്യഭാരമൊക്കെയണച്ചവൻ, 23

ഒരിക്കൽ കാട്ടിൽ നായാട്ടിലൊരു മാനിനെയ്തുതേ.
അമ്പേറ്റു പായും മാനിന്റെ പിൻപേ പാഞ്ഞു മഹാവനേ 24

കുലവില്ലും തുണിയുമായ് വാളേന്തിക്കാൽനടയ്ക്കുടൻ.
കണ്ടെത്തീലാക്കൊടുങ്കാട്ടിൽ നിന്നച്ഛൻ പാഞ്ഞ മാനിനെ 25

ക്ഷീണിച്ചുപോയ് വൃദ്ധനറുപതു ചെന്ന ജരാന്വിതൻ.
വീണ്ടും വിശന്നോനാക്കാട്ടിൽ കണ്ടാനൊരു മഹർഷിയെ 26

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/157&oldid=156473" എന്ന താളിൽനിന്ന് ശേഖരിച്ചത്