തെളിഞ്ഞുവെന്നാൽ ശാപാർത്തി കളഞ്ഞീടും നമുക്കുടൻ
അശ്വകപുച്ഛം കറുപ്പാക്കിവെച്ചീടണമസംശയം” 2
എന്നുരച്ചാക്കുതിരവാലിന്നു രോമങ്ങളായിനാർ.
ഇതിന്നിടെപ്പന്തയം വെച്ചതിൽപ്പിന്നെസ്സപത്നികൾ 3
ഒരുമിച്ചാസ്സോദരികളിരുപേർ വാതു തീർക്കുവാൻ
പരം പ്രീത്യാ വാരിധിതൻ പരമാം പാരമെത്തിനാർ. 4
കദ്രൂ വിനതമാർ ദക്ഷപുത്രിമാരംബരംവഴി
കണ്ടിതക്ഷോഭ്യഭാവം കൈക്കൊണ്ടിടും കടലിങ്ങനെ 5
കാറ്റു തട്ടീട്ടു വല്ലാതെയേറ്റലഞ്ഞാർത്തുകൊണ്ടുമേ
ഘോരാധൃഷ്യഗഭീരാതിഭൈരവത്വമിയന്നുമേ, 6
പുരുരത്നം വിളഞ്ഞാണ്ടു വരുണൻ വാണുകൊണ്ടുമേ
നാഗങ്ങൾ കുടികൊണ്ടും പാടാകും പുഴകൾ പൂണ്ടുമേ, 7
പാതാളവഹ്നിയുൾക്കൊണ്ടും ദൈവതാവാസമാണ്ടുമേ
ഭീമസത്വങ്ങളും പാഥസ്തോമവും പൂണ്ടുകൊണ്ടുമേ, 8
ശുഭമായമരർക്കായിട്ടമൃതുൾക്കൊണ്ടുകൊണ്ടുമേ
അപ്രമേയാചിന്ത്യമായി നൽ പുണ്യാംബു തിരണ്ടുമേ, 9
അങ്ങുമിങ്ങും പല പുഴ ഭംഗിയിൽ ചെന്നുചേർന്നുമേ
ഉള്ളം പൂരിച്ചു തിരയാൽ തള്ളുന്ന കടൽ കണ്ടുതേ. 10
ഇമ്മട്ടിൽ തിരകളുലഞ്ഞലഞ്‍ഞുകൊണ്ടും
ഗംഭീരം വിരിവെഴുമംബരാഭ പൂണ്ടും
പാതാളജ്ജ്വലനശിഖാപ്രകാശമാണ്ടും
ഗർജ്ജിക്കും കടലവർ ചെന്നടുത്തു കണ്ടു. 11
23.സൗപർണ്ണം -വിനതയുടെ ദാസ്യം
കദ്രുവും വിനതയുംകൂടി ഉച്ചൈഃശ്രവസ്സിനെ ചെന്നു കാണുന്നു. കുതിരയുടെ വാലിൽ കറുത്ത പാടു കണ്ടതിനാൽ പന്തയത്തിൽ തോറ്റുപോയ വിനത സപത്നിയായ കദ്രുവിന്റെ ദാസിയായിത്തീരുന്നു. ഗരുഡന്റെ ജനനവും ദേവന്മാരുടെ ഗരുജസ്തുതിയും.
അക്കടൽക്കക്കരെക്കദ്രു വെക്കം വിനതയൊത്തഹോ!
ചൊല്ക്കൊണ്ടീടുന്നശ്വമങ്ങു നില്ക്കും ദിക്കെത്തി വിദ്രുതം. 1
പിന്നെയശ്വശ്രേഷ്ഠനേയും ചെന്നു കണ്ടീടിനാരവർ
ചന്ദ്രശ്രീശുഭവർണ്ണത്തി,ലെന്നാൽ വാലു കറുത്തുതാൻ. 2
വാലിലൊട്ടേറെ രോമങ്ങൾ നീലമായ്ക്കണ്ടുകൊണ്ടതിൽ
ഉൾത്തപിക്കും വിനതയെക്കദ്രു ദാസ്യത്തിനാക്കിനാൾ. 3